കോന്നി ക്വാറി അപകടം: രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി
Wednesday, July 9, 2025 6:53 AM IST
കോന്നി: പയ്യനാമണ്‍ താഴം വില്ലേജിലെ ചെങ്ങളം പാറമട അപകടത്തിൽപ്പെട്ട് മരിച്ച രണ്ടാമത്തെആളുടെയും മൃതദേഹം കണ്ടെത്തി. പാറപൊട്ടിക്കുന്ന യന്ത്രത്തിന്റെ ഡ്രൈവർ ബിഹാർ സിമർല ജമുയ് സ്വദേശി അജയ് റായിയെ (38)ന്റെ മൃതദേഹമാണ് ഇന്നലെ രാത്രി പുനരാരംഭിച്ച തെരച്ചലിൽ കണ്ടെത്തിയത്. മൃതദേഹം ഹിറ്റാച്ചിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
ദുരന്തം നടന്ന സ്ഥലത്ത് ഒട്ടേറെ തവണ പാറയിടിഞ്ഞു വീണത് രക്ഷാപ്രവർത്തനത്തെ പ്രതീകുലമാക്കിയിരുന്നു. ഇതേ തുടർന്ന് നിർത്തി വെച്ച പരിശോധന ഇന്നലെ രാത്രി ഏഴോടെയാണ് വീണ്ടും തുടങ്ങിയത്.
ഇന്നലെ രാവിലെ ഫയര്‍ഫോഴ്സും എന്‍ഡിആര്‍എഫും സംഘവും ചേർന്നു പ്രത്യേക മാസ്റ്റർപ്ലാൻ തയാറാക്കി തെരച്ചിൽ പുനരാരംഭിച്ചുവെങ്കിലും ഒന്നര മണിക്കൂറിനുശേഷം നിർത്തിവയ്ക്കേണ്ടിവന്നു. പാറമടയിൽ വീണ്ടും പാറക്കല്ലുകൾ ഇടിഞ്ഞുവീണതാണ് രക്ഷാദൗത്യത്തിനു തടസമായത്. സമാനതകളില്ലാത്ത ദൗത്യമാണ് ഇന്നലെ രാവിലെ 8.55ന് ആരംഭിച്ചത്.
മുകളില്‍ ക്രെയിനില്‍ ഘടിപ്പിച്ച കയറില്‍ നാല് ദൗത്യസംഘാംഗങ്ങളെ കുടുക്കിയാണ് താഴേക്ക് ഇറക്കിയത്. പാറക്കഷണങ്ങൾ നീക്കി കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചി ഉയർത്തുകയായിരുന്നു ലക്ഷ്യം. മനുഷ്യസാധ്യമായ ജോലികൾ നിർവഹിക്കുന്നതിനിടെ പലയിടങ്ങളിലും പാറക്കല്ലുകൾക്ക് ഇളക്കം കണ്ടു. ഇതോടെ രക്ഷാപ്രവർത്തനം തത്കാലം നിർത്തുകയായിരുന്നു. സംഘാംഗങ്ങളെ മുകളിലെത്തിച്ചതിനു പിന്നാലെ വൻതോതിൽ പാറ ഇടിഞ്ഞു.
പിന്നീട് വലിയ ക്രെയിൻ എത്തിച്ച് ഹിറ്റാച്ചി തള്ളി താഴെയിടാൻ ആലോചിച്ചെങ്കിലും വൈകുന്നേരം വരെ ഈ ശ്രമവും വിജിയിച്ചില്ല. പാറമട പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് രക്ഷാദൗത്യം നടത്തിയത്.
പാറമടയില്‍ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി മഹാദേവിന്റെ (51) മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം കണ്ടെടുത്തിരുന്നു. രക്ഷാദൗത്യ സംഘം ഏറെ പണിപ്പെട്ടാണ് മഹാദേവിന്റെ മൃതദേഹം പുറത്തെടുത്തത്. വലിയ പാറ ദേഹത്തേക്കു വീണു ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. മൃതദേഹം മുകളിലെത്തിച്ച് മിനിറ്റുകൾക്കകം ഇതേ സ്ഥലത്ത് വീണ്ടും പാറയിടിച്ചിൽ ഉണ്ടായി. ഉദ്യോഗസ്ഥസംഘം ഉൾപ്പെടെ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.45ന് ചെങ്കുളത്ത് പാറമടയില്‍ ഹിറ്റാച്ചി ഉപയോഗിച്ചുള്ള ജോലി നടക്കുന്നതിനിടെയാണ് അപകടം.
ഹിറ്റാച്ചിയുടെ ഓപ്പറേറ്ററും സഹായിയുമായ ഇതര സംസ്ഥാന സ്വദേശികളാണ് അപകടത്തില്‍പെട്ടത്. മലമുകളില്‍നിന്നും വീണത് വലിയ പാറകളായിരുന്നത് ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചു.