തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ നിയന്ത്രിക്കാൻ കളക്ടർക്ക് നിവേദനം
1467639
Saturday, November 9, 2024 5:14 AM IST
മങ്കൊമ്പ്: വേലിയേറ്റവും വേലിയിറക്കവുമുണ്ടാകുന്ന സമയങ്ങളിൽ കുട്ടനാട്ടിലെ ജലനിരപ്പു നിയന്ത്രിക്കാൻ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ നിയന്ത്രിക്കണമെന്ന് നെൽകർഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ബണ്ടിന്റെ തെക്കുവശത്തായി വേലിയേറ്റ-വേലിയിറക്ക സമയങ്ങളിൽ ഏകദേശം ഒന്നരയടിയോളം വെള്ളത്തിന്റെ വ്യത്യാസമാണ് ഉണ്ടാവുന്നത്. ഇതുമൂലം കുട്ടനാട്ടിലെ മിക്കപാടശേഖരങ്ങളിലും കവിഞ്ഞുകയറ്റം, അള്ളുവീഴ്ച തുടങ്ങിയവ മൂലം മടവീഴ്ച ഭീഷണി നേരിടുകയാണ്. ഇതിനുപുറമേ നിലവിലെ സാഹചര്യങ്ങൾ മൂലം പുഞ്ചകൃഷിയുടെ വിതയും അനിശ്ചിതമായി നീണ്ടുപോവുകയാണ്.
വരാനിരിക്കുന്ന വൃശ്ചികമാസത്തിലെ വേലിയേറ്റം ഇതിലും തീവ്രമാകുമെന്നത് കർഷകരുടെ ആശങ്ക വർധിക്കുന്നു. ഈ സാഹചര്യം പരിഗണിച്ചു ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ വേലിയേറ്റസമയത്ത് അടച്ചും വേലിയിറക്ക സമയത്ത് ഉയർത്തിയും വെള്ളം ക്രമീകരിക്കണം.
കുട്ടനാട്ടിലെ ജനങ്ങളെയും നെൽകൃഷിയെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയതായി സമിതി ഭാരവാഹികൾ അറിയിച്ചു.