നീലച്ചിത്ര നടിക്കു പണം കൊടുത്ത കേസിൽ ട്രംപിനു ശിക്ഷ ‘ഉപാധിരഹിത മോചനം’
Saturday, January 11, 2025 12:56 AM IST
ന്യൂയോർക്ക്: സ്ഥാനമേറ്റെടുക്കാൻ പത്തുദിവസം മാത്രം ശേഷിക്കുന്ന നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ക്രിമിനൽ കേസിൽ ശിക്ഷ.
നീലച്ചിത്രനടിക്കു പണംകൊടുത്തകാര്യം മറച്ചുവയ്ക്കാൻ കള്ളക്കണക്കെഴുതിയെന്ന കേസിൽ ‘ഉപാധിരഹിതമായി വിട്ടയയ്ക്കുന്നു’ എന്ന ശിക്ഷയാണ് ന്യൂയോർക്ക് കോടതി ജഡ്ജി ഹുവാൻ മെർഷാൻ പ്രഖ്യാപിച്ചത്.
ട്രംപിനു ജയിൽശിക്ഷയോ പിഴയോ വിധിക്കില്ലെന്ന് ജഡ്ജി മുൻപേ വ്യക്തമാക്കിയിരുന്നു. അതേസമയം, ഭരണതടസം ഉണ്ടാകാതിരിക്കാൻ നാലു വർഷത്തേക്കു ശിക്ഷ പ്രഖ്യാപിക്കരുതെന്ന ട്രംപിന്റെ അഭ്യർഥനയും ജഡ്ജി നേരത്തേ തള്ളിയിരുന്നു.
2016ലെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ അവിഹിതബന്ധം പുറത്തു വരാതിരിക്കാൻ സ്റ്റോമി ഡാനിയൻസ് എന്ന വനിതയ്ക്ക് ട്രംപ് 1,30,000 ഡോളർ കൊടുത്തെന്നാണ് ആരോപണം.
ന്യൂയോർക്ക് സംസ്ഥാനത്തെ നിയമം അനുസരിച്ച് പണം കൊടുത്തതിൽ തെറ്റില്ലെങ്കിലും ഇക്കാര്യം മറച്ചുവയ്ക്കാൻ ബിസിനസ് രേഖകളിൽ തിരിമറി നടത്തിയെന്നാണ് കേസ്. കഴിഞ്ഞവർഷം മേയിൽ ട്രംപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
അമേരിക്കയിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഒരാൾ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമാണ്. ഇന്നലത്തെ കോടതി നടപടികളിൽ ട്രംപ് വീഡിയോ ലിങ്കിലൂടെ ഹാജരായി. 20നാണ് അദ്ദേഹം അധികാരത്തിലേറുന്നത്.