കാശി കലക്കി
Thursday, April 24, 2025 12:41 AM IST
ഭുവനേശ്വര്‍: സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ അട്ടിമറി ജയത്തിലൂടെ ഇന്റര്‍ കാശി ക്വാര്‍ട്ടര്‍ ഫൈനലില്‍. ഐഎസ്എല്‍ 2024-25 സീസണ് ഫൈനലിസ്റ്റുകളായ ബംഗളൂരു എഫ്സിയെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയാണ് ഇന്റര്‍ കാശിയുടെ മുന്നേറ്റം. നിശ്ചിത സമയത്ത് ഇരുടീമും 1-1 സമനില പാലിച്ചു. തുടര്‍ന്നു നടന്ന ഷൂട്ടൗട്ടില്‍ ഇന്റര്‍ കാശി 5-3നു ജയം സ്വന്തമാക്കി.
ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം റയാന് ഡെയ്ല്‍ വില്യംസിലൂടെ 61-ാം മിനിറ്റില്‍ ബംഗളൂരു എഫ്സി ലീഡ് നേടി. ആല്‍ബര്‍ട്ടോ നൊഗേരയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. ഗോള്‍ കീപ്പര്‍ ശുഭം ദാസിന്റെ പിഴവായിരുന്നു ഗോളിലേക്കു വഴി തുറന്നത്.
88-ാം മിനിറ്റില്‍ മതിജ ബാബോവിച്ചിന്റെ ഫിനിഷിംഗിലൂടെ ഇന്റര്‍ കാശി സമനില പിടിച്ചു. ഷൂട്ടൗട്ടില്‍ ബംഗളൂരുവിന്റെ ആല്‍ബര്‍ട്ടോ നൊഗേരയ്ക്കു ലക്ഷ്യം കാണാന്‍ സാധിച്ചില്ല. മലയാളി താരം ബിജോയ് വര്‍ഗീസായിരുന്നു ഷൂട്ടൗട്ടില്‍ ഇന്റര്‍ കാശിയുടെ രണ്ടാം ഗോളിന്റെ ഉടമ.
ഇന്നലെ നടന്ന രണ്ടാം പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്സി 4-0നു ചെന്നൈയിന് എഫ്സിയെ തകര്‍ത്തു. ലാലിന്‍സുവാല ചാങ്തെ (64', 86') മുംബൈ സിറ്റിക്കുവേണ്ടി ഇരട്ടഗോള്‍ സ്വന്തമാക്കി. നിക്കോളാസ് കരേലിസ് (43'), ബിപിന്‍ സിംഗ് (90') എന്നിവരായിരുന്നു മുംബൈയുടെ മറ്റു ഗോള്‍ സ്കോറര്‍മാര്‍.