തീരുവയിൽ സ്തുതി! മോദി ഫ്രണ്ടെന്ന് ട്രംപ്
Sunday, March 30, 2025 12:46 AM IST
ന്യൂയോർക്ക്: തീരുവ യുദ്ധത്തിനിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മോദി മികച്ച മനുഷ്യനും തന്റെ അടുത്ത സുഹൃത്തുമാണെന്നു ട്രംപ് പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിൽ നടക്കുന്ന തീരുവ ചർച്ചകൾ മികച്ച രീരിയിൽ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉഭയകക്ഷി വ്യാപാരം സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രയും യുഎസ് ആഭ്യന്തര ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗവും ചർച്ച നടത്തിയ ദിവസം തന്നെയായിരുന്നു ട്രംപിന്റെ മോദി സ്തുതി.
‘‘പ്രധാനമന്ത്രി മോദി അടുത്തിടെയാണ് ഇവിടെ വന്നത്. ഞങ്ങൾ എപ്പോഴും നല്ല സുഹൃത്തുക്കളാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ചുമത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അതു ക്രൂരമാണ്. അവർ വളരെ തന്ത്രശാലികളാണ്.
അദ്ദേഹം (മോദി) വളരെ സമർഥനായ മനുഷ്യനും എന്റെ മികച്ച സുഹൃത്തുമാണ്. ഞങ്ങൾ ചർച്ച നടത്തി. ഇന്ത്യക്കും യുഎസിനും ഇടയിൽ അതു നന്നായി വരുമെന്ന് ഞാൻ കരുതുന്നു.”– ട്രംപ് വൈറ്റ് ഹൗസിൽ പറഞ്ഞു.
മോദി ഒരു മികച്ച പ്രധാനമന്ത്രിയാണെന്നു പറയാൻ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു. ഏപ്രിൽ രണ്ടു മുതൽ അമേരിക്ക തീരുവ വർധിപ്പിക്കാനിരിക്കെയാണ് ട്രംപിന്റെ പുകഴ്ത്തലെന്നതും ശ്രദ്ധേയമാണ്.