പാടത്ത് പണി വരന്പത്ത് കാത്തിരിപ്പ്
Wednesday, July 9, 2025 7:15 AM IST
ലോകത്തെവിടെയും കാണില്ല അന്നമുണ്ടാക്കുന്നവരോട് ഇത്രയും കടുത്ത അവഗണന. പാടത്തെ ചേറിൽ പകലന്തിയോളം പണിയെടുത്ത കർഷകർ വിറ്റ നെല്ലിനു വില കിട്ടാൻ മാസങ്ങളായി തെരുവിൽ സമരം ചെയ്യുന്നു, ബാങ്കുകൾ കയറിയിറങ്ങുന്നു. മില്ലുകാരുടെ ഒത്തുകളിക്കും ചൂഷണത്തിനും വിധേയരായി വലിയ നഷ്ടം സഹിച്ചാണ് നെല്ലു വിൽക്കുന്നതുതന്നെ.
പൊതുമേഖലാ സ്ഥാപനമായ സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) ആണ് സംസ്ഥാനത്തെ കർഷകരിൽനിന്നു നെല്ല് സംഭരിക്കുന്നത്. സംഭരിച്ച നെല്ലിന്റെ വിലയായ 713 കോടി രൂപ ഇനിയും കർഷകർക്ക് നൽകാനുണ്ടെന്നാണ് സപ്ലൈകോയുടെതന്നെ കണക്കുകൾ വ്യക്തമാക്കുന്നത്.

ആകെ 2,06,877 കർഷകരിൽനിന്നു സപ്ലൈകോ 58.08 ലക്ഷം ക്വിന്റൽ നെല്ല് സംഭരിച്ചു. 1645 കോടി രൂപയോളം ഇതിന് വിലയായി നല്‍കണം. 931.9 കോടി രൂപ മാത്രമേ ഇതുവരെയായി നല്‍കിയിട്ടുള്ളൂ. 713.1 കോടി രൂപ ഇനി നെൽകർഷകർക്ക് കിട്ടാനുണ്ട്.
സിബിൽ സ്കോർ കെണിയിൽ നെൽകർഷകരും
കർഷകരിൽനിന്നും നെല്ല് സംഭരിച്ച് സംസ്കരിച്ച് അരിയാക്കി പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്ന ഏജൻസിയാണ് സപ്ലൈകോ. നെല്ല് സംഭരണ സമയത്ത് പാഡി റസിപ്റ്റ് ഷീറ്റുകൾ (പിആർഎസ്) സപ്ലൈകോ കർഷകർക്ക് നല്കുന്നു. പിആർഎസ് ഈടായി സ്വീകരിച്ചാണ് ബാങ്കുകൾ കർഷകർക്ക് വായ്പയായി നെല്ലിന്റെ വില നല്‍കുന്നത്. സപ്ലൈകോ ബാങ്കുകൾക്ക് പണം നല്കാൻ വൈകുന്നത് കർഷകരുടെ സിബിൽ സ്കോറിനെ ബാധിക്കും.
സിബിൽ സ്കോർ ഇല്ലാത്തതുമൂലം കർഷകർക്ക് ബാങ്കുകൾ മറ്റു വായ്പകൾ അനുവദിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. ഇത് കർഷകരെ സ്വകാര്യ പണമിടപാടുകാരുടെയും ബ്ലേഡ് സംഘങ്ങളുടെയും കെണിയിൽ വീഴ്ത്താൻ ഇടയാക്കുന്നുണ്ട്. പിആർഎസ് വായ്പ സിബിൽ സ്കോറിനെ ബാധിക്കില്ല എന്നു സർക്കാർ ഉറപ്പു പറയുന്നുണ്ടെങ്കിലും ഫലത്തിൽ കർഷകദ്രോഹ ഇടപാടാണ് ഈ സംവിധാനം. കടം വാങ്ങിയും സ്വർണം പണയംവച്ചും കൃഷി ചെയ്യുന്ന കർഷകർക്ക് നെൽകൃഷി തീരാദുഃഖമായി മാറുന്നു.
പിടിപ്പുകേടിന്റെ ഇരകൾ
സര്‍ക്കാരിന്റെ നേരിട്ട് ഇടപെടലുള്ള കൃഷിയാണ് നെല്ല്. കൃഷിക്കു മുന്‍പ് ഓണ്‍ലൈന്‍ രജിസ്ട്രേഷനുണ്ട്. വിത്തും കൊയ്ത്തും കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലാണ്. വിതച്ചാല്‍ എന്നു വിളവെടുപ്പിന് പാകമാകുമെന്ന് കര്‍ഷകര്‍ക്കെന്നപോലെ കൃഷിവകുപ്പിനും അറിയാം. അങ്ങനെയെങ്കിലും കൊയ്യാനും സംഭരിക്കാനും വില കൊടുക്കാനുമുള്ള കാര്‍ഷിക നയവും ചുമതലയും ഉത്തരവാദിത്വവും സര്‍ക്കാർ ഏറ്റെടുക്കിന്നില്ലെന്നതാണ് വിരോധാഭാസം.
ഓരോ വര്‍ഷം കഴിയുമ്പോഴും നെല്ല് ബാധ്യതയും നഷ്ടവുമാണുണ്ടാക്കുന്നത്. കേരളത്തില്‍ നെല്‍കൃഷികൊണ്ട് സമ്പന്നരായവരും സമ്പന്നരാകാവുന്നവരും ഇക്കാലത്ത് അരുമുണ്ടാകില്ല. അങ്ങനെയെങ്കില്‍ നിലവിലുള്ള നെല്‍കൃഷി അപ്രത്യക്ഷമാകാതിരിക്കാനുള്ള ആത്മാര്‍ഥതയെങ്കിലും സര്‍ക്കാരിനുണ്ടാകണം. പാടങ്ങളില്‍ ഉയരുന്ന കര്‍ഷകരുടെ നെടുവീര്‍പ്പും മുറവിളിയും തകര്‍ച്ചയും സര്‍ക്കാര്‍ കാണുന്നില്ല.
മേയില്‍ വിളവെടുപ്പ് പൂര്‍ത്തിയാക്കിയ പുഞ്ചകൃഷിയുടെ അവസ്ഥ നോക്കുക. സംഭരിക്കാന്‍ വേണ്ടിടത്തോളം മില്ലുകാരുണ്ടായിരുന്നില്ല. മഴ കനത്തതോടെ നൂറു കിലോ നെല്ലിന് 35 കിലോ വരെ കിഴിവ് കൊടുക്കേണ്ട ഗതികേടാണുണ്ടായത്. സമയത്തു കൊയ്യാന്‍ പറ്റാതെ 20 ശതമാനത്തോളം നെല്ല് നശിച്ചു. ചിലയിടങ്ങളില്‍ കര്‍ഷകര്‍ കൊയ്ത്ത് ഉപേക്ഷിച്ചു.
മുന്‍പൊക്കെ നെല്ല് വിറ്റാല്‍ രണ്ടാം ദിവസം സപ്ലൈകോയില്‍നിന്ന് പിആര്‍എസ് ലഭിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നിലവില്‍ പിആര്‍എസ് ലഭിക്കാന്‍ രണ്ടാഴ്ചവരെ കാത്തുകെട്ടി നില്‍ക്കണം. നെല്ലിന് ലോണായി കര്‍ഷകര്‍ക്ക് വില നല്കാന് സിവില്‍ സപ്ലൈസ് വകുപ്പിന്റെ അനുമതി ബാങ്കിനു ലഭിക്കാനും കാലതാമസം വന്നു.
വി.ജെ. ലാലി രക്ഷാധികാരി, നെല്‍കര്‍ഷക സംരക്ഷണ സമിതി
പിആർഎസ് സ്വീകരിക്കാതെ ബാങ്കുകൾ
ഇക്കൊല്ലം ഏപ്രില്‍ നാലാം വാരം മുതല്‍ ബാങ്കുകള്‍ പിആര്‍എസ് സ്വീകരിക്കുന്നില്ല, വില നല്‍കുന്നുമില്ല. രണ്ടു വര്‍ഷം മുന്‍പുവരെ 12 ബാങ്കുകള്‍ നെല്ല് സംഭരണ കണ്സോര്ഷ്യത്തിലുണ്ടായിരുന്നു. നിലവില്‍ കണ്‍സോര്‍ഷ്യത്തിലുള്ളത് കാനറയും എസ്ബിഐയും മാത്രം. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള ബാങ്കും കോടികളുടെ മുന്‍ കുടിശിക നല്കാത്തതിനാല് കണ്‍സോര്‍ഷ്യത്തില്‍നിന്ന് പിന്മാറിയിരിക്കുന്നു.
കര്‍ഷകര്‍ വിറ്റ നെല്ലിന് ലോണായി വില ലഭിക്കണമെങ്കില്‍ കിടപ്പാടം വരെ ഈടായി നല്‍കണമെന്നാണ് ചട്ടം. പതിമൂന്നു പേജുകളിലുള്ള ഫോമില്‍ പതിമൂന്നിടത്ത് ബാങ്കിന്റെ വിവിധ ഉപാധികളില്‍ ഒപ്പുവയ്ക്കണം. തുകയും പലിശയും സംസ്ഥാന സര്‍ക്കാർ അടയ്ക്കാതെ വന്നാല്‍ ഈടായി നല്കുന്ന രേഖകളും വസ്തുക്കളും ജപ്തി ചെയ്യാന്‍ അധികാരം ബാങ്കിനുണ്ടെന്ന് ഒപ്പിട്ടുകൊടുക്കേണ്ട ഭാഗ്യപരീക്ഷണമാണ് നെല്ല് സംഭരണം. ചുരുക്കത്തില്‍ കൃഷിവകുപ്പിനും മില്ലുകാര്‍ക്കും ബാങ്കിനും മുന്നില്‍ തലതുനിച്ചും ഓച്ഛാനിച്ചും നില്‍ക്കേണ്ട ഗതികേട്.
കടത്തിൽ മുങ്ങി കർഷകർ
സപ്ലൈകോ ഇതോടകം സംഭരിച്ച നെല്ലിന് വില കിട്ടിയിട്ട് അടുത്ത കൃഷിയിറക്കാനുള്ള കാത്തിരിപ്പാണ്. കടം വാങ്ങി കൃഷിയിറക്കുകയും കടത്തില്‍ മുങ്ങിക്കയറുകയും ചെയ്യുന്ന ഗതികേടിലാണ് നെല്‍കര്‍ഷകര്‍. വിളവെടുപ്പിനു മുന്‍പുതന്നെ വേണ്ടിടത്തോളം കൊയ്ത്ത് യന്ത്രങ്ങളെത്തക്കുക, യന്ത്രവാടക നിശ്ചയിക്കുക, തൊഴില്‍ക്കൂലി തീരുമാനിക്കുക തുടങ്ങിയ നടപടികളൊന്നും കഴിഞ്ഞ കൃഷിയിലുണ്ടായില്ല.
വേനല്‍മഴ ശക്തിപ്പെട്ട സാഹചര്യത്തിലും കൊയ്ത്ത് വേഗത്തിലാക്കാന്‍ കഴിഞ്ഞില്ല. അത്തരത്തില്‍ മൂന്നു കിലോയില്‍ തുടങ്ങിയ കിഴിവ് 35 കിലോ വരെ കൊടുത്ത് ചരിത്രത്തിലെ ഏറ്റവും വലിയ ഗതികെട്ട കീഴടങ്ങല്‍ കര്‍ഷകര്‍ക്ക് നടത്തേണ്ടിവന്നു.
