വയനാട് ദുരന്തം; കേന്ദ്രസഹായം ഇന്നറിയിക്കും: ഷാ
Thursday, December 5, 2024 2:20 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തുക, പുനരധിവാസത്തിനായി 2,221 കോടി രൂപയുടെ പ്രത്യേക സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ ഇന്നു വൈകുന്നേരം തീരുമാനം അറിയിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
വയനാട്ടിലെ ഉരുൾപൊട്ടൽ സമാനതകളില്ലാത്ത ലെവൽ മൂന്ന് (എൽ-3) ദേശീയദുരന്തമായി കണക്കാക്കി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധി വദ്രയുടെ നേതൃത്വത്തിൽ കേരളത്തിൽനിന്നുള്ള ലോക്സഭ, രാജ്യസഭ എംപിമാരുടെ സംഘം നിവേദനം നൽകിയപ്പോഴാണു കേന്ദ്രമന്ത്രിയുടെ ഉറപ്പ്.
ഇതേസമയം, വയനാടിന് 153 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി, കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുർജേവാല എംപിക്കു നൽകിയ മറുപടിയിൽ അറിയിച്ചു.
പാർലമെന്റിലും കേരള ഹൈക്കോടതിയിലും അറിയിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വയനാട് പുനരധിവാസത്തിന് 2,219 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെ സമിതി പരിശോധിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.
ദുരന്ത ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും നിലവിലുള്ള മാർഗനിർദേശങ്ങൾക്കും ചട്ടങ്ങൾക്കും അനുസരിച്ചാകും തീരുമാനം.
എൽ-3 അംഗീകാരമില്ല
അതീവഗുരുതര വിഭാഗത്തിൽ പെടുത്തണമെന്ന (എൽ-3) കേരളത്തിന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല. ഗുരുതര സ്വഭാവത്തിലുള്ള ദുരന്തം എന്ന ഗണത്തിലാണു വയനാട് ദുരന്തത്തെ കേന്ദ്രം കണക്കാക്കുന്നത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്നും അതിനു വ്യവസ്ഥയില്ലെന്നും നേരത്തേ കേന്ദ്രം വ്യക്തമാക്കിയിരുന്നു.