ഹര്‍ജി പിന്‍വലിച്ച് രജിസ്ട്രാര്‍ ; സസ്പെന്ഷന് റദ്ദാക്കിയ നടപടി ചാന്‍സലര്‍ മുന്‍പാകെ ചോദ്യം ചെയ്യാമെന്നു ഹൈക്കോടതി
Tuesday, July 8, 2025 2:19 AM IST
കൊച്ചി: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തെത്തുടര്‍ന്നു തന്നെ സസ്പെൻഡ് ചെയ്ത കേരള സര്‍വകലാശാല വിസിയുടെ നടപടി ചോദ്യം ചെയ്തു രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ ഹൈക്കോടതിയിൽ നല്കിയ ഹര്‍ജി പിന്‍വലിച്ചു.
വിസിയുടെ സസ്പെന്ഷന് ഉത്തരവ് സിന്‍ഡിക്കറ്റ് റദ്ദാക്കിയ പശ്ചാത്തലത്തിലാണു ഹര്‍ജി പിന്‍വലിക്കാന്‍ അനില്‍കുമാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. രജിസ്ട്രാറുടെ ആവശ്യം ജസ്റ്റീസ് ഡി.കെ. സിംഗ് അനുവദിച്ചു.
സസ്പെന്ഷന് റദ്ദാക്കിയ സിന്‍ഡിക്കറ്റ് തീരുമാനം അംഗീകരിക്കുന്നില്ലെന്ന നിലപാടാണു വിസി സ്വീകരിച്ചത്. എന്നാല്‍, സിന്‍ഡിക്കറ്റ് തീരുമാനത്തെ ചാന്‍സലറടക്കം ഉചിതമായ അധികാരി മുമ്പാകെ ചോദ്യം ചെയ്യാമെന്നു കോടതി വ്യക്തമാക്കി.
ഭാരതാംബയുടെ ചിത്രം വേദിയില്‍ സ്ഥാപിച്ചതിനെത്തുടര്‍ന്ന് ജൂണ്‍ 26ന് സര്‍വകലാശാല സെനറ്റ് ഹാളില്‍ ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുക്കേണ്ട ചടങ്ങ് റദ്ദാക്കാന്‍ രജിസ്ട്രാര്‍ നിര്‍ദേശിച്ചിരുന്നു. ചിത്രം നീക്കാന്‍ സംഘാടകര്‍ തയാറാകാത്തതിനെത്തുടര്‍ന്ന് രജിസ്ട്രാര്‍ അന്നത്തെ പരിപാടിക്ക് അനുമതി നിഷേധിച്ചു.
എന്നാല്‍, ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങ് തന്റെ അറിവില്ലാതെ റദ്ദാക്കാന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തു. ഈ നടപടി ചോദ്യം ചെയ്താണ് അടിയന്തര ഹര്‍ജിയുമായി രജിസ്ട്രാര്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ വിസിയോടു കോടതി വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഞായറാഴ്ച സിന്‍ഡിക്കറ്റ് ചേര്‍ന്ന് വിസി പുറപ്പെടുവിച്ച സസ്പെന്ഷന് ഉത്തരവ് റദ്ദാക്കിയത്. തുടര്‍ന്നാണു ഹര്‍ജി പിന്‍വലിക്കുന്നതായി രജിസ്ട്രാര്‍ കോടതിയെ അറിയിച്ചത്.