നിമിഷപ്രിയ: പ്രതീക്ഷ ഇനി ബ്ലഡ്മണിയിൽ
Wednesday, July 9, 2025 6:44 AM IST
പാലക്കാട്: കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടു യെമനിൽ ജയിലിൽ കഴിയുന്ന കൊല്ലങ്കോട് സ്വദേശിനി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഉറപ്പായതോടെ ഇനി ബ്ലഡ് മണിയിൽമാത്രമാണു പ്രതീക്ഷ. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനു ദയാധനം നൽകി ശിക്ഷ ഒഴിവാക്കാനുള്ള അവസാന ശ്രമമാണിത്.
കൊല്ലപ്പെട്ട യെമന്‍ പൗരന് തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ ഫലംകാണാതെ വന്നതോടെയാണു ശിക്ഷ നടപ്പാക്കുന്നത്. വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു. ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് പ്രേമകുമാരി യെമനിലെത്തി മകളെ കണ്ടത്.
വധശിക്ഷയ്ക്കെതിരേയുള്ള നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളിയതിനെത്തുടര്‍ന്ന് യെമന്‍ പ്രസിഡന്റിനു ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അതും തള്ളുകയായിരുന്നു. ദയാധനം നല്‍കിയുള്ള ഒത്തുതീര്‍പ്പിന് നീക്കം നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല.