നാഷണൽ ഹൈവേ അഥോറിറ്റി സംഘം കരൂർ പായൽകുളങ്ങരയിൽ സന്ദർശനം നടത്തി
1467638
Saturday, November 9, 2024 5:14 AM IST
അമ്പലപ്പുഴ: കരൂർ - പായൽകുളങ്ങരയിൽ അടിപ്പാത ഉയരപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് ജനകീയപ്രക്ഷോഭം ആരംഭിച്ച സാഹചര്യത്തിൽ നാഷണൽ ഹൈവേ അഥോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ബിപിന്റെ നേതൃത്വത്തിലുള്ള സംഘം കരൂർ പായൽകുളങ്ങരയിൽ സന്ദർശനം നടത്തി. ജനകീയസമിതി ഭാരവാഹികളുമായി ചർച്ച നടത്തി.
പുറക്കാട് അമ്പലപ്പുഴ 4.5 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ അടിപ്പാത അനുവദിച്ചിട്ടില്ലെന്നും മറ്റു പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ ഇടവിട്ട് അനുവദിച്ചിട്ടുണ്ടെന്നും പുറക്കാട് പഞ്ചായത്തിൽ 9.5 കിലോമീറ്റർ ദൂരം രണ്ട് അടിപ്പാത മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും ഇത് വിവേചനമാണെന്നുംചൂണ്ടിക്കാട്ടി. തീരുമാനമുണ്ടായില്ലെങ്കിൽ നിർമാണ പ്രവർത്തനം തടയുമെന്നു ജനകീയസമിതി അധികൃതരെ അറിയിച്ചു.
ആവശ്യമായ പരിശോധനകൾ നടത്തി മേൽനടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഉറപ്പുനൽകിയതായി സമിതി അറിയിച്ചു. ജനകീയ സമിതി ചെയർമാൻ എ.എസ്. സുദർശനൻ, കൺവീനർ എം.ടി. മധു, ജി. ഓമനക്കുട്ടൻ, പി. ബാബു എന്നിവർ പങ്കെടുത്തു.