സർക്കാർ സഹായം നിലച്ചു : തദ്ദേശസ്ഥാപനങ്ങൾ അവതാളത്തിൽ
1477914
Sunday, November 10, 2024 5:16 AM IST
തുറവൂർ: സർക്കാർ സഹായം നിലച്ചതോടെ തദ്ദേശ-സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം സ്തംഭനാവസ്ഥയിൽ. പ്രവർത്തന ഫണ്ടും മറ്റും ഇല്ലാതായതിനെത്തുടർന്ന് പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും നോക്കുകുത്തികൾ ആയിരിക്കുകയാണ്. പഞ്ചായത്തുകളുടെ പ്രവർത്തനം ഏറെക്കുറെ സ്തംഭിച്ച നിലയിലാണ്.
തൊഴിലുറപ്പ് പദ്ധതികൾ മാത്രമാണ് ഇപ്പോൾ പഞ്ചായത്തുകളിൽ നടക്കുന്നത്. മറ്റു യാതൊരുവിധ പദ്ധതികളും നടപ്പിലാക്കുവാനുള്ള സാമ്പത്തിക സഹായവും സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല എന്നുള്ളതാണ് പഞ്ചായത്ത് ഭരിക്കുന്നവരുടെ പരാതി.
തുച്ഛമായ വരുമാനം
കഴിഞ്ഞ രണ്ടു വർഷത്തിലധികമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അവസ്ഥ ഇതാണ്. വീട്ടുകരമുൾപ്പെടെയുള്ളവയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് പഞ്ചായത്തുകൾ നിലനിന്നു പോകുന്നത്. സംസ്ഥാന സർക്കാർ പഞ്ചായത്തുകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും ജില്ലാ പഞ്ചായത്തുകൾക്കുമുള്ള ഫണ്ട് ഭാഗീകമായോ പൂർണമായോ വെട്ടിച്ചുരുക്കുകയും, നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.
ഇതേത്തുടർന്ന് ത്രിതല പഞ്ചായത്തുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ പോലും അവതാളത്തിലായിരിക്കുകയാണ്. പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമീണ റോഡുകളും മറ്റും തകർന്നു തരിപ്പണമായി കിടന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
ഫണ്ട് ഇല്ലാതെ
കാൽനടയാത്രക്കാർക്ക് പോലും നടക്കുവാൻ സാധിക്കാത്ത രീതിയിലാണ് ഗ്രാമീണ റോഡുകൾ തകർന്നു തരിപ്പണമായിരിക്കുന്നത്. വഴിവിളക്കുകളും ഏറെക്കുറെ അണഞ്ഞ അവസ്ഥയാണ്. വഴിവിളക്കുകളിലെ കേടായ ബൾബുകൾ മാറ്റിസ്ഥാപിക്കാൻ പോലും ഫണ്ട് ഇല്ലാത്ത അവസ്ഥയാണ് പഞ്ചായത്തുകൾക്ക് ഉള്ളത്. കാനനിർമാണവും മറ്റും പ്രവർത്തനങ്ങളും ഏറെക്കുറെ നിലച്ച അവസ്ഥയാണ്.
ഇതു മൂലം ജനപ്രതിനിധികളാണ് ഏറ്റം ദുരിതം അനുഭവിക്കുന്നത്. പൊതുജനങ്ങളുടെ പഴി കേട്ട് ജനപ്രതിനിധികളുടെ ജീവിതം ദുരിതപൂർണമായിരിക്കുകയാണ്. സാമ്പത്തീയ പ്രതിസന്ധിയിൽ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറെക്കുറെ അടച്ചുപൂട്ടലിന്റെ വക്കിലാണ്.