മുന്നേറ്റമില്ലാതെ ഇന്ത്യൻ ഇൻഡെക്സുകൾ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, November 18, 2024 2:05 AM IST
ഇന്ത്യൻ ഇൻഡെക്സുകൾ കൂടുതൽ ദുർബലമാകുന്നു, ബാധ്യതകൾ പണമാക്കാൻ വിദേശ ഇടപാടുകാർ കാണിച്ച തിടുക്കം വിപണിയുടെ അടിയൊഴുക്കിൽ മാറ്റമുളവാക്കി. സെൻസെക്സും നിഫ്റ്റിയും കഴിഞ്ഞ വാരം രണ്ടര ശതമാനം ഇടിഞ്ഞു.
പൊടുന്നനെ ഒരു തിരിച്ചുവരവിനുള്ള സാധ്യതകൾക്ക് മങ്ങലേറ്റതിനാൽ പ്രാദേശിക ഇടപാടുകാരും അല്പം പിൻവലിഞ്ഞു. പിന്നിട്ട വാരത്തിലെന്ന പോലെ ഈ വാരവും ഇടപാടുകൾ നാലു ദിവസങ്ങളിലേക്കു ചുരുങ്ങുമെന്നത് നിക്ഷേപകരുടെ ആവേശം അല്പം കുറയ്ക്കാം. മഹാരാഷ്ട്ര തെരഞ്ഞടുപ്പ് മൂലം ബുധനാഴ്ച അവധിയാണ്. പിന്നിട്ടവാരം സെൻസെക്സ് 1906 പോയിന്റും നിഫ്റ്റി സൂചിക 616 പോയിന്റും ഇടിഞ്ഞു.
നാണയപെരുപ്പം കുതിച്ചുയരുന്നത് നിക്ഷേപ മനോഭാവത്തിൽ വിള്ളലുളവാക്കുന്നു. പുതുവർഷത്തിൽ പണപ്പെരുപ്പം നിയന്ത്രണത്തിലാവുമെന്ന കേന്ദ്ര ബാങ്ക് മേധാവിയുടെ വിലയിരുത്തൽ കണക്കിലെടുത്താൽ വിൽപ്പന സമ്മർദ്ദം താത്കാലികമായി തുടരാം. ഏഴാം വാരവും വിൽപ്പനക്കാരായ വിദേശ ഓപ്പറേറ്റർമാരുടെ മനോഭാവത്തിൽ മാറ്റം സംഭവിക്കണമെങ്കിൽ അൽപ്പം കാത്തിരിക്കേണ്ടി വരും. ക്രിസ്മസ്, ന്യൂ ഇയർ അവധിദിനങ്ങൾ ആഘോഷിക്കാൻ പോകും മുന്നേ അവർ പൊസിഷനുകൾ പരമാവധി സുരക്ഷിതമാക്കും. ഫണ്ടുകളുടെ വിൽപ്പനകൾ വഴി മുൻ നിര രണ്ടാം നിര ഓഹരികൾ പലതും ഇതിനിടയിൽ ആകർഷകമാവും.
വിദേശ ഒഴുക്ക് തുടരുന്നു
വിദേശ ഫണ്ടുകൾ പിന്നിട്ട വാരം 9683.64 കോടി രൂപയുടെ ഓഹരികൾ വിറ്റു, ഈ മാസത്തെ അവരുടെ മൊത്തം വിൽപ്പന 29,533 കോടി രൂപയായി. ഒക്ടോബറിലെ വിൽപ്പന 1,28,546.62 കോടി രൂപയായിരുന്നു. എന്നാൽ, സെപ്റ്റംബറിൽ അവർ നിക്ഷേപകരായിരുന്നു. കഴിഞ്ഞ മാസം ചൈനീസ് കേന്ദ്ര ബാങ്ക് പലിശനിരക്കിൽ വരുത്തിയ ഇളവാണ് രാജ്യാന്തര ഫണ്ടുകളെ ഇന്ത്യയിൽ വിൽപ്പനക്കാരന്റെ കുപ്പായും അണിയിച്ചത്.
ആ അവസരത്തിൽ ഇതേ കോളത്തിൽ സൂചന നൽകിയതാണ് ആർബിഐ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ വലിയ വില നാം നൽകേണ്ടിവരുമെന്ന്. പിന്നിട്ടവാരം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 12,508 കോടി രൂപ നിക്ഷേപിച്ചു. നവംബറിൽ അവർ 37,063 കോടി രൂപയുടെ ഓഹരികൾ വാരികൂട്ടിയിട്ടും മുൻനിര സൂചികകൾ അഞ്ച് ശതമാനം തകർന്നു. ഒരുമാസ കാലയളവിൽ സെൻസെക്സ് 4392 പോയിന്റും നിഫ്റ്റി 1595 പോയിന്റും ഇടിഞ്ഞു.
