യുഎസുമായുള്ള ചർച്ച ക്രിയാത്മകമെന്ന് യുക്രെയ്ൻ
Wednesday, March 12, 2025 12:58 AM IST
ജിദ്ദ: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് യുക്രെയ്ൻ-അമേരിക്കൻ പ്രതിനിധികൾ സൗദി അറേബ്യയിലെ ജിദ്ദയിൽ നടത്തിയ ചർച്ച ക്രിയാത്മകമെന്ന് യുക്രെയ്ൻ പ്രതിനിധി.
വിദേശകാര്യ മന്ത്രി ആന്ദ്രെ സിബിഹ, സെലൻസ്കിയുടെ ഉറ്റ സഹായിയും മുൻ സൈനികമേധാവിയുമായ ആന്ദ്രെ യെർമാക്, പ്രതിരോധ മന്ത്രി റസ്തം ഉമേറോവ് എന്നിവരാണു യുക്രെയ്നെ പ്രതിനിധീകരിച്ചത്.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക് വാൾട്സ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ അമേരിക്കയെ പ്രതിനിധീകരിച്ചു. സൗദി പ്രതിനിധികളും പങ്കെടുത്ത ചർച്ച മണിക്കൂറുകളോളം നീണ്ടു.
യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും അമേരിക്കൻ പ്രസിഡന്റ് ട്രംപും വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയിൽ തെറ്റിപ്പിരിഞ്ഞശേഷം യുക്രെയ്നും അമേരിക്കയും തമ്മിൽ നടത്തുന്ന ആദ്യ ചർച്ചയാണിത്.
നേരത്തേ റഷ്യൻ, അമേരിക്കൻ പ്രതിനിധികൾ സൗദിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് സ്ഥാനപതി സ്റ്റീവ് വിറ്റ്കോഫ് ഈയാഴ്ച അവസാനം റഷ്യയിലെത്തും. യുക്രെയ്ൻ യുദ്ധം സംബന്ധിച്ചുള്ള ചർച്ചയ്ക്കാണ് വിറ്റ്കോഫ് എത്തുന്നത്.