വെളുത്തുള്ളിയും പൊള്ളും
Saturday, November 16, 2024 11:22 PM IST
കൊച്ചി: സംസ്ഥാനത്ത് സവാളയ്ക്കു പിന്നാലെ വെളുത്തുള്ളി വിലയും വർധിക്കുന്നു. രണ്ടുമാസം മുൻപ് 380 രൂപയായിരുന്ന വെളുത്തുള്ളിക്ക് വില 440 കടന്നു. ഇപ്പോൾ 380 മുതൽ 400 രൂപ വരെയായി കേരളത്തിലെ മൊത്തവില. ആറു മാസത്തിനിടെ 200 രൂപയോളമാണ് വെളുത്തുള്ളിയുടെ വില കൂടിയത്.
രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ മുൻ വർഷത്തെക്കാൾ ഉത്പാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണം. വിളവെടുപ്പ് സമയത്തുണ്ടായ മഴയും പിന്നീട് ചൂട് കൂടിയതുമാണ് വെളുത്തുള്ളി കർഷകരെ പ്രതിസന്ധിയിലാക്കിയത്.
വിത്തിനായി ശേഖരിക്കുന്ന ഉൗട്ടി വെളുത്തുള്ളിക്ക് വില 400-600 രൂപയ്ക്കു മുകളിൽ എത്തിയതും കർഷകർക്ക് വെല്ലുവിളിയായി. പുതുകൃഷി ആരംഭിച്ചെങ്കിലും നാലര മാസത്തിനു ശേഷമേ വിളവെടുപ്പിന് പാകമാകൂ. ഇനി ഏപ്രിൽ വരെ തത്സ്ഥിതി തുടരാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു.