സംബാലിലേക്ക് പോകേണ്ട! രാഹുലിനെ തടഞ്ഞ് യുപി പോലീസ്
Thursday, December 5, 2024 2:01 AM IST
ന്യൂഡൽഹി: സംഘർഷത്തിൽ നാല് പേരുടെ മരണത്തിനിടയാക്കിയ ഉത്തർപ്രദേശിലെ സംബാലിൽ സന്ദർശനം നടത്തുന്നതിന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അതിർത്തിയിൽ തടഞ്ഞ് ഉത്തർപ്രദേശ് പോലീസ്.
ലോക്സഭാ പ്രതിപക്ഷ നേതാവെന്ന രീതിയിലാണ് താൻ സംബാൽ സന്ദർശിക്കാൻ ഇറങ്ങിയതെന്നും അതു തടഞ്ഞ പോലീസ് നടപടി ഭരണഘടനാ വിരുദ്ധമാണെന്നും രാഹുൽ പ്രതികരിച്ചു. സംബാലിൽ എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് അറിയണം. അവിടത്തെ ജനങ്ങളെ കാണണം. എന്നാൽ, അനുവദിക്കുന്നില്ല. ഇതാണ് പുതിയ ഇന്ത്യയെന്നും രാഹുൽ പറഞ്ഞു.
കോണ്ഗ്രസ് പ്രവർത്തകർക്കും പോലീസിനുമിടയിൽ ഭരണഘടനയുടെ ചെറുപതിപ്പും കൈയിലേന്തി തന്റെ കാറിനു മുകളിൽ കയറിയിരുന്നുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.
ഡൽഹി-ഉത്തർ പ്രദേശ് അതിർത്തിയായ ഗാസിപുരിലാണ് രാഹുലിനെയും പ്രിയങ്കയെയും കോണ്ഗ്രസ് നേതാക്കളെയും പോലീസ് തടഞ്ഞത്. പോലീസിനൊപ്പം സന്ദർശനം നടത്താമെന്ന് അറിയിച്ചിട്ടും അനുവാദം നൽകിയില്ല. രണ്ടു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ സന്ദർശനം പാതിവഴിയിലുപേക്ഷിച്ച് രാഹുൽ തിരികെ ഡൽഹിയിലേക്കു മടങ്ങി.
രാവിലെ പത്തരയോടെതന്നെ രാഹുലിന്റെ വാഹനം അതിർത്തിയിൽ എത്തിയപ്പോൾ പോലീസ് എല്ലാവിധ സന്നാഹങ്ങളും ഉപയോഗിച്ച് തടയുകയായിരുന്നു. നാല് നിലകളിലായി ബാരിക്കേഡുകൾ സ്ഥാപിച്ചായിരുന്നു നിയന്ത്രണം. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ നിയന്ത്രണം കടുപ്പിക്കാൻ ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ളവർ പോലീസ് സേനയ്ക്ക് നിർദേശം നൽകിയിരുന്നു.
കോണ്ഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഉത്തർ പ്രദേശിന്റെ ചുമതലയുമുള്ള അവിനാശ് പാണ്ഡെയും അടക്കമുള്ള നേതാക്കൾ രാഹുലിനൊപ്പം ഉണ്ടായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി കോണ്ഗ്രസ് നേതാക്കൾ സംസാരിച്ചെങ്കിലും സംബാലിലേക്കു പോകാൻ അനുവദിക്കില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.
സംബാലിൽ സംഭവിച്ചതെന്തായാലും തെറ്റായിരുന്നു. ഒരു പ്രതിപക്ഷ നേതാവെന്ന നിലയിൽ അവിടത്തെ ജനങ്ങളെ സന്ദർശിക്കേണ്ടത് രാഹുൽ ഗാന്ധിയുടെ അവകാശമായിരുന്നു. എന്നാൽ അത് ലംഘിക്കപ്പെട്ടുവെന്നു പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. വിഷയത്തിൽ പോരാട്ടം തുടരുമെന്നും പ്രിയങ്ക പറഞ്ഞു.
യാത്ര റദ്ദാക്കണമെന്ന് രാഹുലിനോട് അഭ്യർഥിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. സംഘർഷാവസ്ഥയെ തുടർന്ന് പുറത്തുനിന്നുള്ളവർ ഇവിടേക്ക് എത്തുന്നത് നേരത്തേതന്നെ ജില്ലാ ഭരണകൂടം വിലക്കിയിരുന്നു. ഇത് ഈ മാസം 10 വരെ തുടരും.
സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് ഉൾപ്പെടെ സ്ഥലം സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല. രാഹുലിന്റെ സന്ദർശനത്തോടെ വീണ്ടും പ്രകോപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മൊറാദാബാദ് ഡിവിഷണൽ കമ്മീഷണറുടെ വാദം.