ആശ്വാസങ്ങളും വാഗ്ദാനങ്ങളും മാത്രം : പ്രസാദിന്റെ കുടുംബത്തെ സഹായിക്കാൻ ആരുമില്ല
1477906
Sunday, November 10, 2024 5:16 AM IST
ഒരു വർഷം കഴിഞ്ഞിട്ടും സർക്കാർ സഹായമില്ല
അന്പലപ്പുഴ: തന്റെ ജീവിതം പരാജയപ്പെട്ടെന്നു പറഞ്ഞ് ജീവനൊടുക്കിയ നെൽക്കർഷകന്റെ കുടുംബത്തിന് ഒരു വർഷം പിന്നിട്ടിട്ടും സർക്കാർ സഹായമില്ല. തകഴി പഞ്ചായത്ത് കുന്നുമ്മ കാട്ടിൽപ്പറമ്പിൽ പ്രസാദ് മരിച്ചിട്ട് ഒരു വർഷം പിന്നിടുമ്പോഴും കുടുംബം ദുരിതക്കയത്തിൽതന്നെ. കഴിഞ്ഞ വർഷം നവംബർ 11നാണ് പ്രസാദ് വിഷം കഴിച്ച് ജീവനൊടുക്കിയത്. വിവാദമായ ഈ ആത്മഹത്യക്കു ശേഷം കൃഷിമന്ത്രി, ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ പ്രസാദിൻന്റെ വീട്ടിലെത്തി ആശ്വാസവാക്കുകൾ പറഞ്ഞതല്ലാ തെ മറ്റൊന്നും ഉണ്ടായിട്ടില്ല.
2022 ഓഗസ്റ്റ് 27ന് സ്വയംതൊഴിൽ വായ്പയായി 60,000 രൂപ പ്രസാദ് പട്ടികജാതി വികസന വകുപ്പിൽ നിന്ന് എടുത്തിരുന്നു. ഇതിൽ 15,000 രൂപ തിരിച്ചടച്ചു. കുടിശികത്തുക അഞ്ചു ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ ജില്ലാ ഓഫീസിന്റെ അറിയിപ്പ് വന്നതോടെയാണ് പ്രസാദ് ജീവനൊടുക്കിയത്.
കിസാൻ സംഘ് ജില്ലാ പ്രസിഡന്റുകൂടിയായ പ്രസാദിന്റെ മരണ ശേഷം ചലച്ചിത്ര താരം സുരേഷ് ഗോപി പ്രസാദിന്റെ വായ്പത്തുകയും മറ്റ് കടവും വീട്ടാൻ നാലുലക്ഷം രൂപ നൽകി. ഇതോടെ ഈ കുടുംബത്തിന്റെ സാമ്പത്തികബാധ്യത ഇല്ലാതായെങ്കിലും സർക്കാർ സഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും നിത്യച്ചെലവിനുപോലും തങ്ങൾ ബുദ്ധിമുട്ടുകയാണെന്ന് ഭാര്യ ഓമന പറഞ്ഞു.
മകൻ അഥുനിക് തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്. 1.80 ഏക്കർ കൃഷി ഭൂമി പാട്ടത്തിന് കൊടുത്തിട്ടുണ്ടെങ്കിലും കൃഷി നഷ്ടമായതിനാൽ ഇതിൽ നിന്നു കാര്യമായ വരുമാനം ലഭിക്കാറില്ല. പ്രസാദിന്റെ മരണശേഷം കുടുംബത്തെ സഹായിക്കാനുള്ള ഒരു ഉറപ്പും സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് പ്രതിഷേധാർഹമാണെന്ന് കിസാൻ സംഘ് ഭാരവാഹികൾ ആരോപിച്ചു.