ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ഇനി 2 ദിനം
Monday, February 17, 2025 1:26 AM IST
ഐസിസി ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിനു തുടക്കം കുറിക്കാന്‍ ഇനിയുള്ളതു വെറും രണ്ടു ദിനങ്ങളുടെ മാത്രം അകലം. പാക്കിസ്ഥാന് ആതിഥേയത്വം വഹിക്കുന്ന 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് ബുധനാഴ്ച കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30ന് ആതിഥേയരായ പാക്കിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാക്കിസ്ഥാന്, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന് ടീമുകളും.
ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് പോരാട്ടത്തില്‍ ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയിലേക്കു മുന്നേറുക. ഗ്രൂപ്പ് ബിയാണ് അല്പം കടുപ്പമുള്ള ഗ്രൂപ്പ്. രണ്ടു സെമി ഫൈനല്‍ സ്ഥാനത്തിനായി ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ കരുത്തര്‍ക്കൊപ്പം അഫ്ഗാനിസ്ഥാനും പോരാടം.
ഓസ്ട്രേലിയ (2006, 2009)
ഐസിസി ചാമ്പ്യന്‍സ് ട്രോഫി രണ്ടു തവണ സ്വന്തമാക്കിയ ടീമാണ് ഓസ്ട്രേലിയ. 2006, 2009 എഡിഷനുകളിലാണ് ഓസീസ് ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തംവച്ചത്. എന്നാല്‍, 2025 എഡിഷനില്‍ ഇറങ്ങുമ്പോള്‍ ഓസ്ട്രേലിയ ചെറിയ പ്രതിസന്ധിയിലാണ്. മൂന്നു മുന്‍നിര പേസര്‍മാരുടെ അഭാവത്തിലാണ് ഓസ്ട്രേലിയ എത്തിയിരിക്കുന്നത്. സ്ഥിരം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ പരിക്കിനെത്തുടര്‍ന്നും മിച്ചല്‍ സ്റ്റാര്‍ക്ക് വ്യക്തിപരമായ കാരണങ്ങളാലും ഓസീസ് ടീമിനൊപ്പം ഇല്ല. പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയെ നയിക്കുന്നത്.
ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച മാര്‍കസ് സ്റ്റോയിന്‍സ് എന്നിവരും കംഗാരുക്കള്‍ക്കൊപ്പം ഇല്ല. ഷോണ്‍ ആബട്ട്, ബെന്‍ ഡ്വാര്‍ഷുയിസ്, ജേക് ഫ്രേസര്‍, സ്പെന്‍സര്‍ ജോണ്സണ്, തന്‍വീര്‍ സംഘ എന്നിങ്ങനെ കഴിവു തെളിയിക്കാന്‍ കാത്തിരിക്കുന്നവര്‍ ടീമിലുണ്ട്. വലിയ ടൂര്‍ണമെന്റുകളില്‍ ഓസീസിനുള്ള ആധിപത്യം ഇത്തവണയും തുടര്‍ന്നാല്‍ കപ്പ് കംഗാരുക്കള്‍ കൊണ്ടുപോയേക്കും. ഇംഗ്ലണ്ടിനെതിരേ 22നാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം.
ദക്ഷിണാഫ്രിക്ക (1998)
ഐസിസി ടൂര്‍ണമെന്റുകളില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന് അവകാശപ്പെടാനുള്ള ഏക കിരീടം ചാമ്പ്യന്‍സ് ട്രോഫിയാണ്. 1998 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തംവച്ച ദക്ഷിണാഫ്രിക്ക, തങ്ങളുടെ രണ്ടാം ഐസിസി കിരീടത്തിനായാണ് പാക്കിസ്ഥാനില്‍ എത്തിയിരിക്കുന്നത്.
ചാമ്പ്യന്‍സ് ട്രോഫിക്കു മുന്നോടിയായി നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ പക്ഷേ, പ്രോട്ടീസിന്റെ പ്രകടനം അത്രമികച്ചതല്ലായിരുന്നു എന്നതും ശ്രദ്ധേയം.
തെംബ ബൗമയാണ് പ്രോട്ടീസിന്റെ ക്യാപ്റ്റന്‍. പരിക്കിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കും പേസ് താര നഷ്ടം ഉണ്ടായി. ആന്റിച്ച് നോര്‍ക്കിയയാണ് പരിക്കിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ സംഘത്തില്‍നിന്നു പുറത്തായത്. കോര്ബിന് ബോഷ് പകരക്കാരനായി ടീമില്‍ എത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരേ 21നാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം.
