സിഎൻജിക്ക് വില വർധിപ്പിക്കാനൊരുങ്ങി കന്പനികൾ
Monday, November 18, 2024 2:05 AM IST
ന്യൂഡൽഹി: ഗ്യാസ് കന്പനികളായ ഇന്ത്യ ഗ്യാസ് ലിമിറ്റഡും അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡും സിഎൻജിക്ക് വില വർധിപ്പിക്കാനൊരുങ്ങുന്നു. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന വിലകുറഞ്ഞ പ്രകൃതിവാതകത്തിന്റെ വിതരണം ഒരു മാസത്തിനിടെ സർക്കാർ രണ്ടാം തവണയും വെട്ടിക്കുറച്ചതോടെയാണിത്. ഈ സാഹചര്യത്തിൽ വിലകൂട്ടേണ്ടിവരുമെന്നാണു ഗ്യാസ് റീട്ടെയ്ലർമാർ നൽകുന്ന മുന്നറിയിപ്പ്.
എന്നാൽ ഈ കന്പനികൾ കൊള്ളലാഭം ഉണ്ടാക്കുന്നവരാണെന്നും വിലവിർധന അനാവശ്യമാണെന്നുമാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിലപാട്. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് കഴിഞ്ഞ സാന്പത്തിക വർഷം 1,748 കോടി രൂപയുടെ ലാഭമാണ് നേടിയത്. മഹാനഗർ ഗ്യാസ് ലിമിറ്റഡ് 1,300 കോടി രൂപയുടെ ലാഭമാണുണ്ടാക്കിയത്. ഇത്രയും ലാഭം കൊയ്യുന്ന റീട്ടെയ്ലർമാർ വേറെ ആരാണുള്ളതെന്നു മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ചോദിച്ചു.