‘മഞ്ഞുമ്മല്‍ ബോയ്സ്’സാമ്പത്തിക തട്ടിപ്പുകേസ്: സൗബിന് ഷാഹിറിനെ വീണ്ടും ചോദ്യം ചെയ്യും
Wednesday, July 9, 2025 6:44 AM IST
മരട്: ‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പുകേസില്‍ നടന് സൗബിന് ഷാഹിറിനെ വീണ്ടും ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് സൗബിന് ഹാജരാക്കിയ രേഖകള്‍ അപര്യാപ്തമാണെന്നാണു പോലീസിന്റെ വിശദീകരണം.
ഈ സാഹചര്യത്തില്‍ സൗബിനെയും സിനിമയുടെ സഹനിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്റെ പിതാവ് ബാബു ഷാഹിര്‍ എന്നിവരെയും വീണ്ടും ചോദ്യം ചെയ്യും. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ഇന്നലെ മൂവരും മരട് പോലീസ് സ്റ്റേഷനില്‍ വീണ്ടും ചോദ്യം ചെയ്യലിനു ഹാജരായി. ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴു കോടി രൂപ തട്ടിയെടുത്തെന്ന അരൂര്‍ സ്വദേശിയുടെ പരാതിയിലാണു കേസ്.
അതേസമയം, പരാതിക്കാരനു ലാഭവിഹിതം നല്കാന് തങ്ങള്‍ തയാറായിരുന്നുവെന്ന് ചോദ്യം ചെയ്യലിനു ഹാജരാകവേ സൗബിന് മാധ്യമങ്ങളോട് പറഞ്ഞു. കണക്കുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്. ഇനി നിയമപരമായിത്തന്നെ തീരുമാനിക്കട്ടെ. മുടക്കുമുതല്‍ മുഴുവന്‍ കൊടുത്തിട്ടുണ്ട്. ബാക്കിയുള്ള കണക്കിന്റെ കാര്യങ്ങളാണു നോക്കുന്നത്. ലാഭം മാറ്റിവച്ചിട്ടുണ്ട്. പക്ഷേ അവര്‍ പറയുന്ന കണക്കുകള്‍ കൃത്യമല്ല. കോടതിയില്‍ അവര്‍ പോയതല്ലേ. അവരായിട്ടു തീരുമാനിക്കട്ടെ. എല്ലാത്തിനും കണക്കുകളുണ്ട്. എല്ലാവരുടെയും കൂടെ സഹകരിക്കാന്‍ ഞങ്ങള്‍ തയാറാണെന്നും സൗബിന് പറഞ്ഞു. കേസില്‍ തിങ്കളാഴ്ച മൂവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
സാമ്പത്തിക തട്ടിപ്പെന്ന പരാതിയില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് മുമ്പ് രണ്ടുതവണ നോട്ടീസ് നല്‍കിയെങ്കിലും മുന്‍കൂര്‍ ജാമ്യം തേടി സൗബിനും സഹനിര്‍മാതാക്കളും ഹൈക്കോടതിയെ സമീപിച്ചിരുന്നു. മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നു നിരീക്ഷിച്ച കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുകയായിരുന്നു. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മൂവരും കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് സ്റ്റേഷനില്‍ ഹാജരായത്.
‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ ലാഭത്തിന്റെ 40 ശതമാനം നല്‍കാമെന്നു പറഞ്ഞ് ഏഴു കോടി രൂപ കൈപ്പറ്റിയതിനുശേഷം കബളിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി അരൂര്‍ വലിയവീട്ടില്‍ സിറാജാണ് മരട് പോലീസില്‍ പരാതി നല്‍കിയത്. മുടക്കിയ ഏഴു കോടി രൂപയോ ലാഭവിഹിതമോ തിരിച്ചുനല്‍കിയില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇതില്‍ അന്വേഷണത്തിന് എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരേ ചുമത്തിയത്.