ഭൂകന്പം ഉലച്ച മ്യാൻമറിൽ ഇതുവരെ കണ്ടെടുത്തത് 1644 മൃതദേഹങ്ങൾ
Sunday, March 30, 2025 1:38 AM IST
ബാങ്കോക്ക്: ഭൂകന്പം തകർത്ത മ്യാൻമറിൽ മരണസംഖ്യ കുതിച്ചുയരുന്നു. 1,644 മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് ഇതുവരെ കണ്ടെടുത്തു. 3,400 പേർക്കു പരിക്കേറ്റു. നൂറ്റന്പതോളം പേരെ കാണാതായി. മരണസംഖ്യ ഉയരുമെന്നു സൈനികഭരണകൂടം അറിയിച്ചു. ഇന്നലെ രാവിലെയും ഉച്ചയ്ക്കും ഉണ്ടായ തുടർചലനങ്ങൾ ജനങ്ങളെ ഭീതിയിലാഴ്ത്തി.
24 മണിക്കൂറിനിടെ 13 ഭൂചലനങ്ങളാണുണ്ടായത്. മ്യാൻമറിൽ മരണം പതിനായിരം കവിയാൻ സാധ്യതയുണ്ടെന്നാണു യുണൈറ്റഡ് സ്റ്റേറ്റ് ജിയോളജിക്കൽ സർവേയുടെ (യുഎസ്ജിഎസ്) മുന്നറിപ്പ്.
മ്യാൻമറിനു സഹായവുമായി ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ രംഗത്തെത്തി. രാജ്യങ്ങളും സംഘടനകളും സഹായിക്കണമെന്ന് മ്യാൻമർ അഭ്യർഥിച്ചു. ലക്ഷക്കണക്കിനു ജനങ്ങൾ ഭൂകന്പത്തിന്റെ കെടുതി നേരിടുന്നുവെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു.
തകർന്നുവീണ ആയിരക്കണക്കിനു കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ ജീവന്റെ തുടിപ്പ് തേടുകയാണ് വിവിധ രാജ്യങ്ങളിൽനിന്നെത്തിയ രക്ഷാപ്രവർത്തകർ. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മ്യാൻമറിൽ വൻ ഭൂകന്പം താണ്ഡവമാടിയത്.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മാണ്ഡലേക്കു സമീപമായിരുന്നു റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനം. തുടർന്ന് അനവധി തുടർചലനങ്ങളുണ്ടായി. മാണ്ഡലേ നഗരം പൂർണമായും തകർന്നടിഞ്ഞു. ആയിരക്കണക്കിനു കെട്ടിടങ്ങളാണു നിലംപൊത്തിയത്.
അണക്കെട്ടും പാലങ്ങളും തകർന്നു. മാണ്ഡലേയിൽ തകർന്ന ഒരു കെട്ടിടത്തിൽ 90 പേർ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. മ്യാൻമറിന്റെ തലസ്ഥാനമായ നായ്പിഡോയിലും വൻ നാശനഷ്ടമാണുണ്ടായത്. വൈദ്യുതി, ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കാനായിട്ടില്ല.
അയൽരാജ്യമായ തായ്ലൻഡിലും ഭൂകന്പം നാശം വിതച്ചു. 1.7 കോടി ജനങ്ങൾ വസിക്കുന്ന ഗ്രേറ്റർ ബാങ്കോക്ക് മേഖലയിലാണു കൂടുതൽ നാശനഷ്ടമുണ്ടായത്. തായ്ലാൻഡിൽ പത്തു പേർ മരിച്ചെന്നും 78 പേരെ കാണാനില്ലെന്നുമാണ് ഔദ്യോഗിക സ്ഥിരീകരണം.
ഭൂകന്പത്തിന്റെ കെടുതികൾക്കിടയിലും മ്യാൻമർ സൈന്യം ഇന്നലെ വിമതകേന്ദ്രങ്ങൾക്കു നേർക്ക് മൂന്നിടത്ത് വ്യോമാക്രമണം നടത്തി. നോർത്തേൺ കയിൻ സംസ്ഥാനത്തും സതേൺ ഷാൻ സംസ്ഥാനത്തുമായിരുന്നു ആക്രമണം. മ്യാൻമറിന്റെ പല പ്രദേശങ്ങളിലും സൈന്യത്തിനു നിയന്ത്രണം നഷ്ടമായിട്ടുണ്ട്.
ബിംസ്റ്റെക് ഉച്ചകോടിക്കു മാറ്റമില്ല
തായ്ലൻഡിൽ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കു മാറ്റമില്ല. ഏപ്രിൽ രണ്ടു മുതൽ നാലു വരെ ബാങ്കോക്കിലാണ് ഉച്ചകോടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.