ദേശീയപാത ആറുവരിപ്പാത നിർമാണം: താലൂക്കുതല കമ്മിറ്റിയിൽ പരാതിപ്രളയം
1454765
Friday, September 20, 2024 11:56 PM IST
കായംകുളം: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കാർത്തികപ്പള്ളി തഹസിൽദാരുടെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിൽ പരാതിപ്രളയം. ദേശീയപാതയോരത്തെ താമസക്കാരും വ്യാപാരികളും ആറുവരിപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ടു നേരിടുന്ന ബുദ്ധിമുട്ടുകൾ ഉടൻ പരിഹരിക്കാമെന്ന് ദേശീയപാതാ അഥോറിറ്റിയും നിർമാണക്കരാറുകാരും യോഗത്തിൽ ഉറപ്പുനൽകി.
ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മറ്റു സർക്കാർ വകുപ്പുകളിലെ താലൂക്കുതല മേധാവികളുടെയും യോഗത്തിലാണ് ബന്ധപ്പെട്ടവർ ഇക്കാര്യം ഉറപ്പ് നൽകിയത്. തഹസിൽദാർ കൺവീനറും എംപി, എംഎൽഎമാർ, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ദേശീയപാത അഥോറിറ്റി, ജല അഥോറിറ്റി, വൈദ്യുതി ബോർഡ്, ജലസേചനവകുപ്പ്, പോലീസ്, മോട്ടോർവാഹന വകുപ്പ്, ദേശീയപാത നിർമാണ കമ്പനി പ്രതിനിധികൾ എന്നിവർ അംഗങ്ങളായി സമിതി രൂപവത്കരിച്ചിട്ടുണ്ട്.
ഈ സമിതി എല്ലാ ആഴ്ചയിലും യോഗം ചേർന്ന് പരാതികൾ വിലയിരുത്തി പരിഹരിക്കാൻ കളക്ടർ നിർദേശിച്ചിട്ടുണ്ട്. ആദ്യ യോഗമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇതിൽ ഉയർന്ന പരാതികൾ അടുത്ത യോഗത്തിനു മുമ്പ് പരിഹരിക്കുമെന്നാണ് ബന്ധപ്പെട്ടവർ യോഗത്തിൽ അറിയിച്ചത്. കായംകുളത്ത് ദേശീയപാത നിർമാണം നടക്കുന്നയിടങ്ങളിൽ സർവീസ് റോഡുകൾ അടച്ചിരിക്കുന്നതായി യോഗത്തിൽ ആക്ഷേപമുയർന്നു. ചെറിയ വഴികളിലേക്കുള്ള ഗതാഗതം തടസപ്പെടുത്തിയിരിക്കുന്നു.
കരുവാറ്റയിൽ കുടിവെള്ള പൈപ്പ് ലൈനുകൾ തുടർച്ചയായി പൊട്ടുന്നതായും ആഴ്ചകൾ കഴിഞ്ഞാലും നന്നാക്കുന്നില്ലെന്നും പരാതിയുണ്ട്.
കാനനിർമാണം പാതിവഴിയിൽ നിലച്ചതിനെപ്പറ്റി എല്ലാ പ്രദേശങ്ങളിലും ആക്ഷേപമുണ്ട്. ദേശീയപാത നിർമാണം തുടങ്ങിയശേഷം വീട്ടിൽനിന്നു പുറത്തേക്കിറങ്ങാൻ കഴിയാത്തവർ ഒട്ടേറെയാണ്. വീടിനു മുന്നിൽ ഉയരത്തിൽ കാന നിർമിച്ചതാണ് പ്രധാന പ്രശ്നം.
കരുവാറ്റ, ഡാണാപ്പടി, ഹരിപ്പാട്, ആർ.കെ. ജംഗ്ഷൻ, നങ്ങ്യാർകുളങ്ങര, ചേപ്പാട്, രാമപുരം, കൃഷ്ണപുരം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇതാണു സ്ഥിതി. വീട്ടിലേക്കു വാഹനത്തിൽ പോകാനാകാത്തവരും കുറവല്ല. ദേശീയപാതാ അഥോറിറ്റിക്കും നിർമാണക്കരാറുകാർക്കും ഇതുസംബന്ധിച്ച് പരാതി നൽകിയാലും പരിഹാരമുണ്ടാകില്ലെന്ന് ആക്ഷേപമുണ്ട്. കളക്ടറുടെ നിർദേശപ്രകാരം താലൂക്കുതലത്തിൽ നടക്കുന്ന യോഗത്തിലാണ് ഇനി പരാതിക്കാരുടെ പ്രതീക്ഷ.