ബംഗ്ലാദേശിനെ ആറു വിക്കറ്റിനു കീഴടക്കി ഇന്ത്യ, ഗില്ലിനു സെഞ്ചുറി
Friday, February 21, 2025 12:07 AM IST
ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ആധികാരിക ജയത്തോടെ ടീം ഇന്ത്യ സൈന്‍ ഇന്‍ ചെയ്തു. ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശിനെ ആറു വിക്കറ്റിന് ഇന്ത്യ കീഴടക്കി.
സെഞ്ചുറി നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ മികവിലാണ് ഇന്ത്യ ജയത്തിലെത്തിയത്. 129 പന്തില്‍ 101 റണ്‍സുമായി ഗില്‍ പുറത്താകാതെ നിന്നു. ഗില്ലിനൊപ്പം കെ.എല്‍. രാഹുലും (47 പന്തില്‍ 41 നോട്ടൗട്ട്) ചേര്‍ന്നാണ് ഇന്ത്യയെ ജയത്തിലേക്കു കൈപിടിച്ചത്. രാജ്യാന്തര ഏകദിനത്തില്‍ ഗില്ലിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (41), വിരാട് കോഹ്ലി (22), ശ്രേയസ് അയ്യര്‍ (15), അക്സര്‍ പട്ടേല്‍ (8) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്കു നഷ്ടപ്പെട്ടത്. ഗില്ലാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
തൗഹിദ് സെഞ്ചുറി; റിക്കാര്‍ഡ് കൂട്ടുകെട്ട്
രാജ്യാന്തര ഏകദിനത്തില്‍ കന്നി സെഞ്ചുറിയുമായി തൗഹിദ് ഹൃദോയിയാണ് (118 പന്തില്‍ 100) ബംഗ്ലാദേശിനെ വന്‍ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്. രണ്ടു സിക്സും ആറു ഫോറും അടങ്ങുന്നതായിരുന്നു തൗഹിദിന്റെ കന്നി സെഞ്ചുറി.
അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയില്‍ ജാക്കര്‍ അലിയും തൗഹിദ് ഹൃദോയിയും ക്രീസില്‍ ഒന്നിച്ചു. ഇരുവരും ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 154 റണ്‍സ് പിറന്നു. ജാക്കര്‍ അലി 114 പന്തില്‍ നാലു ഫോറിന്റെ അകമ്പടിയോടെ 68 റണ്‍സ് നേടി. രാജ്യാന്തര ഏകദിനത്തില്‍ ഇന്ത്യക്കെതിരേ ഏതൊരു വിക്കറ്റിലും ബംഗ്ലാദേശിന്റെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്.
മിഡില്‍ ഓവറില്‍ വിക്കറ്റില്ല
ഒമ്പതാം ഓവറിന്റെ മൂന്നാം പന്തിലാണ് ബംഗ്ലാദേശിന്റെ അഞ്ചാം വിക്കറ്റ് വീണത്. ആറാം വിക്കറ്റ് വീണത് 43-ാം ഓവറിന്റെ നാലാം പന്തിലും. 11 മുതല്‍ 40 വരെയുള്ള ഓവറുകള്‍ക്കിടെ ഏകദിനത്തില്‍ ഇന്ത്യക്കു എതിര് വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാതിരുന്നത് ഇത് അഞ്ചാം തവണ.2002ലായിരുന്നു സമാനമായി മിഡില്‍ ഓവറില്‍ ഇന്ത്യക്കു വിക്കറ്റ് നേടാന്‍ സാധിക്കാതിരുന്നത്.