നിഫ്റ്റി 24,148ൽനിന്നുള്ള തകർച്ചയിൽ മുൻവാരം സൂചിപ്പിച്ച 23,470ലെ ആദ്യ സപ്പോർട്ട് 14 പോയിന്റിന് നിലനിർത്തി 23,484ൽ താങ്ങ് കണ്ടെത്തി, വാരാന്ത്യം 23,532 പോയിന്റിലാണ്. ഈ വാരം 23,233ലെ സപ്പോർട്ട് നിലനിർത്തി 24,080 -24,629 റേഞ്ചിലേയ്ക്ക് മുന്നേറാൻ ശ്രമിക്കാമെങ്കിലും ആദ്യ താങ്ങിൽ വിപണിക്ക് കാലിടറിയാൽ സൂചിക 22,935ലേക്ക് മാസാന്ത്യം സാങ്കേതിക പരീക്ഷണങ്ങൾക്ക് വിധേയമാകും. നിഫ്റ്റി ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് തുടങ്ങിയവ സെല്ലിംഗ് മൂഡിലാണ്, എംഎസിഡി കൂടുതൽ ദുർബലാവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു.
നിഫ്റ്റി നവംബർ ഫ്യൂച്ചർ 24,383ൽനിന്നും 781 താഴ്ന്ന് 23,602ലാണ്. മുൻവാരത്തിൽ സൂചന നൽകിയതാണ് ഓപ്പൺ ഇന്ററസ്റ്റിലെ വർധന ഊഹക്കച്ചവടക്കാരെ പുതിയ ഷോർട്ട് പൊസിഷനുകൾക്ക് പ്രേരിപ്പിച്ചതായി. ആ വിലയിരുത്തൽ ശരിവയ്ക്കും വിധത്തിലായിരുന്നു കാര്യങ്ങൾ. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് വീണ്ടും വർധച്ചതിനാൽ കൂടുതൽ തളർച്ചയിലേക്ക് നീങ്ങാം. നിഫ്റ്റി ഫ്യൂച്ചേഴ്സിന് താത്കാലികമായി 23,490ൽ പിടിച്ചുനിൽക്കാനായില്ലെങ്കിൽ സെറ്റിൽമെന്റിന് മുന്നേ 23,100- 23,000ലേക്ക് സാങ്കേതിക പരീക്ഷണങ്ങൾ നടത്താം.
സെൻസെക്സ് 79,486ൽനിന്നും 80,093ലേക്ക് ചുവടുവച്ച വേളയിൽ വിദേശ വിൽപ്പനയ്ക്കു മുന്നിൽ പിടിച്ചുനിൽക്കാനാവതെ സെൻസെക്സ് 77,411ലേക്ക് ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം 77,580 പോയിന്റിലാണ്. ഒരു ബുൾ റാലി ഉടലെടുക്കണമെങ്കിൽ 79,311ലേക്കു തിരിച്ചു വരവ് നടത്തേണ്ടതായുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ 76,629ലേക്കും തുടർന്ന് 75,679 ലേയ്ക്കും സൂചിക നീങ്ങാം.
രൂപയുടെ മൂല്യം തകരുന്നു
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാകുന്നു. രൂപ 84.37ൽനിന്നും മുൻവാരം സൂചിപ്പിച്ച 84.49ലെ പ്രതിരോധം തകർത്ത് 84.52ലേക്ക് ഇടിഞ്ഞു. അതേ, ഫോറെക്സ് മാർക്കറ്റിൽ ഇന്ത്യൻ നാണയം പരുങ്ങലിലാണ്. സാങ്കേതികമായി വീക്ഷിച്ചാൽ രൂപ 84.90ലേക്കും തുടർന്ന് 85.20ലേക്കുമുള്ള തകർച്ചയുടെ പാതയിലാണ്.
സെപ്റ്റംബർ അവസാനം 83.56 ൽ ഉടലെടുത്ത സെൽ പ്രഷറാണ് രൂപയുടെ റിക്കാർഡ് തകർച്ചയ്ക്ക് ഇടയാക്കിയത്. രൂപ കരുത്ത് തിരിച്ചു പിടിക്കമെങ്കിൽ 83.70ലേക്കു കയറണം. ഈ വർഷം അത്തരം ഒരു സാധ്യത ദുഷ്കരമെങ്കിലും വിദേശ ഓപ്പറേറ്റർമാരെ ആകർഷിക്കാൻ പാകത്തിൽ പുതിയ പ്രഖ്യാപനങ്ങൾക്ക് ധനമന്ത്രാലയം മുന്നോട്ട് വന്നാൽ രൂപയുടെ തകർച്ച തടയാനാവും.