ഡെറാഡൂണ് ഗുഡ്ബൈ...
ഡെറാഡൂണിൽനിന്ന് അനിൽ തോമസ്
Friday, February 14, 2025 4:21 AM IST
ഹിമാലയൻ മലനിരകൾക്ക് താഴെ തണുത്തുറഞ്ഞ പകലുകളെ ചുടുപിടിപ്പിച്ച ദേശീയ കായിക മാമാങ്കത്തിനു കൊടിയിറങ്ങി. ഇന്നലെ ഡൽഹി സ്വർണമണിഞ്ഞ ഫ്രീസ്റ്റൈൽ ഗുസ്തിയോടെയാണ് 17 ദിനരാത്രങ്ങൾ ഡെറാഡൂണിലും ഖൽദ്വാനിയിലും തെഹ്രിയിലുമായി നടന്ന 38-ാമത് ദേശീയ ഗെയിംസിന് അന്തിമ കാഹളം മുഴങ്ങിയത്.
ഇന്നു ഖൽദ്വാനിയിൽ ഒൗദ്യോഗിക സമാപന ചടങ്ങുകൾ നടക്കും. കാര്യമായ നേട്ടമുണ്ടാക്കാനായില്ലെങ്കിലും കടുത്ത തണുപ്പിനോടു പൊരുതി മികവാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചെന്ന ആത്മവിശ്വാസത്തിലാണ് കേരളം മടങ്ങുന്നത്.
കഴിഞ്ഞ ഗോവ നാഷണൽ ഗെയിംസിൽ 36 സ്വർണവും 23 വെള്ളിയും 28 വെങ്കലവും അടക്കം 87 മെഡലുകളായിരുന്നു കേരളത്തിന്റെ നേട്ടം. പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷും ചെയ്തു. ഇത്തവണ നേടിയത് 13 സ്വർണവും 17 വെള്ളിയും 24 വെങ്കലവും അടക്കം 54 മെഡൽ. ഫിനിഷ് ചെയ്തതാകട്ടെ 14-ാം സ്ഥാനത്തും. കളരിപ്പയറ്റ് മത്സര ഇനത്തിൽ നിന്ന് ഒഴിവാക്കിയതാണ് കേരളത്തിന് തിരിച്ചടിയായത്. കഴിഞ്ഞ തവണ കളരിപ്പയറ്റിൽനിന്നു മാത്രം 19 സ്വർണമടക്കം 22 മെഡലുകൾ കേരളം സ്വന്തമാക്കിയിരുന്നു.
അത്ലറ്റിക്സിൽ തലമുറമാറ്റം
ദേശീയ ഗെയിംസുകളിൽ കേരളം കൂടുതൽ മെഡലുകൾ സ്വന്തമാക്കിയിരുന്ന അത്ലറ്റിക്സിൽ ഇത്തവണ പറയത്തക്ക നേട്ടങ്ങളില്ല. ഗോവയിൽ മൂന്നു സ്വർണം നേടിയപ്പോൾ ഇത്തവണ രണ്ടായി. കഴിഞ്ഞ തവണ അഞ്ച് വെള്ളി നേടിയിടത്ത് ഇത്തവണ മൂന്നു മാത്രം. അതേസമയം, വെങ്കല നേട്ടം ആറിൽനിന്ന് എട്ടായി ഉയർത്തി.
ഓഫ് സീസണ് ആയതിനാൽ സീനിയർ താരങ്ങളുടെ അഭാവമായിരുന്നു തിരിച്ചടിയായത്. സീസണ് തുടങ്ങാനിരിക്കെ പരിക്കിന്റെ പിടിയിൽ പെട്ടാൽ വരുന്ന ഫെഡറേഷൻ ചാന്പ്യൻഷിപ്പ് നഷ്ടമാകും. അത് ഏഷ്യൻ ഗെയിംസിലേക്കുള്ള സാധ്യതകളേ വരെ ബാധിച്ചേക്കാമെന്ന ഭയമാണ് അവരെ പിന്തിരിപ്പിച്ചത്. അതേസമയം, മെഡൽ നേടിയവരിൽ ഏറെയും ജൂണിയർ ദേശീയ ചാന്പ്യൻഷിപ്പുകളിലെ മെഡൽ നേട്ടക്കാരാണ് എന്നത് തലമുറ മാറ്റത്തിന്റെ പ്രതീക്ഷകൂടിയാണ് കേരളത്തിനു നൽകുന്നത്.
