കടൽക്ഷോഭം: റിപ്പോർട്ടിൽ അതൃപ്തി പ്രകടിപ്പിച്ച് ന്യൂനപക്ഷ കമ്മീഷൻ
Wednesday, July 9, 2025 6:44 AM IST
തിരുവനന്തപുരം: തലസ്ഥാനത്തെ തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് സർക്കാർ വകുപ്പുകളുടെ നടപടികളിലെ അപര്യാപ്തതയിൽ സ്വമേധയാ എടുത്ത കേസിൽ ജില്ലാ കളക്ടർ, തിരുവനന്തപുരം തഹസിൽദാർ, ഫിഷറീസ് ഡയറക്ടർ, സിറ്റി പോലീസ് കമ്മീഷണർ എന്നിവർ സമർപ്പിച്ച റിപ്പോർട്ടുകളിൽ അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ്.
കടൽക്ഷോഭത്തിൽ തീരദേശവാസികൾക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും പുനരധിവാസ പ്രവർത്തനങ്ങളെക്കുറിച്ചും ശക്തമായ കടൽക്ഷോഭം നേരിട്ട സമയത്ത് അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന പ്രദേശവാസികളുടെ പരാതിയെ സംബന്ധിച്ചും റിപ്പോർട്ടുകളിൽ പരാമർശിച്ചിട്ടില്ലാത്തതിനാലാണ് കമ്മീഷൻ ആസ്ഥാനത്ത് നടന്ന പ്രത്യേക സിറ്റിംഗിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തിയത്. പൂന്തുറ മുതൽ വലിയതുറ വരെയുള്ള തീരസംരക്ഷണത്തിനായി ജിയോ ട്യൂബ് ഉപയോഗിച്ച് ഓഫ് ഷോർ ബ്രേക്ക് വാട്ടർ നിർമിക്കുന്നതിന് 150 കോടി രൂപയുടെ പദ്ധതി കിഫ്ബി വഴി നടപ്പിലാക്കുന്നതിനായി സർക്കാർ അംഗീകാരം ലഭിച്ചതായും പദ്ധതി ഉടൻതന്നെ ആരംഭിക്കുന്നതാണെന്നും ഫിഷറീസ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു.
കടലാക്രമണത്തെ തുടർന്ന് തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും സുരക്ഷയ്ക്കും തീരസംരക്ഷണത്തിനും വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അനുകൂല കാലാവസ്ഥ ലഭ്യമാകാത്തതിനാൽ പ്രവൃത്തികൾ തടസപ്പെട്ടിരിക്കുകയാണെന്നും അനുകൂല കാലാവസ്ഥയിൽ പ്രവൃത്തികൾ പുനരാരംഭിക്കുന്നതാണെന്നും അധികൃതർ കമ്മീഷനെ രേഖാമൂലം അറിയിച്ചു.
പ്രദേശവാസികളുടെ സുരക്ഷയ്ക്കും തീരസംരക്ഷണത്തിനും സ്വീകരിച്ച നടപടികൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് അടുത്ത സിറ്റിംഗിൽ സമർപ്പിക്കുവാൻ കമ്മീഷൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.