അന്നം വിളയിക്കുന്നവരെ അപമാനിക്കരുത്
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പല ഘട്ടങ്ങളിലായി കേന്ദ്രസര്‍ക്കാര്‍ കിലോയ്ക്ക് 4.32 രൂപ താങ്ങുവില വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനം അതേ നിരക്കില്‍ ഇവിടത്തെ സബ്സിഡി വിഹിതം വെട്ടിക്കുറച്ചു. സംസ്ഥാനം ഇത്തരത്തില്‍ വെട്ടിക്കുറവ് വരുത്തിയിരുന്നില്ലെങ്കില്‍ ഒരു കിലോ നെല്ലിന് 32.50 രൂപ വില ലഭിക്കേണ്ടതാണ്. ഏറെക്കാലമായി കിട്ടുന്ന വില 28.20 രൂപ. നെല്ല് വിറ്റാല്‍ രണ്ടു ദിവസത്തിനുള്ളില്‍ വില കിട്ടുകയെന്നത് കര്‍ഷകരുടെ അവകാശമാണ്.
പുഞ്ചയ്ക്ക് ഒരുക്കമായി നവംബറില്‍ തുടങ്ങുന്ന കൃഷിയാണ് മാര്‍ച്ചല്‍ വിളവെടുക്കുന്നത്. ഈ അഞ്ചു മാസം യാതൊരു വരുമാനവും പാടത്തുനിന്ന് കര്‍ഷകരുടെ വീട്ടിലേക്ക് ലഭിക്കുന്നില്ല.
നെല്ല് വില്ക്കുമ്പോള് പണം തരാം എന്ന ധാരണയില്‍ ഏറെ കര്‍ഷകരും നാട്ടിലെ കടകളില്‍നിന്ന് പറ്റുപടിയായി അരി മുതല്‍ ഉപ്പു വരെ സാധനങ്ങള്‍ വാങ്ങി വീടുപോറ്റുകയാണ്. തുക നല്‍കാതെ വന്നാല്‍ പറ്റു കിട്ടുകയുമില്ല, വൈകാതെ കടം നല്‍കിയവരുടെ ഭാവം മാറുകയും ചെയ്യും.
മുഖ്യമന്ത്രിക്കും പുച്ഛം
നെല്‍കര്‍ഷകരോട് കൃഷിവകുപ്പിനു മാത്രമല്ല സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കു വരെ പുച്ഛമാണ്. നീറുന്ന പ്രശ്നങ്ങള്‍ നേരില്‍ അവതരിപ്പിക്കാന്‍ പല തവണ ശ്രമിച്ചിട്ടും ഒന്നു മുഖം കാണിക്കാന്‍പോലും മുഖ്യമന്ത്രി തയാറായില്ല.
കര്‍ഷകര്‍ നിലവാരമുള്ള നെല്ല് മില്ലുകാര്‍ക്ക് കൊടുക്കണം എന്നതല്ലാതെ കിഴിവ് നല്‍കണം എന്നൊരു നയം കൃഷിവകുപ്പ് രേഖകളില്‍ ഒരിടത്തും എഴുതിവച്ചിട്ടില്ല. നിലവില്‍ കൃഷിവകുപ്പും മില്ലുടമകളും ചേര്‍ന്ന് കിഴിവ് ഒരു പതിവ് അടവുനയമാക്കി മാറ്റിയിരിക്കുന്നു. ഒരേക്കര്‍ പാടത്തുനിന്ന് 30 ക്വിന്റല്‍ വിളവുലഭിച്ചാല്‍ മാത്രമേ ഏറെക്കുറെ നഷ്ടം വരാതിരിക്കൂ.
വിത്തും കാലാവസ്ഥയും പിഴച്ചതിനാല് ഇക്കൊല്ലം ലഭിച്ചതാവട്ടെ പരമാവധി 15 ക്വിന്റല്‍. ഇതില്‍നിന്ന് 35 കിലോ കിഴിവുകൂടി അടിച്ചേല്പ്പിക്കപ്പെടതിനാല് കൈപൊള്ളി, കടം കയറി തരിപ്പണമായി.
നൂറു കിലോ നെല്ല് കിഴിവു നല്കേണ്ടിവന്നാല് നഷ്ടം 2800 രൂപയാണ്. അതായത് നെല്ല് വില്ക്കണമെങ്കില് കര്‍ഷകര്‍ മില്ലുടമകള്‍ക്ക് വിളവിന്റെ ഒരു വിഹിതം നല്‍കണം എന്നതായിരിക്കുന്നു ദുരവസ്ഥ. നൂറു കിലോ നെല്ല് വില്ക്കുമ്പോള് അതില്‍ 35 കിലോ മില്ലുകാര്‍ക്ക് വെറുതേ കൊടുക്കേണ്ട ഗതികേട് ലോകത്തില്‍ മറ്റൊരു കൃഷിയിലുമില്ല. ഈ നെല്ല് വാരാനും നിറയ്ക്കാനുമുള്ള കൂലിച്ചെലവും കര്‍ഷകര്‍ വഹിക്കണം. കൊയ്ത്ത് ബാധ്യതയായതോടെ പാടത്ത് നെല്ല് കത്തിച്ചുകളഞ്ഞവരും എന്നേക്കുമായി കൃഷി ഉപേക്ഷിച്ചവരും പലരാണ്.
റെജീന അഷ്റഫ് നെല്‍കര്‍ഷക സംരക്ഷണ സമിതി പ്രസിഡന്റ്
നെല്‍കൃഷിയെ കൈവെള്ളയില്‍ കരുതലായി നിറുത്തേണ്ട സംസ്ഥാന സര്‍ക്കാരിന് നെല്ലും നെല്‍കര്‍ഷകരും തലവേദനയും ബാധ്യതയായിരിക്കുന്നു. ഇവിടെ പാടവും നെല്ലും ഇല്ലെങ്കില്‍ ആന്ധ്രയില്‍നിന്ന് അരി ഇവിടേക്ക് വന്നോളം എന്നു വിവരദോഷം പറഞ്ഞയാള്‍ ഇപ്പോഴും മന്ത്രിസഭയിലുണ്ട്.
ഇക്കൊല്ലം മറ്റൊരിക്കലും ഉണ്ടാകാത്ത വിധം കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ഓരുവെള്ളം കയറി. ഡിസംബര്‍ 15ന് അടയ്ക്കേണ്ട തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടച്ചത് ജനുവരി നാലിന്. വേണ്ടവിധം ഓരുമുട്ടുകള്‍ ഇട്ടതുമില്ല. കഴിഞ്ഞ പുഞ്ചയില്‍ വിളവ് ഇത്രയേറെ കുറയാന്‍ കാരണം ഓരുവെള്ളമാണ്. ഉപ്പുവെള്ളത്തില്‍ നെല്ല് ചീഞ്ഞുപോയതിനാല്‍ പകുതിപോലും കൊയ്യാനായില്ല. നല്ല വിത്ത് വേണ്ടത്ര അളവില്‍ തരുന്നതില്‍ കൃഷിവകുപ്പ് വന്‍പരാജയമാണ്. യാതൊരുവിധ കൃഷി സബ്സിഡിയിലും സമയത്തും കാലത്തും ലഭിക്കുന്നില്ല.
പാടം വറ്റിക്കാനുള്ള പമ്പിംഗ് സബ്സിഡി മുടങ്ങിയിട്ട് ഏറെക്കാലമായി. പമ്പിംഗ് സബ്സിഡി നിരക്ക് വര്‍ധിപ്പിച്ചിട്ട് വര്‍ഷങ്ങളായി. ആയിരവും രണ്ടായിരവും രൂപ മുടക്കിയാണ് ഇപ്പോള്‍ ഒന്നോ രണ്ടോ ഏക്കര്‍ പാടം വറ്റിക്കുന്നത്. രാസവളത്തിനും കീടനാശിനിക്കും ഓരോ വര്‍ഷവും വില കുത്തനെ കയറുന്നു. കടകളില്‍നിന്ന് യൂറിയ കിട്ടണമെങ്കില്‍ നെല്ലിന് യാതൊരു നേട്ടവും നല്‍കാത്ത മറ്റൊരു വളവും കൂടി വാങ്ങണം എന്നാണ് വ്യാപാരികളുടെ നിലപാടും നയവും.
നാഥനില്ലാക്കളരിയായി നെൽകൃഷിമേഖല
സംസ്ഥാനത്തെ നെൽകർഷകർ കടുത്ത നിരാശയിലും ഹൃദയവേദനയിലുമാണ്. നാഥനില്ലാക്കളരിയായി മാറിയിരിക്കുന്നു നെൽകൃഷിമേഖല. രണ്ടാംവിളയുടെ നെല്ല് സപ്ലൈകോയ്ക്കു നൽകിയതിന്റെ വില 75 ശതമാനം കർഷകർക്കും ലഭിച്ചിട്ടില്ല.
മൂന്നുമാസംമുന്പ് നെല്ല് നൽകിയവർക്കുപോലും പണം കിട്ടിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ജില്ലാ സപ്ലൈകോ ഓഫീസിലേക്കു കർഷകർ സമരം നടത്തിയതിനെതുടർന്ന് ഉണ്ടായ തീരുമാനപ്രകാരം എസ്ബിഐയും കാനറാ ബാങ്കും കുറച്ചു കർഷകർക്കു പണം അനുവദിച്ചു. തുടർന്ന് വിതരണം നിർത്തിവച്ചിരിക്കുകയാണ്. പിആർഎസ് വായ്പയായി പണം അനുവദിക്കുന്നതിന്റെ ദുരിതങ്ങൾ തുടരുന്പോഴാണ് അതുപോലും ലഭിക്കാത്ത അവസ്ഥ. ആത്മഹത്യാമുനന്പിലാണ് നെൽകർഷകർ.
കേരളത്തിൽ 1975-80 കാലഘട്ടത്തിൽ 8.75 ലക്ഷം ഹെക്ടറിൽ നെൽകൃഷി ഉണ്ടായിരുന്നത് ഇപ്പോൾ 1.75 ലക്ഷം ഹെക്ടറായി ചുരുങ്ങി. ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് നെല്ലുസംഭരണത്തിലെ പരാജയമാണ്.
കേന്ദ്ര ഏജൻസിയായ എൻസിസിഎഫ് കർഷകരിൽനിന്നു നെല്ല് സംഭരിക്കുമെന്ന തീരുമാനത്തിൽ പ്രതീക്ഷയുണ്ട്. ഇതുസംബന്ധിച്ച് പാലക്കാട് എത്തിയ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സമിതിക്കുമുന്‍പാകെ നിവേദനംനൽകിയിട്ടുണ്ട്.
മുതലാംതോട് മണി ദേശീയ കർഷകസമാജംപ്രസിഡന്റ്
വില ഡിബിടി സംവിധാനംവഴി നൽകണം
നെൽകൃഷിക്കു കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷ്വറൻസ് 2023നു ശേഷം വിതരണം ചെയ്തിട്ടില്ല. നെല്ലുസംഭരണത്തിന്റെ വില നൽകുന്നതു പിആർഎസ് സംവിധാനം ഒഴിവാക്കി ഡിബിടി (ഡയറക്ട് ബെനഫിഷറി ട്രാൻസ്ഫർ ) സംവിധാനത്തിലൂടെ സപ്ലൈകോ നേരിട്ടു നടത്തണം. ഇപ്രകാരം നൽകിയാൽ മാസങ്ങളുടെ നെല്ലുവിലയ്ക്കായുള്ള കാത്തിരിപ്പ് ഒഴിവാക്കാൻ കഴിയും.
