ശുചിമുറി മാലിന്യസംസ്കരണത്തിന് മൊബൈല്‍ ട്രീറ്റ്മെന്റ് യൂണിറ്റൊരുക്കി ആലപ്പുഴ നഗരസഭ
1467364
Friday, November 8, 2024 4:54 AM IST
ആലപ്പുഴ: നഗരസഭാ അമൃത് പദ്ധതിയിൽ ഉള്‍പ്പെടുത്തി സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ താക്കോല്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ ഏറ്റുവാങ്ങി.
ട്രയല്‍ റണ്ണിനുശേഷം മൊബൈല്‍ യൂണിറ്റിന്റെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. കക്കൂസ് മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയമായ സംസ്കരണ സംവിധാനത്തിന്റെ അഭാവം നഗരസഭ നേരിടുന്ന പ്രധാന വെല്ലുവിളിയായിരുന്നു.
ഇതിന്റെ പരിഹാരത്തിന്റെ ആദ്യപടിയായി മണിക്കൂറില്‍ 6000 ലിറ്റര്‍ സംസ്കരണ ശേഷിയുള്ള മൊബൈല്‍ യൂണിറ്റാണ് പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. ഈ മാസം തന്നെ ഒരു ലക്ഷം ലിറ്റര്‍ സംസ്കരണ ശേഷിയുള്ള ഒരു മൊബൈല്‍ യൂണിറ്റുകൂടി എത്തുമ്പോള്‍ കക്കൂസ് മാലിന്യ സംസ്കരണത്തിനു നഗരസഭയ്ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും.
മൊബൈൽ യൂണിറ്റിൽ ശുചിമുറി മാലിന്യം സംസ്കരിക്കുന്നതിന് ആവശ്യമായ ട്രീറ്റ്മെന്റ് സംവിധാനം വാഹനത്തിൽ തന്നെ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. ഡൽഹി ആസ്ഥാനമായിട്ടുള്ള വാഷ് ഇൻസ്റ്റിറ്റ്യൂട്ട് രൂപകല്പന ചെയ്ത ടെക്നോളജി ആണ് മൊബൈൽ യൂണിറ്റിൽ പ്രാവർത്തികമാക്കിയിരിക്കുന്നത്.
ട്രീറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഖരമാലിന്യം സംസ്കരണ യൂണിറ്റിൽ കൊണ്ടുവന്നു വളമാക്കുകയാണ് ചെയ്യുന്നത്. നിലവിൽ ശുചുമുറി മാലിന്യം യാതൊരു ട്രീറ്റ്മെന്റ് സംവിധാനവും ഇല്ലാതെ ജലാശയങ്ങളിലേക്ക് ഒഴുക്കുന്നത് തടയുവാൻ മൊബൈൽ യൂണിറ്റുകൾ പ്രാവർത്തികമാകുന്നതോടെ നഗരസഭയ്ക്ക് സാധ്യമാകും.
നഗരസഭ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷരായ എ.എസ്. കവിത, എം. ആര്. പ്രേം കൗണ്‍സിലര്‍മാരായ സലിം മുല്ലാത്ത്, സി. അരവിന്ദാക്ഷന്, ഡെപ്യൂട്ടി സെക്രട്ടറി സുരേഷ്, ഹെല്‍ത്ത് ഓഫീസര്‍ കെ.പി. വര്‍ഗീസ്, നോഡല്‍ ഓഫീസര്‍ സി. ജയകുമാര്‍, അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വാട്ടര്‍ എക്സ്പര്‍ട്ട്മാരായ ജയശ്രീ, അജിന, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണമോഹന് തുടങ്ങിയവര്‍ പങ്കെടുത്തു.