മുംബൈ ഇന്ത്യൻസിനു ജയം
Thursday, April 24, 2025 12:41 AM IST
ഹൈദരാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന്റെ കുതിപ്പ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിനു കീഴടക്കിയ മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 26 പന്ത് ബാക്കിവച്ചാണ് മുംബൈ ഇന്ത്യൻസിന്റെ ജയം.
മുംബൈയുടെ പേസ് ബൗളർമാർ സണ്‍റൈസേഴ്സിനെ 143/8 റണ്‍സിൽ ഒതുക്കി. രോഹിത് ശർമ (46 പന്തിൽ 70) തുടർച്ചയായ രണ്ടാം അർധസെഞ്ചുറിയുമായി പ്രത്യാക്രമണം നയിച്ചപ്പോൾ മുംബൈ അനായാസം ലക്ഷ്യം നേടി.
വിൽ ജാക്സ് (22), റിക്കെൽട്ടണ്‍ (11) എന്നിവരെയും മുംബൈക്ക് ജയത്തിലേക്കുള്ള വഴിയിൽ നഷ്ടപ്പെട്ടു. സൂര്യകുമാർ യാദവ് (19 പന്തിൽ 40), തിലക് വർമ (2) എന്നിവർ പുറത്താകാതെ നിന്നു.
പവര്‍ പ്ലേ സ്റ്റൈല്‍
ഐപിഎല്‍ 2025 സീസണില്‍ പവര്‍ പ്ലേയിലെ ഏറ്റവും മോശം സ്കോറായിരുന്നു ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റേത്. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോള്‍ സണ്‍റൈസേഴ്സിന്റെ സ്കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത് നാലു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ്. 18-ാം സീസണില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ടീമാണ് സണ്‍റൈസേഴ്സ് (രാജസ്ഥാന് എതിരേ 94/1).
മുംബൈ ഇന്ത്യന്‍സിന്റെ പേസര്‍മാരായ ട്രെന്റ് ബോള്‍ട്ടും (4/26) ദീപക് ചാഹറും (2/12) ചേര്‍ന്നാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്തത്. ട്രാവിസ് ഹെഡ് (0), അഭിഷേക് ശര്‍മ (8) എന്നിവരെ ട്രെന്റ് ബോള്‍ട്ടും ഇഷാന് കിഷന് (1), നിതീഷ് കുമാര്‍ റെഡ്ഡി (2) എന്നിവരെ ദീപക് ചാഹറും പുറത്താക്കി. ഹൈദരാബാദിനു നഷ്ടപ്പെട്ട എട്ടു വിക്കറ്റും മുംബൈ പേസർമാരാണ് സ്വന്തമാക്കിയത്.
ക്ലാസന് കരകയറ്റി
അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ ഹെന്റിച്ച് ക്ലാസനാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കരകയറ്റിയത്. 44 പന്ത് നേരിട്ട ക്ലാസന് രണ്ടു സിക്സും ഒമ്പത് ഫോറും അടക്കം 71 റണ്‍സ് നേടി. ആറാമനായി എത്തിയ അനികേത് വര്‍മ (12) വേഗം മടങ്ങി. അഭിനവ് മനോഹറിനെ (37 പന്തില്‍ 43 റണ്‍സ്) കൂട്ടുപിടിച്ച് ക്ലാസന് ആറാം വിക്കറ്റില്‍ 99 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
ബുംറ @ 300, റിക്കാര്‍ഡില്‍
ബുംറയ്ക്കു മുന്നിലാണ് ക്ലാസന് വീണത്. അതോടെ ട്വന്റി-20 ക്രിക്കറ്റില്‍ ബുംറ 300 വിക്കറ്റ് തികച്ചു. 237 ഇന്നിംഗ്സില്‍നിന്നാണ് ബുംറയുടെ 300 വിക്കറ്റ് നേട്ടം. അതിവേഗം 300 വിക്കറ്റ് നേടിയതില്‍ മൂന്നാം സ്ഥാനത്താണ് ബുംറ. മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് എന്ന ലസിത് മലിംഗയുടെ റിക്കാര്‍ഡിന് ഒപ്പവും ബുംറ എത്തി, 170 വിക്കറ്റ്.