അക്സറിനു ഹാട്രിക്ക് നഷ്ടം
ഒമ്പതാം ഓവര്‍ എറിയാനെത്തിയ അക്സര്‍ പട്ടേലിന് നിര്‍ഭാഗ്യത്താല്‍ ഹാട്രിക്ക് നഷ്ടമായി. ഓവറിലെ രണ്ടാം പന്തില്‍ തന്‍സിദ് ഹസനെയും (25) മൂന്നാം പന്തില്‍ മുഷ്ഫിഖുര്‍ റഹീമിനെയും (0) പുറത്താക്കിയ അക്സര്‍ പട്ടേല്‍, നാലാം പന്തില്‍ ജാക്കര്‍ അലിയെ ഔട്ട്സൈഡ് എഡ്ജ് ആക്കിയിരുന്നു. എന്നാല്‍, സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് അനായാസ ക്യാച്ച് എടുക്കാന്‍ സാധിച്ചില്ല. അക്സറിന്റെ ഇരട്ട വിക്കറ്റ് നേട്ടമാണ് ബംഗ്ലാദേശിനെ 35/5ലേക്ക് ഒതുക്കിയത്.
200: ഷമി റിട്ടേണ്‍സ്; റിക്കാര്‍ഡും
10 ഓവറില്‍ 53 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയായിരുന്നു ബംഗ്ലാദേശിനെതിരേ ഇന്ത്യന്‍ പേസ് ആക്രമണം നയിച്ചത്. 2023 ഏകദിന ലോകകപ്പ് ഫൈനലിനുശേഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെയായിരുന്നു ഷമി മത്സരവേദിയിലേക്കു തിരിച്ചെത്തിയതെന്നതും ശ്രദ്ധേയം. അഞ്ചു വിക്കറ്റ് നേട്ടത്തിനിടെ ഏകദിനത്തില്‍ 200 വിക്കറ്റും ഷമി തികച്ചു. 104-ാം മത്സരത്തിലായിരുന്നു ഷമിയുടെ 200 വിക്കറ്റ് നേട്ടം. 197 വിക്കറ്റുമായി ആയിരുന്നു ഷമി ബംഗ്ലാദേശിനെതിരേ ഇറങ്ങിയത്.
രാജ്യാന്തര ഏകദിനത്തില്‍ മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ അതിവേഗം 200 വിക്കറ്റ് തികയ്ക്കുന്നതില്‍ രണ്ടാം സ്ഥാനത്തും ഷമിയെത്തി. പാക്കിസ്ഥാന്റെ സഖ്ലൈന് മുഷ്താഖിന് (104-ാം മത്സരത്തില്‍) ഒപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് ഷമി. 102 മത്സരത്തില്‍ 200 വിക്കറ്റ് ക്ലബ്ബിലെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേരിലാണ് റിക്കാര്‍ഡ്. അതേസമയം, പന്തുകളുടെ അടിസ്ഥാനത്തില്‍ ഷമി റിക്കാര്‍ഡ് കുറിച്ചു. 5126 പന്തിലാണ് ഷമി 200 വിക്കറ്റിലെത്തിയത്. 5240 പന്തില്‍ 200 തികച്ച സ്റ്റാര്‍ക്കിനെ ഷമി പിന്തള്ളി.
രോഹിത് 11,000; സച്ചിനെ പിന്തള്ളി
രാജ്യാന്തര ഏകദിനത്തില്‍ 11,000 റണ്‍സ് ക്ലബ്ബില്‍ രോഹിത് ശര്‍മ. ബംഗ്ലാദേശിനെതിരേ 36 പന്തില്‍ 41 റണ്‍സ് നേടിയ ഇന്നിംഗ്സിനിടെയാണ് രോഹിത് ഈ നാഴികക്കല്ല് പിന്നിട്ടത്. രോഹിത്തും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 9.5 ഓവറില്‍ 69 റണ്‍സ് നേടി.
261-ാം ഇന്നിംഗ്സിലാണ് രോഹിത് 11,000 റണ്‍സ് തികച്ചത്. അതിവേഗം 11,000 റണ്‍സില്‍ വിരാട് കോഹ്ലിക്കു പിന്നില്‍ (222 ഇന്നിംഗ്സ്) രണ്ടാമതും രോഹിത് എത്തി. സച്ചിന് തെണ്ടുല്‍ക്കറിനെയാണ് (276 ഇന്നിംഗ്സ്) രോഹിത് മറികടന്നത്. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിലും കോഹ്ലിക്കു (11,831) പിന്നില്‍ രണ്ടാമതാണ് രോഹിത് (11,868).