ഡൽഹി വ്യാപാര മേള: കേരള പവലിയനിൽ തിരക്ക്
Saturday, November 16, 2024 11:22 PM IST
ന്യൂഡൽഹി: ഡൽഹി ഭാരത് മണ്ഡപത്തിൽ ആരംഭിച്ച 43-മത് അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരള പവലിയനിൽ വൻ തിരക്ക്. കേരളത്തിന്റെ തനത് ഉത്പന്നങ്ങളും ഭക്ഷണവൈവിധ്യവും ഉത്തരേന്ത്യക്കാരെയും വിദേശികളെയും ആകർഷിക്കുന്നുണ്ട്.
24 സ്റ്റാളുകളുള്ള കേരള പവലിയനിൽ ഇന്നലെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടതെന്ന് സംസ്ഥാന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. കുടുംബശ്രീയുടെയും സാഫിന്റെയും സ്റ്റാളുകളിൽ കേരളത്തിലെ നാടൻ ഊണും അയല വറുത്തതും ചിക്കൻ കറിയും ചെമ്മീൻ വറുത്തതും കഴിക്കാൻ നിരവധി പേരെത്തി.
ആദിവാസികൾ ഉൾക്കാട്ടിൽനിന്നു ശേഖരിച്ച വനവിഭവങ്ങളാണ് അതിരപ്പിള്ളി ട്രൈബൽ വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനിയുടെ സ്റ്റാളിനെ ആകർഷിക്കുന്നത്. തലശേരി അതിരൂപതയുടെ കീഴിലുള്ള ബയോ മൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനിയുടെ സ്റ്റാളിലും കലർപ്പില്ലാത്ത നല്ല ഉത്പന്നങ്ങൾ സന്ദർശകർക്കു പ്രിയമായി. മാർക്കറ്റ് ഫെഡ്, കുടുംബശ്രീ, പ്ലാന്റേഷൻ കോർപറേഷൻ, കേരഫെഡ്, ഹാൻടെക്സ്, മത്സ്യഫെഡ്, ടൂറിസം വകുപ്പ് തുടങ്ങിയ സ്റ്റാളുകളും ശ്രദ്ധ നേടി.
പാറക്കൂട്ടങ്ങളിൽ മാത്രം കൂടൊരുക്കുന്ന തേനീച്ചകളിൽനിന്നു ശേഖരിക്കുന്ന കുറുന്തേൻ, വനത്തിൽനിന്നു ശേഖരിക്കുന്ന സംസ്കരിക്കാത്ത തേൻ, ചെറുതേൻ, കാട്ടേലം, കാപ്പിപ്പൊടി, കൂവപ്പൊടി, കാന്താരി ഹൽവ, ചക്കപ്പൊടി, നാടൻ ശർക്കര, കുരുമുളക്, വെളിച്ചെണ്ണ, കുടംപുളി, മഞ്ഞക്കൂവ, പച്ചമരുന്നുകൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ മുതൽ ഉണക്കക്കപ്പ, ഉണക്കച്ചക്ക, ഉണക്ക ചെമ്മീൻ, ഉണക്കിയ റോബസ്റ്റ പഴം ഫിഗ്, ഇടിയിറച്ചി, അച്ചാറുകൾ തുടങ്ങി കേരള സ്റ്റാളുകളിലെ ഉത്പന്നങ്ങളുടെ വൈവിധ്യമാണ് സന്ദർശകരെ ആകർഷിക്കുന്നത്.