നിലവിലെ ബാങ്കുകൾ മുഖേനയുള്ള വായ്പാസംവിധാനം കർഷകരെ സിബിൽ സ്കോറിൽ അടക്കം പിന്നിലാക്കുന്നു; കടക്കെണിയിലാക്കുന്നു. കർഷകരിൽനിന്നു നെല്ല് സംഭരിക്കുന്നതു സപ്ലൈകോയും മില്ലും സ്ഥിരീകരിച്ച ദിവസംതന്നെ കർഷകരുടെ അക്കൗണ്ടിലേക്കു പണം മാറ്റുന്ന സംവിധാനം വേണം. ലോൺ മുഖേനയുള്ള നെല്ലുവിലവിതരണം കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു.
നെൽകൃഷിക്കു നൽകിവരുന്ന കാർഷിക ആനുകൂല്യങ്ങൾ കഴിഞ്ഞ രണ്ടുവർഷമായി ഒരു സീസണിൽ മാത്രമാക്കി വെട്ടിച്ചുരുക്കി. ഭക്ഷ്യോത്പാദനം മുന്നിൽക്കണ്ട് നെൽകൃഷിമേഖലയ്ക്ക് ഇളവുകളും ആനുകൂല്യങ്ങളും നൽകണം. നെൽകൃഷി നിലനിർത്തുന്നതിനായി നെൽകർഷകരുടെ ഭൂനികുതി നിലവിലുള്ളതിന്റെ പകുതിയായി ചുരുക്കണം.
എം. അബ്ബാസ് കരിമ്പാറകിഫ പാലക്കാട് ജില്ലാ സെക്രട്ടറി
കോൾനിലങ്ങളിൽ ഇരുപ്പൂകൃഷി നിർത്തും
വിളവു കുറഞ്ഞതോടെ തൃശൂരിലെ കോൾനിലങ്ങളിൽ ഇരുപ്പൂകൃഷി ഒഴിവാക്കുമെന്നു കർഷകർ. 2500 കിലോ ഏക്കറിനു ലഭിച്ചയിടത്തു നിലവിൽ 1500 കിലോയാണു വിളവ്. 40,000 രൂപയാണ് ഒരേക്കറിൽ കൃഷിയിറക്കാനുള്ള ചെലവ്. 2500 കിലോ വിളവുലഭിച്ചാൽ മാത്രമാണ് 70,000 രൂപയോളം ലഭിക്കുക. അപ്പോഴും പരമാവധി 30,000 രൂപയാണു ലാഭം. നാലുവർഷമായി ഇത്രയും തുക ആർക്കും ലഭിക്കുന്നില്ല. അതിനാൽ നെൽവില 35 രൂപയായി വർധിപ്പിക്കണം.
കോൾനിലങ്ങളിൽ അമ്ലാംശം ഉയർന്നതാണ് വിളവുകുറയാൻ കാരണം. ഒരേക്കറിൽ 240 കിലോ കുമ്മായമിടണമെന്നാണു കൃഷിവകുപ്പിന്റെ നിർദേശമെങ്കിലും 100 കിലോവരെയാണു പരമാവധി ലഭിക്കുക. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കനാലുകൾ വികസിപ്പിച്ചപ്പോൾ ചേറിനടിയിലുണ്ടായിരുന്ന അമ്ലാംശം പൊന്തിവന്നതാണു പെട്ടെന്നുള്ള പ്രതിസന്ധിക്കു കാരണം. പുളിരസം കൂടിയതോടെ പതിരു വർധിച്ചു.
ജലാംശത്തിന്റെ പേരിൽ 20 ശതമാനം വിലക്കുറവിലാണു സപ്ലൈകോ ഏല്പിക്കുന്ന കന്പനികൾ നെല്ല് എടുക്കുന്നത്. സ്വകാര്യമില്ലുകൾക്ക് 23 രൂപയ്ക്കുപോലും നെല്ലു വിറ്റ കർഷകരുണ്ട്.
രാജേന്ദ്ര ബാബു കിസാൻസഭ തൃശൂർ ജില്ലാ സെക്രട്ടറി