യുഡിഎഫ് ജനപ്രതിനിധികൾ രാജ്ഭവനു മുന്നിൽ സത്യഗ്രഹ സമരം നടത്തും
Wednesday, March 29, 2023 12:42 AM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ യുഡിഎഫ് കക്ഷി നേതാക്കളും ജനപ്രതിനിധികളും ഏപ്രിൽ അഞ്ചിന് രാജ്ഭവനു മുന്നിൽ സത്യഗ്രഹം അനുഷ്ഠിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പാർലമെന്റ് സമ്മേളിച്ചില്ലെങ്കിൽ എംപിമാരും സമരത്തിൽ പങ്കെടുക്കും. പാർലമെന്റ് സമ്മേളനമുണ്ടെങ്കിൽ എംഎൽഎമാരും കക്ഷിനേതാക്കളുമാകും സമരത്തിനുണ്ടാകുക. ഡൽഹിയിലെ സമരത്തിൽനിന്നു ചില കോണ്ഗ്രസ് എംപിമാർ മുങ്ങിയെന്ന ആരോപണം ശരിയല്ല. ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെയാണു കേരളത്തിലെ മൂന്നു കോണ്ഗ്രസ് എംപിമാർ ഇവിടെയെത്തിയത്. വൈക്കം സത്യഗ്രഹ ജാഥയുടെ ഭാഗമായാണ് ഇവർ എത്തിയത്.
ബിജെപി ഇതര സർക്കാരുകളെ ദ്രോഹിക്കാൻ കേന്ദ്ര ഏജൻസികൾ കള്ളക്കേസ് എടുക്കുന്നുണ്ടെന്ന ആരോപണത്തിൽ കോണ്ഗ്രസ് ഉറച്ച് നിൽക്കുന്നു. എന്നാൽ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്.
കേന്ദ്ര ഏജൻസികൾ കേരളത്തിലെ സിപിഎമ്മുമായി ഒത്തുചേർന്നുവെന്നാണ് യുഡിഎഫിന്റെ ആരോപണം. ഇപ്പോൾ രാഹുൽ ഗാന്ധിയുടെ ചെലവിൽ രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയും കൂട്ടരും നടത്തുന്നത്. ഫേസ്ബുക്കിലെ പ്രതിഷേധം 24 മണിക്കൂർ മാത്രമേ നീണ്ടുനിന്നുള്ളൂ. അതു കഴിഞ്ഞപ്പോൾ രാഹുൽ ഗാന്ധിയെ തള്ളിപ്പറഞ്ഞതായും സതീശൻ ആരോപിച്ചു.