ആർ. രാജേഷിനെതിരേ കോടതിയലക്ഷ്യക്കേസ്
Wednesday, July 9, 2025 6:44 AM IST
കൊച്ചി: മുന്‍ എംഎല്‍എയും കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗവുമായ ആര്. രാജേഷിനെതിരേ ഹൈക്കോടതി സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യ കേസെടുത്തു.
രാജേഷ് 23ന് രാവിലെ 10.15ന് കോടതിയില്‍ ഹാജരായി വിചാരണ നേരിടണം. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹൈക്കോടതിയെയും ജഡ്ജിമാരെയും അപകീര്‍ത്തിപ്പെടുത്തിയെന്നു പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ജസ്റ്റീസ് ഡി.കെ. സിംഗിന്റെ ഉത്തരവ്. കേസ് ചീഫ് ജസ്റ്റീസിന്റെ ഉത്തരവ് പ്രകാരം ഉചിതമായ ബെഞ്ചിനു വിടാനും രജിസ്ട്രിക്ക് കോടതി നിര്‍ദേശം നല്കി.
കഴിഞ്ഞ ആറിന് രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചതിന്റെ ഇംഗ്ലീഷ് പരിഭാഷയടക്കം ഉള്‍പ്പെടുത്തിയാണ് ഉത്തരവ്. എതിര്‍കക്ഷി കോടതി ഉത്തരവുകളെ വിമര്‍ശിക്കുക മാത്രമല്ല വിദ്യാഭ്യാസ ബെഞ്ചിലെ ജഡ്ജിമാരെ അപമാനിക്കുന്ന പരാമര്‍ശങ്ങളും കുറിച്ചുവെന്ന് ഉത്തരവില്‍ പറയുന്നു.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മോശം ഭാഷയില്‍ ഉന്നയിച്ചതായും കോടതി ചൂണ്ടിക്കാട്ടി.