സര്‍ക്കാര്‍ ആശുപത്രികളുടെ നിലവാരം: വിശദാംശങ്ങള്‍ തേടി കോടതി
Wednesday, July 9, 2025 6:53 AM IST
കൊച്ചി: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെയും സര്‍ക്കാര്‍ ആശുപത്രികളുടെയും പ്രവര്‍ത്തന നിലവാരം ഉറപ്പുവരുത്താന്‍ നടത്തുന്ന പരിശോധനകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്കി.
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നിശ്ചിത ഇടവേളകളില്‍ കൃത്യമായ നിലവാര പരിശോധന നടക്കുന്നുണ്ടോയെന്ന് ആരാഞ്ഞ ശേഷമാണു ചീഫ് ജസ്റ്റീസ് നിധിന് ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയത്.
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളടക്കമുളള ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനവും കാര്യക്ഷമമായ നടത്തിപ്പും ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി ജി. സാമുവല്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെട്ടിടം ഇടിഞ്ഞുവീണ് ഒരു സ്ത്രീ മരിച്ചതടക്കം ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപകരണങ്ങളും ശുചിത്വവും ഉറപ്പാക്കണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തില്‍ പരിശോധനകള്‍ സംബന്ധിച്ച് എന്താണു പരാമര്‍ശിച്ചിട്ടുള്ളതെന്ന് ഇന്നലെ ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചു.