യുഎസിൽ വീണ്ടും വിമാനദുരന്തം; എയർ ആംബുലൻസ് തകർന്ന് ആറു പേർ മരിച്ചു
Sunday, February 2, 2025 12:09 AM IST
ഫിലാഡെൽഫിയ: അമേരിക്കയിൽ വീണ്ടും വിമാനദുരന്തം. ഫിലാഡെൽഫിയ നഗരത്തിൽ എയർ ആംബുലൻസ് വിമാനം തകർന്നുവീണ് രോഗിയായ പെൺകുട്ടിയും അമ്മയും അടക്കം ആറു പേർ മരിച്ചു. എല്ലാവരും മെക്സിക്കൻ പൗരന്മാരാണ്.
ഫിലാഡെൽഫിയയിൽനിന്നു യാത്ര ആരംഭിച്ച വിമാനം തീഗോളമായി നിപതിക്കുകയായിരുന്നു. അവശിഷ്ടങ്ങൾ വീണ് വീടുകൾക്കും വാഹനങ്ങൾക്കും തീപിടിക്കുകയും മറ്റ് ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മെക്സിക്കോയിലെ ജറ്റ് റെസ്ക്യൂ എയർ ആംബുസലൻസ് എന്ന കന്പനിയുടേതാണു വിമാനം. യുഎസിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ മെക്സിക്കോയിൽ തിരികെയെത്തിക്കാൻ യാത്ര തുടങ്ങിയപ്പോഴാണു ദുരന്തമുണ്ടായത്. രണ്ടു പൈലറ്റുമാർ, ഡോക്ടർ, പാരാമെഡിക് എന്നിവരാണു മരിച്ച മറ്റുള്ളവർ.
ഹെലികോപ്റ്ററുകൾക്ക് നിയന്ത്രണം
വാഷിംഗ്ടൺ ഡിസി: ബുധനാഴ്ചത്തെ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വാഷിംഗ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൺ വിമാനത്താവള പരിസരത്ത് ഹെലികോപ്റ്ററുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതായി അമേരിക്കൻ വ്യോമയാന വൃത്തങ്ങൾ അറിയിച്ചു.
വിമാനവുമായി കൂട്ടിയിടിച്ച ഹെലികോപ്റ്ററിന്റെ ബ്ലാക് ബോക്സ് പൊട്ടോമക് നദിയിൽനിന്നു കണ്ടെത്തി. വിമാനത്തിലെ ബ്ലാക് ബോക്സ് നേരത്തേ കണ്ടെത്തിയിരുന്നു.
64 പേരുമായി റീഗൺ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിച്ച വിമാനം മൂന്നു പേരുണ്ടായിരുന്ന ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു നദിയിൽ പതിക്കുകയായിരുന്നു. എല്ലാവരും മരിച്ചതായി അനുമാനിക്കുന്നു. ഇതുവരെ 41 മൃതദേഹങ്ങളാണ് വീണ്ടെടുത്തിട്ടുള്ളത്. നദിയിൽനിന്ന് വിമാനം ഉയർത്തിയാലേ മറ്റുള്ളവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനാകൂ.