ബ്ലാക്ക് & വൈറ്റ് കപ്പ്
Monday, March 17, 2025 11:38 PM IST
ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോൾ ഫൈനലിൽ നിലവിലെ ചാന്പ്യന്മാരായ ലിവർപൂളിനെ തകർത്ത് 70 വർഷത്തെ ആഭ്യന്തര കിരീടം എന്ന കാത്തിരിപ്പിന് വിരാമമിട്ട് ന്യൂകാസിൽ യുണൈറ്റഡ്.
ലീഗ് കപ്പ് (കാരബാവൊ കപ്പ്) ഫൈനലിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് ജയം നേടിയാണ് ന്യൂകാസിൽ ഏഴു പതിറ്റാണ്ടു നീണ്ട കിരീട വരൾച്ച അവസാനിപ്പിച്ചത്. ഇതോടെ 1954-55ൽ എഫ്എ കപ്പിനുശേഷമുള്ള പ്രധാന ആഭ്യന്തര കിരീട നേട്ടം ന്യൂകാസിൽ യുണൈറ്റഡ് ആഘോഷിച്ചു.
കിരൻ ട്രിപ്പിയർ എടുത്ത കോർണർ ഹെഡ് ചെയ്ത് ഡാൻ ബേണ്‍ (45’) ലിവർപൂൾ ഗോൾവല കുലുക്കി ഫൈനൽ വിധിക്ക് തുടക്കമിട്ടു. 52-ാം മിനിറ്റിൽ അലക്സാണ്ടർ ഇസാക്ക ന്യൂകാസിലിന്റെ ലീഡ് 2-0നു സുരക്ഷിതമാക്കി.
മറുപടി ഗോളിനായി ലിവർപൂളിന് മത്സരത്തിന്റെ ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു. (90+4’) മിനിറ്റിൽ ഫെഡറിക്കോ കിയേസയാണ് ലിവർപൂളിനായി ആശ്വാസ ഗോൾ നേടിയത്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടം കാണാൻ 88,513 പേർ എത്തിയിരുന്നു.
1969ൽ ഇന്റർ-സിറ്റീസ് ഫെയേഴ്സ് കപ്പ് നേടിയതിനുശേഷം ന്യൂകാസിൽ സ്വന്തമാക്കുന്ന ആദ്യ സുപ്രധാന കിരീടമാണ് 2024-25 സീസണിലെ ലീഗ് കപ്പ്. അതേസമയം, ആർനെ സ്ലോട്ടിനു കീഴിൽ ആദ്യ കിരീടത്തിനായി ലിവർപൂൾ ഇനിയും കാത്തിരിക്കണം.
യുവേഫ ചാന്പ്യൻസ് ലീഗിൽ പിഎസ്ജിയോട് തോറ്റു പുറത്തായ ശേഷം മറ്റൊരു തോൽവിയാണ് ചെന്പട നേരിട്ടത്. ലിവർപൂളിനു മുന്നിൽ ഇനിയുള്ളത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടമാണ്. നിലവിൽ 70 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തിപ്പോരുകയാണ് ചെന്പട.
ഏഴു പതിറ്റാണ്ടിന്റെ കാത്തിരിപ്പ്
നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ടൈൻ നദിക്കരക്കാരുടെ ഏഴു പതിറ്റാണ്ടു നീണ്ട സുപ്രധാന ഫുട്ബോൾ ട്രോഫിക്കായുള്ള കാത്തിരിപ്പിനാണ് ഇതോടെ അവസാനമായിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയെ 1954-55 എഫ്എ കപ്പിന്റെ ഫൈനലിൽ കീഴടക്കി ആഹ്ലാദചിത്തരായ ബ്ലാക്ക് ആൻഡ് വൈറ്റ് ജഴ്സിക്കാർക്ക് 70 വർഷത്തിനുശേഷം ഇംഗ്ലണ്ടിൽ വീണ്ടുമൊരു ന്യൂകാസിൽ ഗ്ലോറി ഡേ.
ഹോം ഗ്രൗണ്ടായ സെന്റ് ജയിംസ് പാർക്കിലേക്ക് കഴിഞ്ഞ ഏഴു പതിറ്റാണ്ടും ഇടമുറിയാതെ ഒഴുകിയെത്തിയ ‘ദ് ടൂണ്‍ ആർമി’യുടെ പതാകവാഹകർക്കുള്ള സുദിനമായി 2024-25 ഇംഗ്ലീഷ് ലീഗ് കപ്പ് നേട്ടം. തങ്ങളുടെ പിതാമഹന്മാർക്കുള്ള നെയ്ത്തിരിയായി ദ് ടൂണ്‍ ഈ കിരീട നേട്ടം സമർപ്പിച്ചു.
നിരന്തരം പരാജയപ്പെട്ടപ്പോഴും ദ് ടൂണ്‍ ഒരിക്കൽപോലും അകന്നില്ല. ഹോം ഗ്രൗണ്ടിൽ കറുപ്പും വെളുപ്പുമായി അവർ തിങ്ങിനിറഞ്ഞു, ഒപ്പം എവേ മൈതാനങ്ങളിൽ കൃത്യമായി സാന്നിധ്യമറിയിക്കുകയും ചെയ്തു.
ഏഴു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമമിട്ട് വെംബ്ലിയുടെ മുറ്റത്ത് ക്യാപ്റ്റൻ ബ്രൂണോ ഗിമെറസ് കിരീടമുയർത്തുന്പോൾ നൂറ്റാണ്ടുപിന്നിട്ട ന്യൂകാസിലിന്റെ ചരിത്രമറിയുന്നവർ ആർത്തുല്ലസിച്ചു... അലൻ ഷിയറർ, ജാക്കി മിൽബേണ്, കെവിൻ കീഗൻ, ഡേവിഡ് ഗിനോള, പീറ്റർ ബേർഡ്സ്ലി എന്നിങ്ങനെ നീണ്ട ന്യൂകാസിൽ താരങ്ങൾക്കുള്ള ബിഗ് സല്യൂട്ടാണ് ഈ ലീഗ് കപ്പ് ജയം...