കേരളം സ്വർണം നേടിയ മിക്സിഡ് റിലേയിൽ കഴിഞ്ഞ തവണ വെള്ളിയായിരുന്നു. അതുപോലെ, മറ്റൊരു സ്വർണ നേട്ടമുണ്ടായ ഡെക്കാത്തലണിൽ ഗോവയിൽ ഒന്നും ഉണ്ടായിരുന്നുമില്ല.
ഓളപ്പരപ്പിൽ ഓളം തീർത്തില്ല
ഒളിന്പ്യൻ സജൻ പ്രകാശും ഹർഷിത ജയറാമും മത്സരിച്ച അക്വാട്ടിക്സിൽ മുൻ വർഷത്തെ അപേക്ഷിച്ച് കേരളത്തിനു കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ഗോവയിൽ ആറ് സ്വർണവും നാലു വെള്ളിയും മൂന്ന് വെങ്കലവും നേടിയപ്പോൾ ഇത്തവണ അക്വാട്ടിക്സിൽ സ്വർണ നേട്ടം അഞ്ചായും വെള്ളി ഒന്നായും വെങ്കലം മൂന്നായും കുറഞ്ഞു.
ഇരട്ട സ്വർണം നഷ്ടമായ വോളി
അനിശ്ചിതത്വങ്ങളെ മറികടന്ന് ഡെറാഡൂണിലേക്കു വിമാനം കയറിയ വോളിബോൾ ടീമിന് മടങ്ങിപ്പോകുന്പോൾ സ്വർണത്തേക്കാൾ കുറഞ്ഞതൊന്നും അവർ നേരിട്ട അവഗണനകൾക്ക് മറുപടിയാകുമായിരുന്നില്ല. വനിതകളുടെ വോളി ടീം സ്വർണം നേടിയപ്പോൾ പുരുഷ ടീം ശക്തമായ പോരാട്ടം നടത്തിയെങ്കിലും വെള്ളിയിൽ തൃപ്തിപ്പെടേണ്ടിവന്നു. ഗോവയിൽ വോളിബോളിൽ കേരളം പങ്കെടുത്തിരുന്നില്ല. ഗുജറാത്ത് ഗെയിംസിൽ പുരുഷ, വനിത ടീമുകൾ സ്വർണം നേടിയിരുന്നു.
ബാസ്കറ്റ്ബോളിൽ 5x5ൽ വനിതകൾ വെള്ളി നേടിയപ്പോൾ കഴിഞ്ഞ തവണ സ്വർണം ഉണ്ടായിരുന്നു. 3s3 ഇനത്തിൽ പുരുഷ, വനിതാ ടീമുകൾ വെള്ളി നേടി. ഖോ-ഖോ യിൽ കഴിഞ്ഞ തവണയും ഇത്തവണയും വെള്ളിയുണ്ട്. ചരിത്രത്തിൽ ആദ്യമായി ഷൂട്ടിംഗിൽ രണ്ട് ഇനങ്ങളിൽ ഒരു കേരള താരം ഫൈനലിൽ എത്തി.
