മാർ അപ്രേം മെത്രാപ്പോലീത്ത കാലംചെയ്തു
Tuesday, July 8, 2025 2:24 AM IST
തൃശൂർ: അരനൂറ്റാണ്ടിലേറെക്കാലം പൗരസ്ത്യ കൽദായ സുറിയാനിസഭയുടെ ഭാരതത്തിലെ അധ്യക്ഷനായിരുന്ന മാർ അപ്രേം മെത്രാപ്പോലീത്ത(85) കാലംചെയ്തു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തൃശൂരിലെ സണ്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 9.45നായിരുന്നു അന്ത്യം.
സണ്‍ ആശുപത്രിയിൽനിന്നു തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഇന്നലെ ഉച്ചയോടെ എത്തിച്ച മൃതദേഹം എംബാം ചെയ്തശേഷം സഭയുടെ ആസ്ഥാനമായ തൃശൂർ ശക്തൻനഗറിലെ അരമനയിലെത്തിച്ചു. തുടർന്നു മാർത്ത്മറിയം വലിയപള്ളിയിൽ പൊതുദർശനത്തിനു വച്ചപ്പോൾ അന്ത്യാഞ്ജലിയർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ എത്തിച്ചേർന്നു. ഇന്നും നാളെയും പൊതുദർശനം തുടരും. സംസ്കാരം വ്യാഴാഴ്ച നടക്കും.
വ്യാഴാഴ്ച രാവിലെ ഏഴിനു കുർബാന, 10നു ശുശ്രൂഷ, 11നു നഗരികാണിക്കൽ. ഒരുമണിക്ക് കുരുവിളയച്ചൻപള്ളിയിൽ സംസ്കാരശുശ്രൂഷ എന്നിവ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് അനുശോചനസമ്മേളനവും നടക്കും.
സംസ്കാരച്ചടങ്ങിൽ ഓസ്ട്രേലിയയിൽനിന്നും മറ്റു സിനഡുകളിൽനിന്നുമുള്ള പ്രതിനിധികൾ എത്തിച്ചേരുമെന്ന് സഭാധ്യക്ഷൻ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു. കൽദായ സുറിയാനിസഭ ആഗോള അധ്യക്ഷൻ മാർ ആവാ തൃതീയന്‍ എത്തിച്ചേരാൻ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
തൃശൂരിലെ മൂക്കൻ കുടുംബത്തിൽ ദേവസി - കൊച്ചുമറിയം ദന്പതിമാരുടെ മകനായി ജനിച്ച ജോർജ് ഡേവിസ് മൂക്കൻ 1965ലാണ് വൈദികനായത്. 28 വയസിൽ മെത്രാനായും എട്ടു ദിവസത്തിനുശേഷം മെത്രാപ്പോലീത്തയായും ചരിത്രം സൃഷ്ടിച്ചു.
ദശാബ്ദങ്ങൾ നീണ്ട സ്തുത്യർഹസേവനം അരനൂറ്റാണ്ടു പിന്നിട്ടശേഷമാണ് സ്ഥാനമൊഴിഞ്ഞത്. കൽദായ സുറിയാനി ആഗോളസഭയുടെ താത്കാലിക പരമാധ്യക്ഷനായും ആറുമാസത്തോളം പ്രവർത്തിച്ചിട്ടുണ്ട്.