പി.എം. ജോസഫ് പയ്യനാട്ട് ഓര്‍മയായി; ആറു പതിറ്റാണ്ട് ദീപികയില്‍ സേവനം
Wednesday, July 9, 2025 6:53 AM IST
കോട്ടയം: ജനപ്രിയ സാഹിത്യകാരന് മുട്ടത്തു വര്‍ക്കിയുടെ മാസ്റ്റര്‍പീസ് നോവലുകളായ പാടാത്ത പൈങ്കിളിയും ഇണപ്രാവും മൈലാടുംകുന്നുമൊക്കെ ചൂടോടെ ആദ്യം വായിച്ചയാള്‍ ഇന്നലെ അന്തരിച്ച പി.എം. ജോസഫ് പയ്യനാട്ടായിരുന്നു. ദീപിക പത്രാധിപസമിതിയംഗമായിരുന്ന മുട്ടത്തു വര്‍ക്കി ദീപികയുടെ കോട്ടയം ഓഫീസിലിരുന്ന് വിഖ്യാത നോവലുകളും കഥകളും എഴുതിയിരുന്ന കാലം.
ന്യൂസ് പ്രിന്റില്‍ വടിവില്ലാത്ത വലിയ അക്ഷരത്തില്‍ എഴുതുന്ന ഓരോ താളും വര്‍ക്കി പി.എം. ജോസഫിന് കൈമാറും. ഒറ്റ നില്പ്പിന് അതു വായിച്ചശേഷം ജോസഫ് ഈയത്തില്‍ കടഞ്ഞ അക്ഷരങ്ങള്‍ പെറുക്കി ഹാന്‍ഡ് കംപോസ് ചെയ്യാന്‍ തുടങ്ങും.
നോവലുകളും കഥകളും മാത്രമല്ല വര്‍ക്കി എഡിറ്റോറിയല്‍ വിഭാഗത്തില്‍ തയാറാക്കുന്ന വാര്‍ത്തകളുടെ പ്രധാന കംപോസിറ്ററുമായിരുന്നു ജോസഫ്.
വിദേശവാര്ത്തകളുടെ മൊഴിമാറ്റം പ്രധാനമായും മുട്ടത്ത് വര്‍ക്കിയാണ് നടത്തിയിരുന്നത്. പതിനഞ്ചാം വയസില്‍ ദീപികയിലെത്തി അക്കാലത്തെ സിലിണ്ടര്‍ പ്രസില്‍ അക്ഷരങ്ങള്‍ നിരത്തുന്ന ജോലിയില്‍ തുടങ്ങിയതാണ് പി.എം. ജോസഫിന്റെ ദീപിക സേവനം. പില്ക്കാലത്ത് പ്രസിലെ ഫോര്‍മാനായി കംപോസിംഗ് മേല്‍നോട്ടം വഹിച്ചു. അച്ചു നിരത്തലിന്റെ അച്ചടി ലോകം ഫോട്ടോ കംപോസിംഗിലേക്കും ഡിടിപിയിലേക്കും പുരോഗമിച്ചപ്പോള്‍ ലേ ഔട്ട് ബോര്‍ഡില്‍ പ്രിന്റുകള്‍ മുറിച്ച് പേസ്റ്റ് നടത്തുന്ന ജോലിയില്‍ തുടര്‍ന്നു.
കാലം ഓര്‍മയില്‍ സൂക്ഷിക്കുന്ന ഒട്ടേറെ മഹാസംഭവ വാര്‍ത്തകള്‍ വന്ന ദീപികയുടെ ഒന്നാം പേജ് തയാറാക്കിയത് ജോസഫാണ്. പേസ്റ്റ് അപ് കംപ്യൂട്ടര്‍ പേജിനേഷനിലേക്കു മാറിയപ്പോള്‍ ജോസഫിന്റെ സേവനം പ്രൂഫ് വായനയിലേക്കു മാറി. ആറു പതിറ്റാണ്ടോളം നീണ്ട സുദീര്‍ഘ സേവനത്തിനുശേഷമാണ് അടുത്തയിടെ ദീപികയില്‍നിന്ന് വിരമിച്ചത്.