നിർമാണം പൂർത്തിയാക്കിയ ഡെന്റല്‍ മെഡി. കോളജ് കെട്ടിടം തകർച്ചയിൽ
1467604
Saturday, November 9, 2024 5:04 AM IST
അമ്പലപ്പുഴ: അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആലപ്പുഴ ഡെന്റല്‍ മെഡിക്കല്‍ കോളജ് കെട്ടിടം കാടുകയറി തകര്‍ച്ചയുടെ വക്കില്‍. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ചില്ലുകളും ജനാലകളും നിലംപൊത്തുമെന്ന അവസ്ഥയിലാണ്.
പഠനമുറികള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, പിജി പഠനമുറികള്‍, എക്സ്റേ സൗകര്യങ്ങള്‍ ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് എട്ടുവര്‍ഷം മുമ്പാണ് കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
ഒറ്റനിലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ പി ജി കോഴ്സിന് അനുമതി ലഭിച്ചില്ല. തുടര്‍ന്നാണ് മറ്റ് രണ്ടു നിലകള്‍ കൂടി നിര്‍മിക്കാന്‍ തീരുമാനിച്ചത്. 2021ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെട്ടിടനിര്‍മാണം ആരംഭിച്ചത്. എന്നാല്‍, മതിയായ തുക ലഭിക്കാത്തതിന്റെ പേരില്‍ കരാറുകാരന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പലപ്പോഴായി നിര്‍ത്തി.
രണ്ടു വര്‍ഷമായി നിര്‍മാണം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. ആലപ്പുഴയ്ക്ക് ഡെന്റല്‍ കോളജ് അനുവദിക്കുമ്പോള്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ സ്വന്തമായി കെട്ടിടം പൂര്‍ത്തിയാകുന്നതുവരെ പ്രവര്‍ത്തിക്കുന്നതിനായി മെഡിക്കല്‍ കോളജിന്റെ തന്നെ മറ്റൊരു കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പിജി കോഴ്സ് ആരംഭിക്കാനുള്ള അനുമതിയും ലഭിച്ചില്ല. യു.ജി ആദ്യ ബാച്ച് പൂര്‍ത്തിയാക്കുമ്പോള്‍ പിജി കോഴ്സുകള്‍ക്കുള്ള അനുമതി ലഭിക്കേണ്ടതാണ്.
സംസ്ഥാനത്തെ ചുരുക്കം ചില മെഡിക്കല്‍ കോളജുകളില്‍ മാത്രമാണ് ബിഡിഎസ് പോസ്റ്റ് ഗ്രാജുവേഷനുള്ള അനുമതിയുള്ളത്. സര്‍ക്കാര്‍ തലത്തില്‍ ആകെ സംസ്ഥാനത്തിനുള്ളത് 70 സീറ്റുകള്‍ മാത്രമാണ്.
തിരുവനന്തപുരം 26, കോട്ടയം 26, കോഴിക്കാേട് 18 എന്നിങ്ങനെയാണ് പിജി കോഴ്സുകളുള്ളത്. സീറ്റുകള്‍ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആലപ്പുഴയിലും പി ജി കോഴ്സുകള്‍ ആരംഭിക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോടെ കെട്ടിടനിര്‍മാണം ആരംഭിച്ചത്.
എന്നാല്‍, വര്‍ഷങ്ങള്‍ പലതു പിന്നിട്ടെങ്കിലും കെട്ടിട്ടനിര്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കാനായിട്ടില്ല. അത്യധുനിക എക്സ്റേ ഉള്‍പ്പെടെയുള്ള സിബിസിടി യന്ത്രവും അനുബന്ധ ഉപകരണങ്ങളും കെട്ടിടത്തിനുള്ളില്‍ എത്തിച്ചെങ്കിലും പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല.
കരാര്‍ വ്യവസ്ഥ പ്രകാരമുള്ള തുക ലഭിക്കാത്തതിന്റെ പേരില്‍ കെട്ടിട നിര്‍മാണത്തിനു പുറമേ ലിഫ്റ്റുകളുടെയും കേന്ദ്രീകൃത എസിയുടെയും നിര്‍മാണപ്രവര്‍ത്തനവും പാതിവഴിയില്‍ ഉപേക്ഷിച്ചമട്ടാണ്.
അവസാനമിനുക്കു പണികള്‍ മാത്രം ബാക്കി നില്‍ക്കെ കെട്ടിടത്തിലേക്ക് ആരും തിരിഞ്ഞുപോലും നോക്കാതെ കാടുകയറി രാത്രി കാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്.
ദേശീയപാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാനകവാടം അടച്ചിട്ടതോടെ മയക്കുമരുന്ന് കച്ചവടക്കാര്‍ക്കും ഈ കെട്ടിടം പ്രിയമാണ്.