രാഹുലിനെയും സംഘത്തെയും ശ്രീനഗറിൽ തടഞ്ഞു
Sunday, August 25, 2019 1:06 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീർ സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സിപിഎം, ഡിഎംകെ, എൻസിപി തുടങ്ങി എട്ടു പ്രതിപക്ഷ പാർട്ടികളിലെ പതിനൊന്ന് നേതാക്കളാണ് ഇന്നലെ ശ്രീനഗറിൽ എത്തിയത്.
കാഷ്മീരിലെ സ്ഥിതിഗതികൾ നേരിട്ടു മനസിലാക്കാൻ നേരത്തേ ഗവർണർ സത്യപാൽ മാലിക് രാഹുലിനെ ക്ഷണിച്ചിരുന്നു. കാഷ്മീരിൽ പൗരസ്വാതന്ത്ര്യം അടിച്ചമർത്തുന്നു എന്ന അഭിപ്രായത്തിനു പ്രതികരണമായി ആയിരുന്നു ഗവർണറുടെ ക്ഷണം. ഇതു സ്വീകരിച്ച രാഹുൽ കാഷ്മീരിൽ എത്തുമെന്ന് അറിയിക്കുകയായിരുന്നു.
എന്നാൽ, ഗവർണർ ക്ഷണം പിന്നീടു പിൻവലിച്ചെങ്കിലും രാഹുലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ കാഷ്മീരിലേക്കു പോകാൻ തീരുമാനിക്കുകയായിരുന്നു. സീതാറാം യെച്ചൂരി, ഗുലാംനബി ആസാദ്, ഡി. രാജ, ശരദ് യാദവ്, മനോജ് ഝാ, മജീദ് മേമൻ തുടങ്ങിയവരാണ് സംഘത്തിൽലുണ്ടായിരുന്നത്. ശ്രീനഗറിൽ എത്തിയ ഇവർക്കു മാധ്യമങ്ങളെ കാണാനും അനുമതി നൽയില്ല.