കേരളത്തിൽ മൺസൂൺ സുലഭമാകും
Wednesday, April 17, 2019 12:55 AM IST
ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തെക്കു പടിഞ്ഞാറൻ മണ്‍സൂണിൽ മഴ സുലഭമായി ലഭിക്കുമെന്നു ഇന്ത്യൻ കാലാവസ്ഥാവകുപ്പ്. എന്നാൽ, കഴിഞ്ഞ വർഷത്തെപ്പോലെ കേരളത്തിൽ പ്രളയം ഉണ്ടാകുമോ എന്നു ഇപ്പോഴേ പറയാനാകില്ലെന്നു കേന്ദ്ര ഭൗമമന്ത്രാലയം അറിയിച്ചു. ശരാശരി മഴയുടെ 96 ശതമാനം ലഭിക്കു മെന്നാണു പ്രവചനം.
കാലാവസ്ഥയിൽ മാറ്റം വരുത്താൻ സാധ്യതയുള്ള എൽ നിനോ പ്രതിഭാസം പസഫിക് സമുദ്രത്തിൽ രൂപപ്പെട്ടിട്ടുണ്ട്. ഇത് ജൂലൈ മാസത്തോടെ ദുർബലമാകുകയും കേരളത്തിൽ ഉൾപ്പെടെ കനത്ത മഴ ലഭിക്കുകയും ചെയ്യുമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയ സെക്രട്ടറി എം. രാജീവൻ പറഞ്ഞു. എന്നാൽ, എൽ നിനോ പ്രഭാവം മൂലം കാലവർഷം കേരളത്തിൽ വൈകാൻ ഇടയുണ്ട്. മേയ് അവസാനത്തോടെ കേരളത്തിൽ ചൂട് കുറയുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പൊതുവേ കൃഷി ക്ക്് അനുകൂലമായ വിധത്തിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. ജൂണ്‍ ആദ്യ ആഴ്ചയോടെ തന്നെ മഴ ലഭിച്ചു തുടങ്ങും.