ഭീതിയിൽ കുരുമുളക് കർഷകർ
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, November 18, 2024 2:05 AM IST
കൊച്ചി: കുരുമുളക് ഉത്പാദനം സംബന്ധിച്ച് ഊതിവീർപ്പിച്ച കണക്കുകളുമായി ഇന്ത്യൻ സംഘം ശ്രീലങ്കയിൽ, അന്താരാഷ്ട്ര കുരുമുളക് സമൂഹം കൊളംബോയിൽ ഇന്ന് ഒത്തുചേരും. രാജ്യാന്തര കൊക്കോ വിലയിൽ മുന്നേറ്റം. ഒസാക്കയിൽ റബർ സ്ഥിരത കൈവരിക്കാനുള്ള ശ്രമത്തിൽ. മില്ലുകാർ കൊപ്രയ്ക്കായി പരക്കം പായുന്നു. സ്വർണത്തിലെ വിലയിടിവ് തുടരുന്നു.
കണക്കുകളിൽ കൃത്യതയില്ല
ഇന്ത്യയിൽ കുരുമുളക് ഉത്പാദനം അടുത്ത സീസണിൽ ഉയരുമെന്ന സ്പൈസസ് ബോര്‍ഡിന്റെ ടാസ്ക് ഫോഴ്സ് വിലയിരുത്തൽ ഇന്ന് ശ്രീലങ്കയിൽ തുടങ്ങുന്ന ഐപിസി യോഗത്തിൽ വ്യക്തമാക്കുമെന്നാണ് സൂചന. രാജ്യത്ത് വിളയുന്ന കുരുമുളകിന്റെ അളവിനെക്കുറിച്ച് വേണ്ട വിധം പഠനം നടത്താതെ ഊതിവീർപ്പിച്ച കണക്കുകളാകും നാലു ദിവസം നീളുന്ന അന്താരാഷ്ട്ര കുരുമുളക് സമൂഹത്തിന്റെ എക്സിബിഷനിൽ ഇന്ത്യൻ സംഘം പുറത്തുവിടുകയെന്ന ആശങ്കയിലാണ് കാർഷിക മേഖല.
ഇതര ഉത്പാദക, കയറ്റുമതി രാജ്യങ്ങളിൽനിന്നും ഇറക്കുമതി രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ സംബന്ധിക്കുന്ന വേദിയിൽ കർഷക താൽപര്യങ്ങൾക്ക് വിരുദ്ധമായ കണക്കുകൾ പുറത്തുവന്നാൽ തിരിച്ചടിയാവുമോയെന്ന ഭീതിലാണ് ഉത്പാദകർ.
കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഒരു വർഷം എത്ര ടൺ കുരുമുളക് വിളയുമെന്ന കാര്യത്തിൽ വ്യക്തമായ പഠനം നടത്തിയിട്ടില്ല. നമ്മുടെ ഉത്പാദനത്തേക്കാൾ ഉപഭോഗം കൂടുതലെന്ന കണക്കുകൾ ഇറക്കുമതി ലോബിക്ക് കുടപിടിക്കാനെന്ന് വ്യക്തം. അടുത്ത വിളവിനെയും ബഫർ സ്റ്റോക്കിനെയും പറ്റി വേണ്ടത്ര പഠിക്കാതെ കണക്കുകൾ നിരത്തുന്നവർക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ, വിലമെച്ചപ്പെടുന്നതിനു തുരങ്കംവയ്ക്കുക.
ഉയർന്ന പകൽ താപനില മൂലം അടുത്ത സീസണിൽ ദക്ഷിണേന്ത്യയിൽ വിളവ് ചുരുങ്ങുമെന്നാണ് കർഷകരുടെ വിലയിരുത്തൽ. തോട്ടങ്ങളിൽ തന്നെ ഊണും ഉറക്കവുമായി കഴിയുന്ന കർഷകരേക്കാൾ മികച്ച വിലയിരുത്തൽ കൃഷിയുമായി പുലബന്ധം പോലുമില്ലാത്തവർ നടത്തിയതിനു പിന്നിൽ വിപണി തകർക്കുകയെന്ന ലക്ഷ്യമാണെന്ന് കാർഷിക മേഖല വിലയിരുത്തുന്നു. പൊള്ളയായ കണക്കുകൾ പുറത്തുവരുന്നത് വില ഇടിക്കുമെന്ന കണക്ക് കൂട്ടലിൽ ആഭ്യന്തര വാങ്ങലുകാർ പിന്നിട്ടവാരം ചരക്ക് സംഭരണത്തിൽ ഉത്സാഹം കാണിച്ചില്ല. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ കുരുമുളക് വില ടണ്ണിന് 7900 ഡോളർ. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 66,000 രൂപയിൽ നിന്നും 65,200 രൂപയായി.
കൊക്കോയിൽ മുന്നേറ്റം
യൂറോപ്യൻ യൂണിയൻ കൊക്കോ ഇറക്കുമതിക്ക് നിയന്ത്രണം വരുത്തുമെന്ന സൂചനകൾ ഊഹക്കച്ചവടക്കാരെ അവധി വ്യാപാരത്തിൽ ഷോർട്ട് കവറിംഗിനു പ്രേരിപ്പിച്ചു.
ന്യൂയോർക്കിൽ കൊക്കോ ആറു മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 8776 ഡോളറിലേക്ക് കയറി. വിദേശത്തെ വിലക്കയറ്റം കണ്ട് ആഭ്യന്തര ചോക്ലേറ്റ് വ്യവസായികൾ ചരക്ക് സംഭരണത്തിലേക്ക് ശ്രദ്ധതിരിച്ചു. മാസത്തിന്റെ ആദ്യ പകുതിയിൽ രംഗത്ത് കാര്യമായ ഉത്സാഹം കാണിക്കാഞ്ഞ അവർ വാരാന്ത്യം വിപണിയുടെ ചലനങ്ങൾ നിരീക്ഷിക്കുകയാണ്. കൊക്കോ വില 600-650ലേക്ക് ഉയർന്നു.
ഏലക്ക പ്രതീക്ഷയിൽ
ആഭ്യന്തര വിദേശ ഡിമാന്‍ഡിൽ ഏലക്ക ഈ വർഷത്തെ ഏറ്റവും ഉയർന്ന വില ദർശിച്ചു. ഉത്തരേന്ത്യൻ ആവശ്യക്കാർക്ക് ഒപ്പം കയറ്റുമതിക്കാരും വിപണിയിലുണ്ട്. ഗ്വാട്ടിമലയിൽ ഉത്പാദനം ചുരുങ്ങുമെന്ന വിലയിരുത്തൽ കണക്കിലെടുത്താൽ യൂറോപ്പിൽ നിന്നും കൂടുതൽ ആവശ്യക്കാർ ഏലത്തിനായി എത്താം. ഗൾഫ് ഓർഡറുകൾ മുൻനിർത്തി എക്സ്പോർട്ടർമാർ ഏലക്ക സംഭരിക്കുന്നുണ്ട്. മികച്ചയിനങ്ങളുടെ വില കിലോ 3380 ലേക്ക് ഉയർന്നപ്പോൾ ശരാശരി ഇനങ്ങൾ 2899 രൂപയായി.
റബറിൽ ആശങ്ക
ജപ്പാനിൽ റബർ 343 യെന്നിൽ സപ്പോർട്ട് കണ്ടത്തി തിരിച്ചുവരവിനുള്ള ശ്രമത്തിൽ ഒരു വേള 352 യെന്നിലേക്ക് കയറിയെങ്കിലും ഈ പ്രതിരോധം മേഖല തകർക്കാൻ റബറിനായില്ല. പുതിയ സാഹചര്യത്തിൽ 370ലേക്ക് അടുക്കാനുള്ള നീക്കം എത്ര മാത്രം വിജയിക്കുമെന്നത് വിനിമയ വിപണിയിൽ ഡോളറിന്റെ പ്രകടനങ്ങളെ ആശ്രയിച്ചാവും. യെൻ 156 ലേക്ക് വാരമധ്യം ദുർബലമായെങ്കിലും ഇടപാടുകളുടെ അവസാനം 154ലേക്ക് മെച്ചപ്പെട്ടത് നിക്ഷേപകരെ പിൻതിരിപ്പിക്കാം.
സിംഗപ്പുർ, ചൈനീസ് മാർക്കറ്റുകൾ ഒസാക്കയിലെ ചലനങ്ങളിലൂടെ പുതിയ ദിശകണ്ടത്താനുള്ള ശ്രമത്തിലാണ്. ബാങ്കോക്കിൽ വ്യവസായിക ഡിമാന്‍ഡ് മങ്ങിയതിനാൽ ഷീറ്റ് കിലോ 199 രൂപയിൽ നിന്നും 187ലേക്ക് ഇടിഞ്ഞത് ഇതര ഉത്പാദക രാജ്യങ്ങളിലും ആശങ്കപരത്തി.
വൃശ്ചികം പിറന്നതോടെ യുള്ള തണുത്ത കാലാവസ്ഥ റബർ ഉത്പാദനം ഉയർത്തും. ഫെബ്രുവരി വരെ ഉത്പാദനം ഉയർന്നു നിൽക്കും. രാത്രി താപനില കുറയുന്നതിനാൽ മരങ്ങളിൽനിന്നുള്ള യീൽഡ് ഉയരും. താഴ്ന്ന വിലയ്ക്ക് ഷീറ്റ് വിൽപ്പനയ്ക്ക് പിന്നിട്ട വാരത്തിലും കർഷകർ ഉത്സാഹം കാണിച്ചില്ല. നാലാം ഗ്രേഡ് 18,200 രൂപയിലും അഞ്ചാം ഗ്രേഡ് 17,800 രൂപയിലും നിലകൊണ്ടു. ഈ വാരം വരവ് ചുരുങ്ങിയാൽ സ്റ്റോക്കിസ്റ്റുകളെ വിപണിയിലേക്ക് അടുപ്പിക്കാൻ വാങ്ങലുകാർ നീക്കം നടത്താം.
പ്രിയമേറി നാളികേരം
മണ്ഡല കാലത്തിനു തുടക്കം കുറിച്ചതോടെ നാളികേരത്തിന് പ്രിയമേറി. പച്ചത്തേങ്ങ വ്യവസായിക മേഖലയുടെ ആവശ്യത്തിനൊത്ത് ലഭിക്കാതെ വന്നതോടെ മില്ലുകാർ കൊപ്ര വില 13,200ൽനിന്നും 14,100ലേക്ക് ഉയർത്തി ശേഖരിച്ചു. ഇതിന്റെ ചുവട് പിടിച്ച് വെളിച്ചെണ്ണയ്ക്ക് 900 രൂപ വർധിച്ച് 20,900 രൂപയായി. ചെറുകിട വിപണികളിൽ പച്ചത്തേങ്ങ കിലോ 73 രൂപ. അയ്യപ്പ ഭക്തരിൽ നിന്നുള്ള ഡിമാന്‍ഡ് ശക്തമാകുന്നതോടെ വില വീണ്ടും ഉയരാം.
ആഭരണ വിപണികളിൽ സ്വർണ വില ഇടിഞ്ഞു. പവൻ 58,200 രൂപയിൽ നിന്ന് 55,480ലേക്ക് താഴ്ന്നു. ഒരു ഗ്രാമിന് വില 6935 രൂപ.