രഞ്ജി ട്രോഫിയില്‍ മുഹമ്മദ് അസ്ഹറുദ്ദീന് ചരിത്ര സെഞ്ചുറി, കേരളം 418/7
Wednesday, February 19, 2025 3:14 AM IST
അഹമ്മദാബാദ്: കന്നി രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനല്‍ എന്ന സ്വപ്നത്തിലേക്കു കേരളത്തെ കൈപിടിക്കുന്ന ചരിത്ര സെഞ്ചുറിയുമായി കാസര്ഗോഡുകാരന് മുഹമ്മദ് അസ്ഹറദ്ദീന്‍ ക്രീസില്‍ കസറി.
ഗുജറാത്തിന് എതിരായ സെമി ഫൈനലിന്റെ ഒന്നാം ഇന്നിംഗ്സില്‍ കേരളത്തെ കൂറ്റന്‍ സ്കോറിലേക്കു നയിക്കുന്ന സെഞ്ചുറിയാണ് കാസര്‍ഗോഡ് തളങ്കര സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റില്‍നിന്ന് ഇന്നലെ അഹമ്മദാബാദില്‍ പിറന്നത്. 17 ഫോറിന്റെ അകമ്പടിയോടെ 149 റണ്‍സുമായി അസ്ഹറുദ്ദീന് പുറത്താകാതെ നിന്നു.
അതോടെ സെമി ഫൈനലിന്റെ രണ്ടാംദിനവും കേരളം സ്വന്തമാക്കി. ആദ്യദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ച കേരളം, രണ്ടാംദിനം ക്രീസ് വിടുമ്പോള്‍ ഒന്നാം ഇന്നിംഗ്സില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സ് എടുത്തു.
22 പന്തില്‍ 10 റണ്‍സുമായി ആദിത്യ സര്‍വതെയാണ് മുഹമ്മദ് അസ്ഹറുദ്ദീന് ഒപ്പം ക്രീസില്‍.
ചരിത്ര സെഞ്ചുറി
രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഒരു കേരള താരത്തിന്റെ ആദ്യ സെഞ്ചുറി എന്ന ചരിത്രനേട്ടം മുഹമ്മദ് അസ്ഹറുദ്ദീന് സ്വന്തമാക്കി. നേരിട്ട 175-ാം പന്തിലായിരുന്നു അസ്ഹറുദ്ദീന്റെ സെഞ്ചുറി. സെഞ്ചുറിയിലേക്കുള്ള കുതിപ്പിനിടെ 13 ഫോര്‍ അസ്ഹറുദ്ദീന്റെ ബാറ്റില്‍നിന്നു പിറന്നു. രഞ്ജി ട്രോഫിയില്‍ കേരളം 2018-19 സീസണില്‍ മാത്രമാണ് ഇതിനു മുമ്പ് സെമിയില്‍ പ്രവേശിച്ചത്.
ക്ഷമയും മാനസിക മുന്‍തൂക്കവുമുള്ള ഇന്നിംഗ്സായിരുന്നു അസ്ഹറുദ്ദീന്റേത്. ഗുജറാത്ത് ബൗളര്‍മാരുടെ ആക്രമണത്തെ ശ്രദ്ധാപൂര്‍വം നേരിട്ട അസ്ഹറുദ്ദീന് 303 പന്തില്‍നിന്ന് 149 റണ്‍സുമായി പുറത്താകാതെ നിന്നു. 17 ഫോര്‍ മാത്രമാണ് അസ്ഹറുദ്ദീന്റെ ബാറ്റില്‍നിന്നു പിറന്നത്, ഒരു സിക്സ് പോലും ഇല്ലെന്നതും ശ്രദ്ധേയം.
ആദ്യദിനം അവസാനിച്ചപ്പോള്‍ 66 പന്തില്‍നിന്ന് 30 റണ്‍സുമായി മുഹമ്മദ് അസ്ഹറുദ്ദീന് ക്രീസിലുണ്ടായിരുന്നു. രണ്ടാംദിനം മുഴുവന്‍ ക്രീസില്‍ തുടര്‍ന്ന അസ്ഹറുദ്ദീന് ഗുജറാത്ത് ബൗളര്‍മാരുടെ കുരുക്കില്‍ അകപ്പെടാതെ ക്രീസ് വിട്ടു.
രഞ്ജി ട്രോഫിയില്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ രണ്ടാം സെഞ്ചുറിയാണ്. ഏഴു വര്‍ഷത്തിനുശേഷമാണ് അസ്ഹറുദ്ദീന്റെ രണ്ടാം സെഞ്ചുറിയെന്നതും ശ്രദ്ധേയം. മൂന്നാം നമ്പറായി എത്തിയായിരുന്നു രഞ്ജിയില്‍ ഈ കാസര്‍ഗോഡുകാരന്റെ ആദ്യ സെഞ്ചുറി, ഇത്തവണ ആറാം നമ്പറായാണ് ക്രീസിലെത്തിയത്.
സല്മാന് നിസാര്‍ (52)
193 പന്തില്‍ 69 റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന് ബേബിയും 30 റണ്‍സുമായി മുഹമ്മദ് അസ്ഹറുദ്ദീനുമായിരുന്നു രണ്ടാംദിനമായ ഇന്നലെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. രണ്ടാംദിനം നേരിട്ട രണ്ടാം പന്തില്‍ സച്ചിന് ബേബി പുറത്ത്. തലേദിവസത്തെ സ്കോറിനോട് ഒരു റണ്‍ പോലും ചേര്‍ക്കാന്‍ സച്ചിനു സാധിച്ചില്ല.
ഏഴാം നമ്പറായി സല്മാന് നിസാര്‍ ക്രീസില്‍. മുഹമ്മദ് അസ്ഹറുദ്ദീനും സല്മാന് നിസാറും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 149 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 368 പന്തില്‍നിന്നായിരുന്നു ഇത്. 202 പന്തില്‍ നാലു ഫോറും ഒരു സിക്സും ഉള്‍പ്പെടെ 52 റണ്‍സ് നേടിയ സല്മാന് നിസാര്‍ പുറത്തായപ്പോള്‍ കേരളത്തിന്റെ സ്കോര്‍ 355ല്‍ എത്തിയിരുന്നു. തുടര്‍ന്നു ക്രീസിലെത്തിയ അഹമ്മദ് ഇമ്രാന് 66 പന്തില്‍ 24 റണ്‍സ് നേടി. മുഹമ്മദ് അസ്ഹറുദ്ദീനും അഹമ്മദ് ഇമ്രാനും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 40 റണ്‍സ് ചേര്‍ത്തു. ആദിത്യ സര്‍വതെയും അസ്ഹറുദ്ദീനും ചേര്‍ന്നുള്ള എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 23 റണ്‍സ് പിറന്നിട്ടുണ്ട്.
പയ്യെത്തിന്നാല്‍...
പയ്യെത്തിന്നാല്‍ പനയും തിന്നാം എന്ന പഴഞ്ചൊല്ല് അന്വര്‍ഥമാക്കുന്നതായിരുന്നു രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍ ഗുജറാത്തിനെതിരേ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ്. മത്സരത്തിന്റെ ആദ്യ രണ്ടു ദിനങ്ങളിലും കേരളം തങ്ങളുടെ നിലപാടായ മെല്ലപ്പോക്കു നയം തുടര്‍ന്നു. ടെസ്റ്റിന്റെ എല്ലാ ചാരുതയും വിളിച്ചോതി, ഗുജറാത്ത് ബൗളര്‍മാരുടെയും ഫീല്‍ഡര്‍മാരുടെയും ക്ഷമയെ ടെസ്റ്റ് ചെയ്യുന്നതായിരുന്നു ഓരോ കേരള ബാറ്റര്‍മാരുടെയും രീതി.
ഓപ്പണര്‍മാര്‍ മുതല്‍ രണ്ടാംദിനമായ ഇന്നലെ ഒമ്പതാം നമ്പറായി ക്രീസിലെത്തിയ ആദിത്യ സര്‍വതെ വരെയുള്ളവര്‍ ഈ നയത്തില്‍ കടുകിട വ്യത്യാസം വരുത്തിയില്ല. ടീം എന്ന നിലയില്‍ ഒരു നിലപാട്, ഒരു ലക്ഷ്യം എന്നതാണ് കേരളം ആദ്യ രണ്ടു ദിനങ്ങളിലും അഹമ്മദാബാദില്‍ കാഴ്ചവച്ചത്.
ക്ഷമയോടെയുള്ള ബാറ്റിംഗായിരുന്നു ഓരോ കേരള ബാറ്റര്‍മാരും നടത്തിയത്. 303 പന്ത് നേരിട്ട് 149 റണ്‍സുമായി പുറത്താകാതെ നില്ക്കുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ സ്ട്രൈക്ക് റേറ്റ് 49.17. ആദ്യ രണ്ടു ദിനത്തില്‍ കേരള ഒന്നാം ഇന്നിംഗ്സിലെ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റാണിത്.
അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സച്ചിന് ബേബിയുടെ (69 റണ്‍സ്) സ്ട്രൈക്ക് റേറ്റ് 35.38ഉം സല്മാന് നിസാറിന്റേത് (52 റണ്‍സ്) 25.74ഉം മാത്രം. രണ്ടു ദിനം പൂര്‍ത്തിയായപ്പോള്‍ 177 ഓവറിലാണ് കേരളം 418/7 എന്ന സ്കോറില്‍ ക്രീസ് വിട്ടത്. റണ്‍ റേറ്റ് വെറും 2.36! മൂന്നാംദിനമായ ഇന്നും ഈ നയം വിടാതെ പിടിച്ചാല്‍ ചരിത്ര രഞ്ജി ഫൈനല്‍ എന്ന സ്വപ്നം വിദൂരമല്ല...