തലശേരി ആർച്ച്ബിഷപ്പിന്റെ പരാമർശം ക്രൈസ്തവ വിഭാഗത്തിന്റെ മൊത്തം പ്രതികരണമല്ല : എം.വി.ഗോവിന്ദൻ
Tuesday, March 21, 2023 1:09 AM IST
തിരുവനന്തപുരം : റബർ വില കൂട്ടിയാൽ ഇല്ലാതാകുന്നതല്ല ക്രൈസ്തവർക്കെതിരെയുള്ള ആക്രമണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
തലശേരി ആർച്ച് ബിഷപ്പിന്റെ പരാമർശം ക്രൈസ്തവ വിഭാഗത്തിന്റെ മൊത്തം പ്രതികരണമായി കാണാൻ കഴിയില്ല. ബിഷപ്പിന്റെ പ്രതികരണത്തിൽ തനിക്ക് ഉത്കണ്ഠയില്ല. എന്നാൽ ബിജെപിക്കു കേരളത്തിലേക്കു കടക്കാൻ പഴുതുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്നു സംശയമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു എം.വി.ഗോവിന്ദൻ.
ക്രൈസ്തവർക്കെതിരെ വലിയ കടന്നാക്രമണം നടത്തുന്ന സർക്കാരാണു കേന്ദ്രം ഭരിക്കുന്നത്. ക്രിസ്ത്യൻ വിഭാഗങ്ങൾ തന്നെ എഴുതി നൽകിയ പരാതിയിൽ അക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്. റബർ വില കുറച്ചതിലെ പ്രധാന പ്രതി കേന്ദ്ര സർക്കാരാണ്.
ആസിയാൻ കരാറാണു വിലയിടിവിനു കാരണം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നല്ല മുന്നേറ്റമുണ്ടാകും. ജനങ്ങൾക്ക് എൽഡിഎഫ് സർക്കാരിൽ നല്ല പ്രതീക്ഷയുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.