ഹൈഡ്രജൻ ട്രെയിൻ വരുന്നു
Monday, November 18, 2024 2:05 AM IST
ന്യൂഡൽഹി: ഈ വരുന്ന ഡിസംബറിൽ ഇന്ത്യൻ റെയിൽവേ രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തും. പ്രകൃതിക്ക് കൂടുതൽ ദോഷം വരാത്ത തരത്തിലുള്ള ഗതാഗത മാർഗങ്ങൾ സ്വീകരിക്കുന്നതിന്റെ ആദ്യ പടിയായി ഹൈഡ്രജൻ ട്രെയിനുകൾ രാജ്യത്തെത്തുന്നത്.
ഹരിയാനയിലെ ജിൻഡ്-സോനാപത് റൂട്ടിലാണ് ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടുക. 90 കിലോമീറ്റർ ദൂരം മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ ഓടി തീർക്കും. 2030 ഓടെ കാർബണ്‍ പുറംതള്ളൽ പൂർണമായും ഇല്ലാത്ത ഇന്ത്യൻ റെയിൽവേയെന്ന ലക്ഷ്യം പൂർത്തിയാക്കുന്നതിനുള്ള ചുവടുവയ്പ്പാണിത്. തമിഴ്നാട്ടിലെ പെരന്പൂർ ഇന്റഗ്രൽ ഫാക്ടറിയിലാണ് ഇതിന്റെ നിർമാണം നടക്കുന്നത്. പരീക്ഷണയോട്ടം വിജയകരമായാൽ 35 എണ്ണം കൂടി നിർമിക്കാനാണ് പദ്ധതി. ഓരോ ട്രെയിനിനും 80 കോടി രൂപയാകും.
ഹൈഡ്രജൻ നിർമിക്കുന്നതിനായി തീവണ്ടിയുടെ എൻജിന് മുകളിലായി 40000 ലിറ്റർ വരെ ജലം ഉൾകൊള്ളുന്ന ടാങ്ക് സ്ഥാപിക്കും. ടാങ്കിനോട് ചേർന്നുള്ള ഉപകരണത്തിലൂടെ അന്തരീക്ഷവായുവിൽ നിന്നും ശേഖരിക്കുന്ന ഓക്സിജനുമായി ഹൈഡ്രജൻ സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കും. വൈദ്യുതി ഉപയോഗം കൂടുതലാകുന്ന പക്ഷം ശേഖരിക്കുന്നതിനായി ലിഥിയം ബാറ്ററിയുമുണ്ട്. ഓരോ ഹൈഡ്രജൻ ടാങ്കിനും 1000 കിലോമീറ്ററോളം യാത്ര ചെയ്യാനുള്ള ഉൗർജം നൽകാനാകും. മണിക്കൂറിൽ 140 കിലോമീറ്റർ വേഗത കൈ വരിക്കാനാകും. ജർമനി, സ്വീഡൻ, ചൈന എന്നിവിടങ്ങളിൽ ഹൈഡ്രജൻ തീവണ്ടികൾ നേരത്തേ മുതൽ സർവീസ് നടത്തുന്നുണ്ട്.
പ്രവർത്തനം
ഹൈഡ്രജൻ ഫ്യൂവൽ സെല്ലുകളിലാണു ട്രെയിൻ പ്രവർത്തിക്കുക. ഇതിനുള്ളിൽ ഹൈഡ്രജനും ഓക്സിജനും രാസസംയോജനം നടത്തി വൈദ്യുതി ഉൽപാദിപ്പിക്കും. ഈ വൈദ്യുതിയിലാണു ട്രെയിൻ ഓടുക. വെള്ളവും നീരാവിയുമാണ് ഈ പ്രവർത്തനത്തിന്റെ അവശിഷ്ടം. ആവശ്യത്തിലധികം ഉൗർജം ഉത്പാദിപ്പിച്ചാൽ അതു ട്രെയിനിലുള്ള പ്രത്യേക ലിഥിയം ബാറ്ററിയിൽ ശേഖരിക്കും.
ഗുണങ്ങൾ
അന്തരീക്ഷത്തെ മലിനമാക്കുന്ന കാർബണ്‍ ഡൈഓക്സൈഡ്, നൈട്രജൻ ഓക്സൈഡ് എന്നിവയുടെ പുറംതള്ളൽ ഇല്ലാതാകും.ശബ്ദത്തിന്റെ അളവ് 60 ശതമാനത്തിൽ താഴെയാക്കാൻ ഇവയ്ക്കു സാധിക്കും.