മുട്ടം പള്ളിയില്‍ സഹൃദയ ഫെസ്റ്റിനു തുടക്കമായി
1477916
Sunday, November 10, 2024 5:21 AM IST
ചേർത്തല: എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തനവിഭാഗമായ സഹൃദയയുടെ വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോനാ പള്ളിയുമായി സഹകരിച്ചു നടത്തുന്ന രണ്ടു ദിവസത്തെ പ്രദർശന വിപണനമേളയ്ക്കു തുടക്കമായി. മുട്ടം ഫൊറോനാ വികാരി റവ.ഡോ.ആന്റോ ചേരാംതുരുത്തി ഉദ്ഘാടനം നിർവഹിച്ചു.
സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അധ്യക്ഷതവഹിച്ചു. ഫാ. ജോസ് പാലത്തിങ്കൽ ആദ്യവില്പന നടത്തി. ഫാമിലി യൂണിറ്റ് വൈസ് ചെയർമാൻ സാബു ജോൺ ഏറ്റുവാങ്ങി. കൈക്കാരൻ സി.ഇ. അഗസ്റ്റിൻ ചെറുമിറ്റത്ത്, സഹൃദയ അസിസ്റ്റൻറ് ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി എന്നിവർ പ്രസംഗിച്ചു.
സ്വയംസഹായ സംഘങ്ങളിലെ വീട്ടമ്മമാർ തയാറാക്കുന്ന ഭക്ഷ്യ വിഭവങ്ങൾ, ധാന്യപ്പൊടികൾ, കറിപ്പൊടികൾ, മാലിന്യ സംസ്കരണ ഉപാധികൾ, കമ്പോസ്റ്റിംഗിനുള്ള പൗഡറുകൾ, സബ്സിഡി ലഭ്യമാക്കി സോളാർ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള അറിവുകൾ തുടങ്ങിയവ പ്രദർശനത്തിൽ ഉൾപ്പെടുന്നു.
ആയുർവേദ കൺസൾട്ടിംഗിനുള്ള സൗകര്യവും അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ നാടൻ ഭക്ഷ്യ വിഭവങ്ങൾ ലഭിക്കുന്ന ഫുഡ് കോർട്ടും പ്രദർശനത്തിന്റെ ഭാഗമാണ്. പ്രദർശനം ഇന്ന് സമാപിക്കും.