ഇടിക്കൂട്ടിൽ ഇടിമുഴക്കം
തായ്ക്വാണ്ടോയിൽ മെഡലെണ്ണത്തിൽ ഇത്തവണ കേരളത്ത് നേട്ടമുണ്ട്. ഗോവയിൽ ഒന്നു വീതം സ്വർണവും വെള്ളിയും മൂന്ന് വെങ്കലവും കിട്ടിയപ്പോൾ ഇത്തവണ ഒരു ഗോൾഡും അഞ്ച് ബ്രോണ്സുമായി ആറ് മെഡൽ നേടാനായി. ഭാരോദ്വഹനത്തിൽ ഒന്ന് വീതം സ്വർണവും വെള്ളിയും നേടിയപ്പോൾ കഴിഞ്ഞ തവണ ഒരു വെങ്കലം മാത്രമായിരുന്നു നേട്ടം.
വുഷുവിൽ ഇത്തവണ കേരളത്തിനു ഗോൾഡ് ഉണ്ട്. കഴിഞ്ഞ തവണ രണ്ടു വെള്ളിയും ഒരു വെങ്കലവുമായിരുന്നു.
കഴിഞ്ഞ തവണ രണ്ട് ഗോൾഡും ഒരു സിൽവറും ലഭിച്ച ജൂഡോയിൽ ഇത്തവണ കിട്ടിയത് ഒരു വെള്ളി മാത്രം. ജിംനാസ്റ്റിക്സിൽ കഴിഞ്ഞ തവണ ഒന്നുവീതം സ്വർണവും വെള്ളിയും വെങ്കലവും കിട്ടിയപ്പോൾ ഇത്തവണ മൂന്ന് വെള്ളിയും രണ്ട് ബ്രോണ്സും.
ഫുട്ബോളിൽ ചരിത്ര നേട്ടം
ഫുട്ബോളിൽ 28 വർഷത്തിനു ശേഷം സ്വർണമണിഞ്ഞതാണ് ഈ ദേശീയ ഗെയിംസിലെ കേരളത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. ആതിഥേയരായ ഉത്തരാഖണ്ഡിനെ കടുത്ത പോരാട്ടത്തിലാണ് കേരളം തോൽപ്പിച്ചത്. ഗോവയിൽ വെങ്കലമായിരുന്നു കേരളത്തിന്റെ നേട്ടം. സൈക്ലിംഗ് വിഭാഗം റോഡ് ഇനത്തിൽ കേരളം നിരാശപ്പെടുത്തിയപ്പോൾ ട്രാക്കിൽ വെള്ളി നേടി. ഗോവയിൽ സൈക്ലിംഗിൽ ഒന്നും ഉണ്ടായിരുന്നില്ല.
ആർച്ചറിയിൽ കഴിഞ്ഞ തവണ വെങ്കലമെങ്കിലും നേടിയെങ്കിൽ ഇത്തവണ നിരാശപ്പെടുത്തി. നെറ്റ് ബോളിൽ കഴിഞ്ഞ തവണത്തെ വെങ്കലം ഇത്തവണ വെള്ളിയായി.
അവസാന ദിനം ആദ്യ മെഡൽ
ഡെറാഡൂണ്: ദേശീയ ഗെയിംസിലെ അവസാന ദിനത്തിൽ മെഡൽ നേട്ടത്തോടെ കേരളത്തിന് മടക്കം. കനോയിംഗ് ആൻഡ് കയാക്കിംഗിൽ വനിതകളുടെ കെ 4 ലാണ് കേരളം വെങ്കലം നേടിയത്. ഈ ദേശീയ ഗെയിംസിലെ കേരളത്തിന്റെ അവസാന മെഡലും കനോയിംഗ് ആൻഡ് കയാക്കിംഗിൽ ലഭിച്ച ആദ്യ മെഡലുമാണിത്.

500 മീറ്ററിൽ 1.49.197 സമയം കുറിച്ചാണ് കേരളം മെഡൽ സ്വന്തമാക്കിയത്. ട്രീസ ജേക്കബ്, ആൻഡ്രിയ പൗലോസ്, അലീവ ബിജു, അന്ന എലിസബത്ത് എന്നവരാണ് മത്സരിച്ചത്. ഈ ഇനത്തിൽ ഒഡീഷ (1.46.957) സ്വർണവും മധ്യപ്രദേശ് (1.48.653) വെള്ളിയും നേടി.