മറ്റു സംസ്ഥാനങ്ങൾക്ക് ഇനി ഓക്സിജൻ നല്‍കാനാവില്ല ; പ്രധാനമന്ത്രിക്കു മുഖ്യമന്ത്രിയുടെ കത്ത്
Tuesday, May 11, 2021 1:06 AM IST
തിരുവനന്തപുരം: ഈ മാസം 10നു ശേഷം കേരളത്തിനു പുറത്തേക്ക് ഓക്സിജൻ നൽകാൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു കത്തെഴുതി.
ആക്ടീവ് കേസുകൾ ഈ മാസം 15ഓടെ ആറു ലക്ഷമായി ഉയർന്നേക്കാം എന്നാണ് അനുമാനിക്കപ്പെടുന്നത്. അങ്ങനെവന്നാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വരുന്നവരുടെ എണ്ണവും സ്വാഭാവികമായി ഉയരും. അപ്പോൾ 450 മെട്രിക് ടണ്‍ ഓക്സിജൻ മുഴുവനായി ആവശ്യമായിവരും.
സ്റ്റീൽ പ്ലാന്റുകളിൽനിന്ന് വളരെ അകലെ സ്ഥിതിചെയ്യുന്ന സംസ്ഥാനം എന്ന നിലയ്ക്ക് അടിയന്തരഘട്ടങ്ങളിൽ കേരളത്തിലേക്ക് മറ്റിടങ്ങളിൽനിന്ന് ഓക്സിജൻ എത്തിക്കാൻ വിഷമമാകും. അതുകൊണ്ട് കേരളത്തിൽ പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്ന 219 മെട്രിക് ടണ്‍ ഓക്സിജനും കേരളത്തിനുതന്നെ അനുവദിക്കണമെന്നും അതിലുമധികമായി വേണ്ടിവരുന്നത് സ്റ്റീൽ പ്ലാന്റുകളിൽനിന്ന് ലഭ്യമാക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.