പാലാരിവട്ടം ഫ്ളൈ ഓവര്‍; ലോഡ് ടെസ്റ്റ് നടത്താന്‍ കോടതി ഏജന്‍സിയെ നിയോഗിക്കണമെന്ന ഹര്‍ജി മാറ്റി
Thursday, January 23, 2020 1:10 AM IST
കൊച്ചി: പാലാരിവട്ടം ഫ്ളൈ ഓവര്‍ പൊളിച്ചു പണിയും മുമ്പ് ഭാരപരിശോധന നടത്തണമെന്ന ഇടക്കാല ഉത്തരവ് സര്‍ക്കാര്‍ പാലിക്കാത്തതിനാല്‍ ഇതിനുള്ള വിദഗ്ധ സമിതിയെ ഹൈക്കോടതി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കരാര്‍ കമ്പനി നല്കിയ ഉപഹര്‍ജി ഹൈക്കോടതി ഫെബ്രുവരി അഞ്ചിനു പരിഗണിക്കാന്‍ മാറ്റി.
ഇന്നലെ ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ ഇടക്കാല ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി വിശദീകരിച്ചു. ഇടക്കാല ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്നതിനാല്‍ ഉത്തരവ് നടപ്പാക്കേണ്ടതല്ലേയെന്ന് ഈ ഘട്ടത്തില്‍ ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വാക്കാല്‍ ചോദിച്ചു. എന്നാല്‍ ഹൈക്കോടതി നല്കിയ മൂന്നു മാസം സമയം കഴിഞ്ഞിട്ടില്ലെന്നും സുപ്രീംകോടതിയുടെ വിധി അനുകൂലമല്ലെങ്കില്‍ ഒരാഴ്ചയ്ക്കകം ഭാരപരിശോധന നടത്താമെന്നും സര്‍ക്കാര്‍ വാദിച്ചു. തുടര്‍ന്ന് ഈ ഘട്ടത്തില്‍ ഇടക്കാല ഉത്തരവു നല്‍കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി മാറ്റിയത്.