കാറിൽ കണ്ടെത്തിയ വീട്ടമ്മയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി
Monday, January 20, 2020 12:43 AM IST
ഗാന്ധിനഗർ (കോട്ടയം): കാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് വയനാട് മാനന്തവാടി സ്വദേശി ലൈലാമണി(53)യെ മകൻ മഞ്ജിത് മെഡിക്കൽ കോളജിൽ എത്തിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക പരിശോധനയ്ക്കു ശേഷമാണ് വിദഗ്ധ ചികിത്സയ്ക്കായി ഒന്പതാം വാർഡിൽ പ്രവേശിപ്പിച്ചത്. പരിശോധനകളിൽ ലൈലാ മണിയുടെ ശരീരമാകെ കാറിനുള്ളിലെ ചൂടുമൂലം പൊള്ളിയതായി കണ്ടു. തളർന്നു കിടന്ന അവസ്ഥയിലായിരുന്നതിനാൽ ത്വക്കിനും പ്രശ്നമുണ്ട്.
ഇതു കണക്കിലെടുത്താണ് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയതെന്നു ഡോക്ടർമാർ അറിയിച്ചു. വെള്ളിയാഴ്ചയാണ് അടിമാലി ടൗണിലെ ദേശീയപാതയ്ക്കു സമീപം കാറിൽ ലൈലാ മണിയെ ഉപേക്ഷിച്ച നിലയിൽ പ്രദേശവാസികൾ കണ്ടെത്തിയത്. തുടർന്ന് പോലീസെത്തി കാർ തുറന്നു പരിശോധിക്കുകയും അടിമാലി ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. ഇവരുടെ ശരീരത്തിന്റെ വലതുവശം പൂർണമായി തളർന്ന നിലയിലാണ്.
കട്ടപ്പനയിലുള്ള മകന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഒപ്പമുണ്ടായിരുന്ന ഭർത്താവ് മാത്യു മൂത്രം ഒഴിക്കാനെന്നു പറഞ്ഞു കാർ നിർത്തിയ ശേഷം പുറത്തിറങ്ങി സ്ഥലംവിടുകയായിരുന്നെന്നു ലൈലാമണി പറയുന്നു. ഇയാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മാധ്യമങ്ങളിലെ വാർത്ത കണ്ടു മകൻ ആശുപത്രിയിലെത്തുകയായിരുന്നു. വിദഗ്ധ ചകിത്സയ്ക്കായിട്ടാണ് ലൈലാമണിയെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്.