ചാരുപാറ രവി അന്തരിച്ചു
Wednesday, July 9, 2025 6:44 AM IST
വിതുര: പ്രമുഖ, ട്രേഡ് യൂണിയൻ നേതാവും രാഷ്ട്രീയ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റുമായ ചാരുപാറ രവി (77) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു വീട്ടുവളപ്പിൽ നടക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പതിനെട്ടാം വയസിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായിട്ടായിരുന്നു രാഷ്ട്രീയത്തിൽ തുടക്കം.
വിദ്യാഭ്യാസകാലത്ത് ഐഎസ്ഒയുടെ ഭാരവാഹിയായിരുന്നു. ജനതാപാർട്ടി മുതലുള്ള ജനതാദൾ പ്രസ്ഥാനങ്ങളുടെ ജില്ലാ, സംസ്ഥാന ഭാരവാഹിയായും നാഷണൽ കൗൺസിൽ അംഗമായും എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചു.
തൊഴിലാളി നേതാവ് എന്ന നിലയിൽ തോട്ടം മേഖലയിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. 1980ൽ ജനതാ പാർട്ടി സ്ഥാനാർഥിയായി ആര്യനാട് നിന്നും 1996 നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ നിന്നും 2009ൽ നേമം നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേയ്ക്ക് മത്സരിച്ചു. 1990ൽ റബ്ബർ ബോർഡ് വൈസ് ചെയർമാനായി. 1996ൽ കെഎസ്ആർടിസി ഡയറക്ടർ ബോർഡംഗം, 1999ൽ ദേവസ്വം ബോർഡംഗം, 2012 മുതൽ 2016 വരെ കാംകോ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ശ്യാമളകുമാരി. മക്കൾ: സി. ആർ. അരുൺ, സി. ആർ. ആശ, സി. ആർ. അർച്ചന. മരുമക്കൾ: നിഷ, ശ്രീകുമാർ, സജികുമാർ.