ഇംഗ്ലണ്ട്; 2 തവണ ഫൈനലില്‍
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിന് ഇതുവരെ കിരീടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. 2004, 2013 എഡിഷനുകളില്‍ ഫൈനലില്‍ ഇംഗ്ലീഷുകാര്‍ പരാജയപ്പെട്ടു. 2004ല്‍ വെസ്റ്റ് ഇന്‍ഡീസിനോടും 2013ല്‍ ഇന്ത്യയോടുമായിരുന്നു ഇംഗ്ലണ്ടിന്റെ ഫൈനല്‍ തോല്‍വി. ജോസ് ബട്ലര് നയിക്കുന്ന ഇത്തവണത്തെ ടീമിന് കപ്പില്കുറഞ്ഞ ഒന്നും ചിന്തയിലില്ല. ഇന്ത്യയോട് ഏകദിന പരമ്പരയില്‍ 3-0ന്റെ ദയനീയ തോല്‍വി വഴങ്ങിയെങ്കിലും ബ്രണ്ടന്‍ മക്കല്ലം പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ടിനെ തള്ളിക്കളയാന്‍ സാധിക്കില്ല.
ഐസിസി 2025 ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ ഏറ്റവും ആദ്യം പ്രഖ്യാപിച്ചത് ഇംഗ്ലണ്ട് ആയിരുന്നു. അവസാന നിമിഷം ചെറിയ ഒരു മാറ്റം ഇംഗ്ലണ്ട് വരുത്തി. പരിക്കേറ്റ ജേക്കബ് ബെഥേലിനു പകരം ബാറ്റര്‍ ടോം ബാന്റണ് ടീമിലുള്‍പ്പെട്ടു. ചാമ്പ്യന്‍സ് ലീഗില്‍ ഓസ്ട്രേലിയയ്ക്കെതിരേ 22നാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.
അഫ്ഗാനിസ്ഥാന്; കന്നിക്കാര്
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇത്തവണ അരങ്ങേറ്റം നടത്തുന്ന ടീമാണ് അഫ്ഗാനിസ്ഥാന്. ഹഷ്മത്തുള്ള ഷാഹിദി നയിക്കുന്ന അഫ്ഗാനിസ്ഥാന് 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ കറുത്ത കുതിരകളാകാന്‍ കരുത്തുള്ള ടീമാണ്. ഇബ്രാഹിം സദ്രാന്, റഹ്മാനുള്ള ഗുര്‍ബാസ്, ഗുല്‍ബാദിന്‍ നായിബ്, അസ്മത്തുള്ള ഒമര്‍സായ്, റാഷിദ് ഖാന് എന്നിങ്ങനെ നീളുന്നു അഫ്ഗാനിസ്ഥാന് ടീമിലെ കരുത്തരുടെ നിര.
പരിക്കിന്റെ പ്രഹരം അഫ്ഗാനിസ്ഥാനും നേരിടേണ്ടിവന്നിരുന്നു. സ്പിന്നര്‍ ഗസന്ഫറിനു പരിക്കേറ്റതോടെ ഇരുപതുകാരനായ ഇടംകൈയ്യന്‍ നംഗ്യാല്‍ ഖരോട്ടിനെ ടീമിലെത്തിച്ചു. 21നു ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരം.
2.30 pm
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30നാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ അരങ്ങേറുന്നത്. ഗ്രൂപ്പ്, സെമി, ഫൈനല്‍ മത്സരങ്ങളെല്ലാം ഇതേ സമയത്ത് ആരംഭിക്കും. പാക്കിസ്ഥാനില്‍ കറാച്ചി നാഷണല്‍ സ്റ്റേഡിയം, ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയം, റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുക.
ഇന്ത്യയുടെ മത്സരങ്ങള്‍ക്കു ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകും. സെമി, ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ത്യ യോഗ്യത നേടിയാല്‍ ആ മത്സരങ്ങളും ദുബായില്‍ ആയിരിക്കും.
ഇന്ത്യ സെമി, ഫൈനല്‍ പോരാട്ടങ്ങള്‍ക്കു യോഗ്യത നേടിയില്ലെങ്കില്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം ഈ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. 2017നുശേഷം നടക്കുന്ന ആദ്യ ചാന്പ്യൻസ് ട്രോഫിയാണ് ഇത്തവണത്തേത്.