ക്യാപ്റ്റൻ സഞ്ജു സീസൺ 5
Monday, March 17, 2025 11:38 PM IST
ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ മലയാളികളുടെ അഭിമാനം, ക്യാപ്റ്റൻ സഞ്ജു സാംസണ്. ഐപിഎൽ ചരിത്രത്തിൽ ഏതെങ്കിലുമൊരു ടീമിന്റെ ക്യാപ്റ്റനായ ആദ്യ മലയാളി.
സഞ്ജു സാംസണ് രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന അഞ്ചാം സീസണ് ആണ് 2025. ഐപിഎല്ലിന്റെ 2021 എഡിഷനിലാണ് ഈ തിരുവനന്തപുരം സ്വദേശി ക്യാപ്റ്റൻസിയിൽ എത്തിയത്.
കോൽക്കത്ത നൈറ്റ് റൈഡേഴ്സായിരുന്നു (2012) സഞ്ജുവിനെ ആദ്യമായി കരാറിലെടുത്തത്.തുടർന്ന് രാജസ്ഥാനിൽ (2013, 2014, 2015) മൂന്നു സീസണ്. ഡൽഹി ക്യാപ്പിറ്റൽസിനുവേണ്ടി (2016, 2017) കളിച്ച ചരിത്രവും സഞ്ജുവിനുണ്ട്. 2018ൽ ഡൽഹിയിൽനിന്നു രാജസ്ഥാനിൽ.
മൂന്നിൽനിന്ന് ഓപ്പണിംഗ് റോൾ
മൂന്നാം നന്പറിൽ സ്ഥിരമായി ഇറങ്ങിയിരുന്ന സഞ്ജു സാംസണ് ഇത്തവണ ഓപ്പണർ സ്ഥാനത്തായിരിക്കും. യശസ്വി ജയ്സ്വാൾ-സഞ്ജു ഓപ്പണിംഗ് കൂട്ടുകെട്ടായിരിക്കും 2025 സീസണിൽ രാജസ്ഥാനു വെടിക്കെട്ടു തുടക്കം കുറിക്കുക. കാരണം, ഇന്ത്യക്കായി സഞ്ജു ട്വന്റി-20 ഓപ്പണർ സ്ഥാനമാണ് നിലവിൽ നിർവഹിക്കുന്നത്.
അതേസമയം, ഐപിഎൽ ചരിത്രത്തിൽ മൂന്നാം നന്പറിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയതിൽ രണ്ടാം സ്ഥാനക്കാരനാണ് സഞ്ജു. 92 ഇന്നിംഗ്സിൽനിന്ന് 143.63 സ്ട്രൈക്ക് റേറ്റിൽ 3035 റണ്‍സ്. സുരേഷ് റെയ്ന (171 ഇന്നിംഗ്സിൽ 137.62 സ്ട്രൈക്ക് റേറ്റിൽ 4934 റണ്‍സ്) മാത്രമാണ് മൂന്നാം നന്പറിൽ സഞ്ജുവിനേക്കാൾ റണ്‍സ് ഐപിഎല്ലിൽ നേടിയിട്ടുള്ളത്.
ക്യാപ്റ്റൻസി ചരിത്രം
സഞ്ജു സാംസണ് ഇതുവരെ 61 മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി. അതിൽ 31 എണ്ണത്തിൽ ജയിച്ചു. ക്യാപ്റ്റൻ എന്ന നിലയിൽ ഒരു സെഞ്ചുറി അടക്കം 1835 റണ്‍സും സഞ്ജു സ്വന്തമാക്കി. 119 ആണ് ഉയർന്ന സ്കോർ.
സഞ്ജു ക്യാപ്റ്റനായുള്ള ആദ്യ സീസണിൽ ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്തായിരുന്നു രാജസ്ഥാൻ. എന്നാൽ, 2022 സീസണിൽ ഫൈനൽവരെ എത്തി. 2023ൽ പിന്നോട്ടടിച്ചു, ലീഗിൽ അഞ്ചാം സ്ഥാനം. 2024ൽ പ്ലേ ഓഫിൽ എത്തി, മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു.
2008ലെ പ്രഥമ ഐപിഎൽ ചാന്പ്യന്മാരായ രാജസ്ഥാൻ റോയൽസിനെ രണ്ടാം കിരീടത്തിൽ എത്തിക്കാൻ സഞ്ജുവിനു സാധിക്കുമോ...? സഞ്ജുവിനു കൂട്ടായി മുഖ്യപരിശീലകനായി രാഹുൽ ദ്രാവിഡ് എത്തുന്ന സീസണ് ആണ് 2025.
സഞ്ജു ക്യാപ്റ്റൻസി
ഐപിഎല്ലിൽ
മത്സരം: 61
ജയം: 31
തോൽവി: 29
ഫലമില്ല: 01
വിജയ ശതമാനം: 50.81
തോൽവി ശതമാനം: 47.54