മലയാളി മെഡൽ
Thursday, April 24, 2025 12:41 AM IST
കൊച്ചി: ദേശീയ ഫെഡറേഷന് അത്ലറ്റിക് മീറ്റിന്റെ മൂന്നാം ദിനവും നേട്ടം കൊയ്ത് മലയാളി താരങ്ങള്‍. വനിതാ ട്രിപ്പിള്ജംപിലും 400 മീറ്റര്‍ ഹര്ഡില്സുമിലാണ് മലയാളി താരങ്ങളുടെ മെഡല്‍ നേട്ടം. രണ്ടാം ദിനത്തില്‍ അഞ്ചു മലയാളികള്‍ വെങ്കലം നേടിയിരുന്നു. ഇതോടെ ഫെഡറേഷന് മീറ്റില്‍ മെഡല്‍ നേടുന്ന മലയാളി താരങ്ങളുടെ എണ്ണം എട്ടായി.
വനിതാ ട്രിപ്പിള്‍ജംപില്‍ ജെഎസ്ഡബ്ല്യുവിനായി മത്സരിച്ച കണ്ണൂര്‍ കേളകം സ്വദേശി സാന്ദ്രാ ബാബു വെള്ളിയും (13.48 മീറ്റര്‍), തൃശൂര്‍ ചേലക്കര സ്വദേശി എന്‍.വി. ഷീന വെങ്കലവും (13.25 മീറ്റര്‍) നേടി. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജില്‍ പിജി ഹിസ്റ്ററി വിദ്യാര്‍ഥിനിയാണ് സാന്ദ്ര. കണ്ണൂര്‍ കേളകം ഇല്ലിമുക്ക് തയ്യുള്ളതില്‍ ടി.കെ. ബാബുവിന്റെയും മിശ്രകുമാരിയുടെയും മകള്‍.
2017 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവാണ് ഷീന. തിരുവനന്തപുരത്ത് കൃഷി വകുപ്പില്‍ എല്‍ഡി ക്ലര്‍ക്കാണ്. തൃശൂര്‍ ചേലക്കര നെല്ലിക്കല്‍ വര്‍ക്കിയുടെയും ശോശാമ്മയുടെയും മകള്‍. മലയാളി താരങ്ങളെ പിന്തള്ളി മഹാരാഷ് ട്രയുടെ നിഹാരിക വസിഷ്ഠ് ഈ ഇനത്തില്‍ സ്വര്‍ണം (13.49 മീറ്റര്‍) സ്വന്തമാക്കി.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തമിഴ്നാടിന്റെ വിത്യ രാംരാജ് റിക്കാര്‍ഡോടെ സ്വര്‍ണത്തിലെത്തി (56.04 സെക്കന്‍ഡ്). ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവാണ് വിത്യ.
2019ല്‍ പാട്യാല മീറ്റില്‍ സരിതാബെന്‍ ഗെയ്ക്വാദ് കുറിച്ച 57.21 സെക്കന്‍ഡ് ഇതോടെ പഴങ്കഥയായി. ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനും വിത്യ യോഗ്യത നേടി. 57.80 സെക്കന്‍ഡായിരുന്നു ഏഷ്യന്‍ യോഗ്യത മാര്‍ക്ക്. കഴിഞ്ഞദിവസം 400 മീറ്ററില്‍ താരം വെള്ളി നേടിയിരുന്നു.
കേരളത്തിന്റെ ആര്. അനുവിനാണ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളി (58.26). തമിഴ്നാടിന്റെ ആര്. അശ്വിനി വെങ്കലം നേടി (1:02.41). വനംവകുപ്പില്‍ സീനിയര്‍ സുപ്രണ്ടന്റാണ് അനു. തിരുവനന്തപുരം എല്‍എന്‍സിപിയിലാണ് പരിശീലിക്കുന്നത്. പാലക്കാട് എരുമയൂര്‍ സ്വദേശിനിയാണ്.വടക്കുംപുറം വീട്ടില്‍ പരേതരായ രാഘവന്റെയു സുജാതയുടെയും മകള്‍.
മൂന്നാം ദിനം മറ്റു ഫൈനലുകളില്‍ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ഗുജറാത്തിന്റെ സുനില്‍ ജോളിയ ജിനാഭായ് (8:43.82), ഹാമര്‍ത്രോയില്‍ റിലയന്‍സിന്റെ ദംനീത് സിംഗ് (68.30), വനിതകളുടെ 3000 സ്റ്റീപ്പിള്‍ചേസില്‍ മധ്യപ്രദേശിന്റെ മഞ്ജു അജയ് യാദവ് (10:34.08), ഷോട്ട്പുട്ടില്‍ ഉത്തര്‍പ്രദേശിന്റെ വിധി (16.10) എന്നിവര്‍ സ്വര്‍ണം നേടി.