സഹായം എത്തിത്തുടങ്ങി; മരണം 10,000 കവിയാമെന്ന് അമേരിക്ക
Saturday, March 29, 2025 11:35 PM IST
യാങ്കോൺ: ഭൂകന്പത്തിൽ മ്യാർമറിലെ മരണസംഖ്യ പതിനായിരത്തിനു മുകളിലെത്താമെന്ന് അമേരിക്കയിലെ ഭൗമ പഠന ഏജൻസിയായ യുഎസ് ജിയോളജിക്കൽ സർവേ. ഒരു നൂറ്റാണ്ടിനിടെ മ്യാൻമറിലുണ്ടാകുന്ന ഏറ്റവും ശക്തിയേറിയ ഭൂകന്പമാണ് വെള്ളിയാഴ്ച രാജ്യത്തുടനീളം നാശംവിതച്ചത്. ആയിരം കിലോമീറ്റർ അകലെ ബാങ്കോക്കിൽവരെ കുലുക്കമുണ്ടായി.
യുഎസ് ജിയോളജിക്കൽ സർവേയുടെ മോഡലിംഗ് പ്രകാരം പതിനായിരത്തിലധികം പേർ മരിച്ചിരിക്കാമെന്നാണ് അനുമാനം. ഭൂകന്പത്തിലുണ്ടായ നാശനഷ്ടം മ്യാൻമറിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തേക്കാൾ (ജിഡിപി) വലുതായിരിക്കുമെന്നും കണക്കാക്കുന്നു.
മ്യാൻമറിൽനിന്ന് ഇന്നലെ പുറത്തുവന്ന കണക്കുകൾ പ്രകാരം മരണസംഖ്യ 1600നു മുകളിലായിട്ടുണ്ട്. 2,900 കെട്ടിടങ്ങൾ, 30 റോഡുകൾ, ഏഴു പാലങ്ങൾ എന്നിവ നശിച്ചു.
ഇതിനിടെ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര സഹായം മ്യാൻമറിൽ എത്തിത്തുടങ്ങി. തലസ്ഥാനമായ നായ്പിഡോയിലെയും ഭൂകന്പം ഏറ്റവും കൂടുതൽ നാശംവിതച്ച മാണ്ഡലേ നഗരത്തിലെയും വിമാനത്താവളങ്ങൾ തകർന്നതിനാൽ നൂറുകണക്കിനു കിലോമീറ്റർ അകലെ വാണിജ്യ തലസ്ഥാനമായ യാങ്കോണിലെ വിമാനത്താവളത്തിലാണു സഹായം എത്തിച്ചേർന്നത്.
ദുരിതാശ്വാസ വസ്തുക്കൾ അടക്കമുള്ളവയാണ് ഇന്ത്യ സൈനിക വിമാനത്തിൽ എത്തിച്ചത്.ചൈനയിൽനിന്നു രക്ഷാപ്രവർത്തകരുടെ സംഘം എത്തിയിട്ടുണ്ട്. ഇവർ യാങ്കോണിൽനിന്ന് ബസ് മാർഗം ദുരന്തമേഖലയിലേക്കു യാത്രതിരിച്ചു.
മാണ്ഡലേയിൽ അവശിഷ്ടങ്ങൾക്കടിയിൽ തെരച്ചിൽ നടത്താനുള്ള വൻ യന്ത്രോപകരണങ്ങൾ എത്തിയിട്ടില്ല. ഭൂകന്പമുണ്ടായ വെള്ളിയാഴ്ച ജനങ്ങൾ കൈകളുപയോഗിച്ചാണ് തെരച്ചിൽ നടത്തിയത്.
റഷ്യ, മലേഷ്യ, സിംഗപ്പുർ എന്നീ രാജ്യങ്ങളും ദുരിതാശ്വാസ വസ്തുക്കൾ അയച്ചിട്ടുണ്ട്. ദക്ഷിണകൊറിയ 20 ലക്ഷം ഡോളറിന്റെ സഹായം നല്കുമെന്നറിയിച്ചു.
മ്യാൻമറിലെ പട്ടാളഭരണകൂടവുമായി നല്ല ബന്ധമില്ലാത്ത അമേരിക്കയും സഹായം നല്കുമെന്നറിയിച്ചു.