കേരള ബ്ലാസ്റ്റേഴ്സ് ഹോം മത്സരത്തിൽ രാത്രി 7.30നു മോഹൻ ബഗാനെ നേരിടും
Friday, February 14, 2025 11:49 PM IST
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. രാത്രി 7.30ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഹോം മത്സരത്തിൽ ശക്തരായ മോഹൻ ബഗാനാണ് എതിരാളി.
24 പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് പ്ലെ ഓഫിലെത്താൻ ജയം അനിവാര്യമാണ്. ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിച്ചാലേ പ്ലെ ഓഫ് സാധ്യതയുള്ളൂ.
മോഹൻ ബഗാൻ ഒന്നാം സ്ഥാനം നിലനിർത്തി മുന്നേറാനുറച്ചാണ് ബ്ലാസ്റ്റേഴ്സ് കാണികൾക്കു മുന്നിൽ ഇറങ്ങുക. അവസാന മൂന്നു മത്സരവും ജയിച്ച് മികച്ച ഫോമിലുള്ള ബഗാൻ, ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാണ്.
പുതിയ പരിശീലകന്റെ കീഴിൽ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത് മൂന്ന് ജയവും ഒരു സമനിലയും സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സും ഫോമിലാണ്. അവസാന മത്സരത്തിൽ ചെന്നൈയിനെ അവരുടെ തട്ടകത്തിൽ 3-1ന് വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെതിരേ ഇറങ്ങുന്നത്.
നോഹ് കളിക്കില്ല
ബ്ലാസ്റ്റേഴ്സിന്റെ രണ്ടു താരങ്ങൾ പരിക്കിന്റെ പിടിയിലായത് തിരിച്ചടിയാണ്. സ്ട്രൈക്കർ നോഹ് സദൗയി പരിക്കിനെത്തുടർന്ന് കളിക്കില്ല. അനിരുദ്ധ് ഥാപെയും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല.
പരിശീലനത്തിനിടെ പരിക്കേറ്റ നോഹിനു രണ്ടാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരും. ഏഴ് ഗോളും അഞ്ച് അസിസ്റ്റുകളുമായി നോഹ് ഈ സീസണിൽ മിന്നും ഫോമിലാണ്.
ഇരുടീമും ഒന്പത് പ്രാവശ്യം നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ ഏഴു ജയം നേടിയ മോഹൻ ബഗാൻ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ബഗാനെതിരേ ഒരു ജയം മാത്രമേ ഇതുവരെ ബ്ലാസ്റ്റേഴ്സിനുള്ളൂ.